23 Jun 2025 3:36 PM IST
'ഗോള്‍ഡന്‍ വിസ' പദ്ധതി; സമ്പന്ന നിക്ഷേപകര്‍ ന്യൂസിലാന്‍ഡിലേക്ക് ഒഴുകുന്നു
MyFin Desk
Summary
വിസയ്ക്കുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചു
ന്യൂസിലാന്‍ഡിന്റെ 'ഗോള്‍ഡന്‍ വിസ' പദ്ധതി ലോകമെമ്പാടുമുള്ള സമ്പന്നരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. വിസാ നിയമങ്ങള്‍ ലക്ഷൂകരിച്ചതും ഗുണകരമായി.
സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനായി ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ മധ്യ-വലതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതിനാല്‍ പുതിയ വിദേശ നിക്ഷേപക കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ന്യൂസിലാന്‍ഡ് വ്യക്തമാക്കി. ഏപ്രിലില്‍ സര്‍ക്കാര്‍ വിസയ്ക്കുള്ള നിയമങ്ങള്‍ ലഘൂകരിച്ചിരുന്നു. ഉയര്‍ന്ന റിസ്‌ക് നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഭാഗത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഫണ്ട് 15 മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറില്‍ നിന്ന് 5 മില്യണ്‍ ന്യൂസിലാന്റ് ഡോളര്‍ ആയി കുറയ്ക്കുകയും ഇംഗ്ലീഷ് ഭാഷാ ആവശ്യകത നീക്കം ചെയ്യുകയും ചെയ്തു.
ഗോള്‍ഡന്‍ വിസാ പദ്ധതിക്ക് കീഴിലുള്ള പുതിയ അപേക്ഷകള്‍ ന്യൂസിലാന്‍ഡ് ബിസിനസില്‍ 845 മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ പുതിയ നിക്ഷേപ സാധ്യതയെ പ്രതിനിധീകരിക്കുന്നതായി കുടിയേറ്റ വകുപ്പ് മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സാങ്കേതിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ ന്യൂസിലാന്‍ഡിന്റെ സമ്പദ് വ്യവസ്ഥ വീണ്ടും ശക്തമായ നിലയിലേക്ക് വരുകയാണ്. ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ന്യൂസിലാന്‍ഡിന്റെ സമ്പദ് വ്യവസ്ഥ വളര്‍ന്നതായി കഴിഞ്ഞ ആഴ്ചത്തെ ഔദ്യോഗിക ഡാറ്റ കാണിക്കുന്നു.