24 Sept 2026 1:55 PM IST
Summary
1962-ല്‍ ജോണ്‍ എഫ്. കെന്നഡി ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് മാക്മില്ലനെ സ്വീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് വിദേശ നേതാവിനെ സൈനിക താവളത്തില്‍ നേരിട്ട് സ്വീകരിക്കുന്നത്
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യുഎസിലെത്തി. വാഷിംഗ്ടണിലെത്തിയ ചൈനീസ് പ്രസിഡന്റിന് രാജകീയ വരവേല്‍പ്പാണ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയത്. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ 100 അടി നീളമുള്ള ചുവന്ന പരവതാനിയിലൂടെ ഷിയെയും ഭാര്യ പെങ് ലിയുവാനെയും ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ട് വരവേറ്റു. യുഎസ്‌ചൈന പതാകകള്‍ പാറിയ വേദിയില്‍ സൈനിക ബാന്‍ഡ് സംഗീതമൊരുക്കുകയും രണ്ട് ആ1 ബോംബര്‍ വിമാനങ്ങള്‍ വ്യോമപ്രദര്‍ശനം നടത്തുകയും ചെയ്തു.
1962-ല്‍ ജോണ്‍ എഫ്. കെന്നഡി ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് മാക്മില്ലനെ സ്വീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് വിദേശ നേതാവിനെ സൈനിക താവളത്തില്‍ നേരിട്ട് സ്വീകരിക്കുന്നത്. 2015ന് ശേഷമുള്ള ഷിയുടെ ആദ്യ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചകള്‍, വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡിന്നര്‍, വ്യോമപ്രദര്‍ശനം എന്നിവ നടക്കും. എഐ, വ്യാപാരം, ഇറാന്‍ യുദ്ധം, തായ്വാന്‍, അപൂര്‍വ ഭൂമിമൂലകങ്ങളുടെ വിതരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, യുഎസ്-ചൈന വ്യാപാര ധാരണ ജനുവരി വരെ നീട്ടിയതായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അറിയിച്ചു. അപൂര്‍വ ഭൂമിമൂലകങ്ങളിലെ നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തുന്നതിന് പകരമായി ചില ചൈനീസ് ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുന്ന കരാര്‍ നവംബര്‍ 10ന് അവസാനിക്കാനിരിക്കുകയായിരുന്നു. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കല്‍, ചൈനീസ് അപൂര്‍വ ഭൂമിമൂലകങ്ങളുടെ ഇറക്കുമതി ഉറപ്പാക്കല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ സമഗ്രമായ വ്യാപാരകരാര്‍ എന്നിവയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.
''എതിരാളികളാകുന്നതിന് പകരം പങ്കാളികളാകണം'' എന്ന സന്ദേശമാണ് ഷി ജിന്‍പിങ് സന്ദര്‍ശനത്തിന് മുന്നോടിയായി നല്‍കിയത്. എന്നാല്‍ തായ്വാനിലേക്കുള്ള യുഎസ് ആയുധവില്‍പ്പന, ചൈനീസ് സബ്‌സിഡികള്‍, അമിത ഉല്‍പ്പാദനം, എഐ ആധിപത്യ മത്സരം എന്നിവ ചര്‍ച്ചകളില്‍ വെല്ലുവിളിയായി തുടരും.
പഠിക്കാം & സമ്പാദിക്കാം
Home
