image

30 Jan 2023 10:15 AM GMT

NRI

ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ഇനി നാട്ടില്‍ തന്നെ പരിശീലനം; തേജസ് പദ്ധതിക്കായി കരാര്‍ ഒപ്പുവച്ചു

Gulf Bureau

uae tejus project
X

Summary

  • ട്രെയിനിംഗ് ഫോര്‍ എമിറേറ്റ്സ് ജോബ്സ് ആന്‍ഡ് സ്‌കില്‍സ് (തേജസ്) എന്ന പദ്ധതിക്ക് കീഴിലാണ് കരാര്‍ നടപ്പിലാക്കുക


ഗള്‍ഫ് മേഖലയിലെ ജോലികള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇനി നാട്ടില്‍തന്നെ പരിശീലനം ലഭിക്കും. വിദഗ്ധ പരിശീലനം നല്‍കുന്ന തേജസ് പദ്ധതിക്കുള്ള കരാര്‍ ഇന്നലെ ദുബായുയില്‍ ഒപ്പുവച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഇന്റര്‍നാഷണലാണ് (എന്‍എസ്ഡിസി) ദുബായിയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളുമായി ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ട്രെയിനിംഗ് ഫോര്‍ എമിറേറ്റ്സ് ജോബ്സ് ആന്‍ഡ് സ്‌കില്‍സ് (തേജസ്) എന്ന പദ്ധതിക്ക് കീഴിലാണ് കരാര്‍ നടപ്പിലാക്കുക. യുഎഇയിലെ തൊഴില്‍ മേഖലക്കും കമ്പനികള്‍ക്കും അനുയോജ്യമായ വിധം ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞവര്‍ഷം നടന്ന ദുബായ് എക്സ്പോയിലാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപനം നടത്തിയത്.

ഈ പ്രഖ്യാപനം നടപ്പിലാക്കലാണ് ഇന്നലെ ദുബായിയില്‍ നടന്നത്. വിഎഫ്എക്സ് ഗ്ലോബല്‍, എഡേക്കോ മിഡില്‍ ഈസ്റ്റ് എന്നീ രണ്ടു സ്ഥാപനങ്ങളുമായാണ് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഇന്റര്‍നാഷണല്‍ ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.

മാനവവിഭശേഷി രംഗത്തെ കൂടുതല്‍ കമ്പനികളുമായി ഇത്തരം ധാരണ രൂപപ്പെടുത്താനാണ് എന്‍എസ്ഡിസിയുടെ ശ്രമം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് തൊഴിലിനായി എത്തുന്നവര്‍ക്ക് നാട്ടിലായിരിക്കും കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക. കൂടാതെ, നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ വൈദഗ്ധ്യം അധികരിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

എല്ലാ രാജ്യങ്ങളിലെയും തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ വിധത്തില്‍ പരിശീലനം നല്‍കുമെന്നാണ് അഡെക്കോ മിഡിലീസ്റ്റ് കണ്‍ട്രി ഹെഡ് മയങ്ക് പട്ടേല്‍ പറയുന്നത്. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങള്‍ വഴിയാകും ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍ നടപ്പിലാക്കുക.