image

19 Jan 2023 9:30 AM GMT

NRI

സൗദിയില്‍ കഫീലിലില്ലാതെ ബിസിനസ് ആരംഭിക്കാമെന്നോ, എന്തെല്ലാം കാര്യങ്ങളാണ് ഇതിനാവശ്യമായിട്ടുള്ളത്?

Gulf Bureau

start a business in Saudi without kafeel
X

Summary

  • രാജ്യത്ത് സ്വന്തം ബിസിനസ്സ് സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനും ആദ്യ ഘട്ടമെന്ന നിലയില്‍ എസ്എജിഐഎ സംരംഭകത്വ ലൈസന്‍സ് സ്വന്തമാക്കണം


വിഷന്‍ 2030 പദ്ധതിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് സൗദി തിരികൊളുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സൗദിയിലെ നിലവിലെ മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.

വിദേശ പൗരന്‍മാര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശമുള്ള ബിസിനസ് ആരംഭിക്കാമെന്നതാണ് ഇതിലെ ഏറ്റവും സവിശേഷവും നമ്മള്‍ പ്രവാസികള്‍ക്ക് ഉപകാരപ്രദവുമായ പദ്ധതി. സൗദിയില്‍ മുമ്പെങ്ങുമില്ലാത്തവിധം ബിസിനസ്സ് അവസരങ്ങളിലേക്ക് ഈ തീരുമാനം വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.

വിഷന്‍ 2030 ന് കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര തന്നെയാണ് സൗദി അടുത്തകാലത്തായി സൃഷ്ടിച്ചിരിക്കുന്നത്.

പുതിയ സംരംഭങ്ങളുടെ ഫലമായി, ലോകബാങ്ക് സൗദിയെ ജി-20യിലെ ഏറ്റവും മികച്ച നാല് പരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ വരെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ രക്ഷാകര്‍തൃത്വത്തിലാണ് നിര്‍ബന്ധിത പ്രാദേശിക പങ്കാളിയില്ലാതെ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.

സൗദിയില്‍ സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദിയിലെ ഒരു പുതിയ കമ്പനി എന്ന നിലയില്‍ എസ്എജിഐഎ (സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി) എന്റര്‍പ്രണര്‍ ലൈസന്‍സ് ആണ് ആദ്യം ഉറപ്പാക്കേണ്ടത്. വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് രാജ്യത്ത് പങ്കാളികളില്ലാതെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണിത്.

കഴിഞ്ഞ വര്‍ഷം, എസ്എജിഐഎ പുറത്തിറക്കിയ പ്രത്യേക സംരംഭക ലൈസന്‍സ് സൗദിക്ക് പുറത്ത് നിന്നുള്ള സംരംഭകര്‍ക്ക് സൗദി അറേബ്യയില്‍ 100% വിദേശ ഉടമസ്ഥതയിലുള്ള കമ്പനി ആരംഭിക്കാന്‍ അനുവാദം നല്‍കും. കഴിഞ്ഞ വര്‍ഷം മാത്രം എസ്എജിഐഎ നല്‍കിയ പുതിയ വിദേശ ബിസിനസ് ലൈസന്‍സുകളുടെ എണ്ണം 70 ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് സ്വന്തം ബിസിനസ്സ് സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനും ആദ്യ ഘട്ടമെന്ന നിലയില്‍ എസ്എജിഐഎ സംരംഭകത്വ ലൈസന്‍സ് സ്വന്തമാക്കണം.

ശേഷം രാജ്യത്തെ അംഗീകൃത ബാങ്കുകളൊന്നില്‍ കമ്പനിയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കണം. കൂടാതെ കമ്പനിയുടെ ഫിസിക്കല്‍ ഓഫീസ് സജ്ജീകരിക്കണം. അതിനോടൊപ്പം, വാണിജ്യ രജിസ്ട്രിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യണം. നികുതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നടപടികളാണ് അതിനു ശേഷം പൂര്‍ത്തിയാക്കേണ്ടത്. ഇത്തരം രജിസ്ട്രേഷന്‍ നടപടികള്‍ക്കെല്ലാം അല്‍പം കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വന്നേക്കാം.