19 May 2026 3:39 PM IST
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഫിന്‍ലാന്‍ഡ് വിസ ഇനി അത്ര എളുപ്പമല്ല, ഭാഷയും പണവും നിര്‍ബന്ധം
MyFin Desk
Summary
വിമാനം കയറും മുന്‍പുള്ള നിര്‍ബന്ധിത ഭാഷാ പരിശോധന, നിയമപരമായി തന്നെ കര്‍ശനമാക്കിയ വരുമാന പരിധി, സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഒരു തവണയെങ്കിലും കൈപ്പറ്റിയാല്‍ വിസ ഉടനടി റദ്ദാക്കുന്ന സീറോ-ടോളറന്‍സ് നയം എന്നിവ മാറ്റങ്ങളില്‍ പ്രധാനമാണ്
നോര്‍ഡിക് രാജ്യങ്ങളുടെ സ്വപ്നഭൂമിയായ ഫിന്‍ലാന്‍ഡിലേക്ക് ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് ബാഗ് പാക്ക് ചെയ്യുന്നവര്‍ക്കായി ഇതാ ഒരു പ്രധാന വാര്‍ത്ത. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ഫിന്നിഷ് സര്‍ക്കാര്‍ അതീവ കര്‍ശനമായ പുതിയ നിയമപരിഷ്‌കാരങ്ങളുടെ കരട് ബില്‍ പുറത്തിറക്കി. വെറുമൊരു പഠന കേന്ദ്രം എന്നതിലുപരി, ഉയര്‍ന്ന യോഗ്യതയും സാമ്പത്തിക ഭദ്രതയുമുള്ള മികച്ച പ്രതിഭകളെ മാത്രം രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിന്‍ലാന്‍ഡ് ഈ വന്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. വിദ്യാര്‍ത്ഥികള്‍ സ്വന്തം നാട്ടില്‍ നിന്നും തിരിക്കും മുന്‍പ് തന്നെ കടുത്ത സാമ്പത്തിക മാനദണ്ഡങ്ങളും ഭാഷാ പരിശോധനകളും പൂര്‍ത്തിയാക്കേണ്ടി വരും.
ഈ നിയമ പരിഷ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാതല്‍ വിമാനം കയറുന്നതിന് മുന്‍പുള്ള കര്‍ശനമായ ഭാഷാ പ്രാവീണ്യ പരിശോധനയാണ്. കോഴ്‌സുകള്‍ പകുതിക്ക് വെച്ച് ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാനും, അക്കാദമിക് വിസകളെ വെറും തൊഴില്‍ വിസകളാക്കി മാറ്റുന്ന കുറുക്കുവഴികള്‍ക്ക് തടയിടാനുമാണ് ഈ നീക്കം. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സ് ഇംഗ്ലീഷ്, ഫിന്നിഷ്, അല്ലെങ്കില്‍ സ്വീഡിഷ് ഭാഷകളിലാണെങ്കില്‍, ആ അധ്യയന മാധ്യമത്തില്‍ തങ്ങള്‍ക്ക് മികച്ച പ്രാവീണ്യമുണ്ടെന്ന് അപേക്ഷകര്‍ ഔദ്യോഗികമായി തെളിയിക്കണം. ഭാഷാ നിലവാരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഇനിമുതല്‍ ഫിന്നിഷ് മണ്ണില്‍ ഉണ്ടാകില്ല.
യോഗ്യതയില്ലാത്തവരെ തുടക്കത്തിലേ തടയാന്‍ വിമാനം കയറും മുന്‍പുള്ള നിര്‍ബന്ധിത ഭാഷാ പരിശോധന, നിയമപരമായി തന്നെ കര്‍ശനമാക്കിയ വരുമാന പരിധി, സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഒരു തവണയെങ്കിലും കൈപ്പറ്റിയാല്‍ വിസ ഉടനടി റദ്ദാക്കുന്ന സീറോ-ടോളറന്‍സ് നയം എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ കൂടാതെ പങ്കാളിയെയും കുട്ടികളെയും ഒപ്പം കൂട്ടാന്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന കുടുംബ പുനരേകീകരണ നിയന്ത്രണവുമുണ്ട്. ഗുണനിലവാരമുള്ള മികച്ച പ്രതിഭകളെ മാത്രം ആകര്‍ഷിക്കാനുള്ള ഒരു എലൈറ്റ് ഹബ്ബായി നോര്‍ഡിക് രാജ്യമായ ഫിന്‍ലാന്‍ഡ് സ്വയം പുനര്‍നിര്‍മ്മിക്കുകയാണ്. ഈ പുതിയ സാമ്പത്തിക നിയമങ്ങള്‍ വരും വര്‍ഷത്തോടെ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരും.
പഠനത്തോടൊപ്പം പങ്കാളിയെയും കുട്ടികളെയും നോര്‍ഡിക് രാജ്യത്തേക്ക് ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവരുടെ ടൈംലൈനിലും വലിയ മാറ്റങ്ങളുണ്ട്. ഇനി മുതല്‍ പ്രധാന അപേക്ഷകനായ വിദ്യാര്‍ത്ഥിയോടൊപ്പം ഒരേ സമയം കുടുംബത്തിന് റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സാധിക്കില്ല. വിദ്യാര്‍ത്ഥി ഫിന്‍ലന്‍ഡിലെത്തി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തനിച്ച് താമസിച്ച് പഠിക്കണം. അവിടുത്തെ ജീവിതച്ചെലവുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാനും, തന്റെ കുടുംബത്തെ സുരക്ഷിതമായി നോക്കാന്‍ തനിക്ക് സാധിക്കുമെന്ന് തെളിയിക്കാനുമുള്ള ഒരു ബഫര്‍ കാലയളവായാണ് സര്‍ക്കാര്‍ ഈ വണ്‍-ഇയര്‍ റൂള്‍ നടപ്പിലാക്കുന്നത്.
ഈ കടുത്ത നിബന്ധനകള്‍ വലിയ തോതിലുള്ള വിദ്യാര്‍ത്ഥി പ്രവാഹത്തെ തളര്‍ത്തിയേക്കാമെങ്കിലും, എണ്ണത്തേക്കാള്‍ ഗുണനിലവാരത്തിന് മുന്‍ഗണന നല്‍കാനാണ് ഫിന്‍ലാന്‍ഡ് ആഗ്രഹിക്കുന്നത്. വ്യാജ വിദേശ ഏജന്‍സികളുടെ കെണികളില്‍ നിന്നും കടുത്ത വിദ്യാര്‍ത്ഥി കടക്കെണികളില്‍ നിന്നും പ്രവാസികളെ സംരക്ഷിക്കാന്‍ ഈ തന്ത്രം സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
