image

24 Dec 2025 10:21 AM IST

Visa and Emigration

എച്ച്-1ബി വിസ ഫീസ്; ട്രംപിന്റെ നടപടി നിയമാനുസൃതമെന്ന് കോടതി

MyFin Desk

എച്ച്-1ബി വിസ ഫീസ്; ട്രംപിന്റെ നടപടി  നിയമാനുസൃതമെന്ന് കോടതി
X

Summary

ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കനത്ത തിരിച്ചടി


എച്ച്-1ബി വിസ അപേക്ഷാ ഫീസ് 100,000 ഡോളറായി ഉയര്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം നിയമാനുസൃതമാണെന്ന് യുഎസ് കോടതി. ട്രംപ് ഭരണകൂടത്തിന് പുതിയ ഫീസ് ഘടനയുമായി മുന്നോട്ടുപോകാമെന്ന് യുഎസ് ജില്ലാ ജഡ്ജി ബെറില്‍ ഹോവല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിനെതിരായ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വാദം തള്ളിയാണ് ഉത്തരവ്.

എച്ച്-1ബി വിസ പ്രോഗ്രാമില്‍ നിന്ന് പ്രയോജനം നേടിയ ഇന്ത്യന്‍ ഐടി കമ്പനികളെയും പ്രൊഫഷണലുകളെയും ഈ നീക്കം ബാധിക്കും.

എച്ച്-1ബി വിസകളെ ആശ്രയിക്കുന്ന യുഎസ് ടെക്‌നോളജി കമ്പനികള്‍ക്ക് ഈ വിധി കനത്ത തിരിച്ചടിയാണ്. മറുവശത്ത്, ട്രംപ് ഭരണകൂടത്തിന് ഉത്തേജനം നല്‍കുന്നതിനൊപ്പം കുടിയേറ്റ നയങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും ചെയ്യുന്നു.

ചേംബറിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാരില്‍ ജോസഫര്‍ കോടതിവിധിയില്‍ നിരാശ പ്രകടിപ്പിച്ചു.

'കോടതിയുടെ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണ്, കൂടാതെ എച്ച്-1ബി വിസ പ്രോഗ്രാം കോണ്‍ഗ്രസ് ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നിയമപരമായ ഓപ്ഷനുകള്‍ ഞങ്ങള്‍ പരിഗണിക്കുകയാണ്', ജോസഫര്‍ പറഞ്ഞു.

ലോട്ടറി സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് എച്ച്-1ബി വിസകള്‍ നല്‍കുന്നത്. പ്രധാനമായും സാങ്കേതിക വ്യവസായത്തിലാണ് ഇവ ഉപയോഗിക്കുന്നത്. യുഎസ് സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ ഉള്ള കമ്പനികളില്‍ ആമസോണ്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ്, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്നിവ ഉള്‍പ്പെടുന്നു.

ട്രംപിന്റെ പ്രഖ്യാപനത്തെ 19 സംസ്ഥാന അറ്റോര്‍ണി ജനറല്‍മാരുടെ ഒരു സംഘവും ചോദ്യം ചെയ്യുന്നു. എച്ച്-1ബി വിസ പ്രോഗ്രാമിനെ ആശ്രയിക്കുന്ന പൊതുമേഖലയില്‍, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കേന്ദ്രീകരിച്ചാണ് അവരുടെ കേസ്.