image

24 Dec 2025 12:27 PM IST

Visa and Emigration

H 1B visa lottery:എച്ച് - 1ബി വിസയില്‍ സുപ്രധാന മാറ്റം. ലോട്ടറി സംവിധാനം നിര്‍ത്തലാക്കുന്നു

MyFin Desk

stay in the us even if you have h1b visa lost your job
X

Summary

തൊഴില്‍ വൈദഗ്ധ്യം അടിസ്ഥാനമാക്കി മാത്രം വിസ


എച്ച്.വണ്‍.ബി വിസ നടപടികളില്‍ സുപ്രധാന മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി. ലോട്ടറി സംവിധാനത്തിനു പകരം ഇനി മുതല്‍ തൊഴില്‍ വൈദഗ്ദ്യവും തൊഴിലാളികളുടെ കഴിവും അടിസ്ഥാനമാക്കി ആയിരിക്കും വിസ അനുവദിക്കുക. ഉയര്‍ന്ന വൈദഗ്ദ്യവും വരുമാനവുമുള്ള വിദേശികളെ ലക്ഷ്യമിട്ടാണ് യു.എസ് ഭരണകൂടത്തിന്റെ നടപടിയെന്ന് ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അമേരിക്കന്‍ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും ഈ മാറ്റം വഴിയൊരുക്കും.

എച്ച് വണ്‍ ബി വിസ സംവിധാനത്തില്‍ ക്രമക്കേടുകള്‍ വ്യാപകമായകതിനെതുടര്‍ന്നാണ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലെത്തിയത്. ചില തൊഴില്‍ ദാതാക്കള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തൊഴിലവസരം നല്‍കാതെ എച്ച്.വണ്‍.ബി വിസയിലെത്തുന്നവര്‍ക്ക് കുറഞ്ഞ വേതനം നല്‍കി പണിയെടുപ്പിക്കുന്നതായി സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് വക്താവ് ആരോപിച്ചു.

പുതിയ നയം എങ്ങനെയെന്ന് നോക്കാം....

പുതിയ വിസാ നയം പ്രകാരം വെയിറ്റഡ് പ്രക്രിയയിലൂടെയാകും വിസകള്‍ നല്‍കുക. തൊഴില്‍ വൈദഗ്ദ്യവും ഉയര്‍ന്ന വരുമാനവുമുള്ളവര്‍ക്ക് വിസ ലഭിക്കാനുള്ള സാധ്യത കൂടും. അതേസമയം തൊഴില്‍ ദാതാവിന് വ്യത്യസ്ത വേതന വിഭാഗത്തില്‍ തൊഴിലാളികളെ ജോലിക്ക് വേണ്ടി ആവശ്യപ്പെടാം. പ്രത്യേക തൊഴിലുകള്‍ക്കായി വിദേശികളെ താല്‍ക്കാലികമായി നിയമിക്കാനും ഭേദഗതി യുഎസ് കമ്പനികളെ അനുവദിക്കുന്നു.

പുതിയ നിയമം ഫെബ്രുവരി 27 മുതല്‍ നിലവില്‍ വരും. 2027 സാമ്പത്തിക വര്‍ഷത്തിലെ എച്ച് വണ്‍ ബി ക്യാപ് രജിസ്‌ട്രേഷന് ഇത് ബാധകമാകും. നിലവില്‍ 65,000 എച്ച് വണ്‍ ബി വിസകളാണ് ഓരോ വര്‍ഷവും യു.എസ് നല്‍കി വരുന്നത്. ഒപ്പം യു.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് 2000 വിസകളും അധികമായി നല്‍കുന്നുണ്ട്.

ഇന്ത്യന്‍ തൊഴിലാളികളെ ബാധിക്കുമോ?

എച്ച്- 1ബി വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യന്‍ തൊഴിലാളികളെ ഈ മാറ്റങ്ങള്‍ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ നിയമങ്ങള്‍ പ്രകാരം മധ്യ-കരിയര്‍, എന്‍ട്രി ലെവല്‍ അപേക്ഷകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. യുഎസ് ഗവണ്‍മെന്റ് ഡാറ്റ പ്രകാരം, പ്രതിവര്‍ഷം നല്‍കുന്ന എല്ലാ എച്ച് 1ബി വിസകളുടെയും 70 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്.