image

17 April 2026 3:10 PM IST

Visa and Emigration

ജപ്പാനില്‍ റെസ്റ്റോറന്റ് വിസകള്‍ക്ക് ഹൗസ് ഫുള്‍ ബോര്‍ഡ്; വിദേശ തൊഴിലാളികള്‍ക്കുള്ള വിസ മരവിപ്പിച്ചു

MyFin Desk

ജപ്പാനില്‍ റെസ്റ്റോറന്റ് വിസകള്‍ക്ക് ഹൗസ് ഫുള്‍ ബോര്‍ഡ്; വിദേശ തൊഴിലാളികള്‍ക്കുള്ള വിസ മരവിപ്പിച്ചു
X

Summary

പ്രായമേറുന്ന ആഭ്യന്തര തൊഴിലാളികളും രൂക്ഷമായ തൊഴില്‍ക്ഷാമവും കാരണം വലയുന്ന ജപ്പാനിലെ ഭക്ഷ്യമേഖലയ്ക്ക് സര്‍ക്കാര്‍ തീരുമാനം വലിയൊരു പ്രഹരമാണ്.ഈ വിസ നിയന്ത്രണം മറ്റുമേഖലകളിലും വ്യാപകമാകുമോ എന്ന ആശങ്കയിലാണ് ജപ്പാനിലെ വിദേശ തൊഴിലാളികള്‍


ജപ്പാനിലെ ലോകപ്രശസ്തമായ രുചിയിടങ്ങള്‍ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ടോക്കിയോയിലെയും ഒസാക്കയിലെയും തിരക്കേറിയ റെസ്റ്റോറന്റുകളിലേക്ക് വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള വിസ അപേക്ഷകള്‍ ജാപ്പനീസ് സര്‍ക്കാര്‍ അപ്രതീക്ഷിതമായി നിര്‍ത്തിവച്ചു. ടൈപ്പ് I സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കര്‍' വിഭാഗത്തില്‍ അനുവദിച്ചിരുന്ന 50,000 പേരുടെ പരിധി ഏകദേശം പൂര്‍ത്തിയായതാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍. ഫെബ്രുവരി അവസാനത്തോടെ തന്നെ 46,000-ത്തിലധികം പേര്‍ ഈ ക്വാട്ടയില്‍ നിയമിക്കപ്പെട്ടതോടെ, നിയമപരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഏപ്രില്‍ 13 മുതല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇമിഗ്രേഷന്‍ ഏജന്‍സി തടഞ്ഞു.

പ്രായമേറുന്ന ആഭ്യന്തര തൊഴിലാളികളും രൂക്ഷമായ തൊഴില്‍ക്ഷാമവും കാരണം വലയുന്ന ജപ്പാനിലെ ഭക്ഷ്യമേഖലയ്ക്ക് ഈ തീരുമാനം വലിയൊരു പ്രഹരമാണ്. വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മിടുക്കരായ തൊഴിലാളികളെ ആശ്രയിച്ചിരുന്ന റസ്റ്റോറന്റ് ഉടമകള്‍ക്ക് ഈ വിസ മരവിപ്പിക്കല്‍ വലിയൊരു 'തലവേദന'യായി മാറിയിരിക്കുന്നു. നിലവില്‍ ഈ നിരോധനം താല്‍ക്കാലികമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, വിസ വിന്‍ഡോ എന്ന് വീണ്ടും തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

വിവിധ മേഖലകളിൽ ഉള്ളത് 55000 ഇന്ത്യാക്കാർ

ഈ വിസ നിയന്ത്രണം മറ്റുമേഖലകളിലും വ്യാപകമാകുമോ എന്ന ആശങ്കയിലാണ് ജപ്പാനിലെ വിദേശ തൊഴിലാളികള്‍. ഏകദേശം 55,000 ഇന്ത്യാക്കാരും ജപ്പാനില്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നതായാണ് ഈ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ ജോലിചെയ്യുന്ന ആകെ വിദേശ തൊഴിലാളികള്‍ 23 ലക്ഷം വരും.

രാജ്യത്തെ തൊഴില്‍ വിപണിയില്‍ ജാപ്പനീസ് പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാനും വിദേശ കുടിയേറ്റം സന്തുലിതമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലെ തൊഴില്‍ക്ഷാമം അതീവ ഗുരുതരമാണെന്നും പുതിയ നിയന്ത്രണം അവിടുത്തെ വ്യവസായങ്ങളെ തകര്‍ക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് വിദേശ നിക്ഷേപ മേഖലകളെ അപേക്ഷിച്ച് ഭക്ഷ്യമേഖലയില്‍ വിദേശികള്‍ അതിവേഗം നിയമിക്കപ്പെട്ടതാണ് ക്വാട്ട ഇത്ര വേഗം അവസാനിക്കാന്‍ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

നിലവില്‍ ജപ്പാനില്‍ ടെക്‌നിക്കല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് ഈ സാഹചര്യത്തിലും നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇവര്‍ക്ക് സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കര്‍ പദവിയിലേക്ക് മാറാന്‍ മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും, പുതിയതായി ജപ്പാനിലെ പാചക രംഗത്തേക്ക് വരാനിരിക്കുന്നവര്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. നിലവിലുള്ള തൊഴിലാളികള്‍ കാലാവധി കഴിഞ്ഞ് മടങ്ങുകയോ, കൂടുതല്‍ ഉയര്‍ന്ന 'ടൈപ്പ് II' പദവിയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകള്‍ക്ക് മാത്രമായിരിക്കും ഇനി മുന്‍ഗണന ലഭിക്കുക.