15 May 2026 6:08 PM IST
Summary
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഊര്‍ജമേഖലയില്‍ അഞ്ഞൂറ് കോടി ഡോളറിന്റെ വന്‍ നിക്ഷേപ പ്രഖ്യാപനമാണുണ്ടായത്
ഊര്‍ജമേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയും യുഎഇയും ധാരണയിലെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഊര്‍ജമേഖലയില്‍ അഞ്ഞൂറ് കോടി ഡോളറിന്റെ വന്‍ നിക്ഷേപ പ്രഖ്യാപനമാണുണ്ടായത്. ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തിനുമായി യുഎഇ ഈ തുക അനുവദിക്കും.
സുപ്രധാന കരാറുകള്‍
പ്രധാനമന്ത്രി യുഎഇയില്‍ നടത്തിയ ഹ്രസ്വസന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, ഊര്‍ജസംരക്ഷണം, പ്രവാസിക്ഷേമം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാന ചര്‍ച്ചാവിഷയമായി. തുടര്‍ന്നാണ് രണ്ട് പ്രധാന ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്.
ആര്‍ബിഎല്‍ ബാങ്ക്, സമ്മാന്‍ ക്യാപിറ്റല്‍ എന്നിവയിലും ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലുമാണ് യുഎഇ പ്രധാനമായും നിക്ഷേപം നടത്തുക. ഇതിനുപുറമെ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) വിതരണം ചെയ്യുന്നതിനും സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് സംബന്ധിച്ചും പുതിയ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഗുജറാത്തിലെ വടിനാറില്‍ കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കാനുള്ള ധാരണാപത്രവും ഇതിലുള്‍പ്പെടുന്നു.
വിദേശപര്യടനം
അഞ്ചു രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയോടെ യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പ്രധാനമന്ത്രിയെ സ്വീകരിച്ചു. വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചാണ് പ്രധാനമന്ത്രിയുടെ വിമാനത്തെ വിമാനത്താവളത്തിലേക്ക് സ്വീകരിച്ചത്. സന്ദര്‍ശനത്തോടുള്ള ആദരസൂചകമായി വ്യോമസേനാ സ്‌ക്വാഡ്രന്‍ ലീഡര്‍ പ്രത്യേക അനുമതി വാങ്ങിയാണ് അകമ്പടി ഒരുക്കിയത്.
യുഎഇ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
