image

13 Jan 2026 10:42 AM IST

Visa and Emigration

Visa-free Transit for Indians Germany:ജര്‍മന്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ യാത്ര ചെയ്യാം

MyFin Desk

Visa-free Transit for Indians Germany:ജര്‍മന്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ യാത്ര ചെയ്യാം
X

Summary

ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന് ജര്‍മ്മനി പ്രഖ്യാപിച്ചു


ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ജര്‍മന്‍ എയര്‍പോര്‍ട്ടുകള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ പ്രത്യേക ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ പ്രത്യേക വിസയില്ലാതെ ജര്‍മന്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാനാകും. ജര്‍മനി-ഇന്ത്യ നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്.

ജനുവരി 12 മുതല്‍ 13 വരെയുള്ള തീയതികളില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രൈഡ്‌റിച്ച് മെഴ്‌സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. മേഴ്‌സ് ചാന്‍സിലറായ ശേഷം നടത്തുന്ന ആദ്യ ഇന്ത്യ സന്ദര്‍ശനവും ആദ്യ ഏഷ്യ സന്ദര്‍ശനവുമാണിത്.

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കോളടിച്ചു

വിസാ ഫ്രീ ട്രാന്‍സിറ്റ് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാന്‍സലര്‍ ഫ്രൈഡ്‌റിച്ച് മെഴ്‌സിനോട് നന്ദി അറിയിച്ചു. ജര്‍മനി പ്രഖ്യാപിച്ച ട്രാന്‍സിറ്റ് വിസ ഇളവ് ഇന്ത്യന്‍ അന്തരാഷ്ട്ര യാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കും. കൂടാതെ ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ദൃഢമാകാന്‍ സാഹചര്യമൊരുങ്ങുമെന്ന് ഇരു നേതാക്കളും പറഞ്ഞു.

പഠനത്തിനും ഗവേഷണത്തിനും ജോലിക്കുമായി ജര്‍മനിയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് ജര്‍മന്‍ സമ്പദ്‌വ്യവസ്ഥക്ക് നല്‍കുന്ന പങ്ക് വളരെ വലുതാണ്. ഇത് കൂടി പരിഗണിച്ചാണ് ജര്‍മനി ഇന്ത്യക്കാര്‍ക്ക് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.