image

13 April 2023 10:41 AM GMT

Europe and US

ശമ്പളം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നു: 70% അമേരിക്കക്കാര്‍ക്കും സാമ്പത്തിക ഞെരുക്കമെന്ന് സര്‍വേ

MyFin Desk

americans employees struggle
X

Summary

  • ഭൂരിഭാഗം അമേരിക്കക്കാരും ശമ്പളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് മൊമന്റീവുമായി ചേര്‍ന്ന് നടത്തിയ സിഎന്‍ബിസിയുടെ സര്‍വേയില്‍ പറയുന്നത്
  • പകുതിയില്‍ കുറഞ്ഞ അമേരിക്കന്‍ യുവാക്കള്‍ക്കു മാത്രമാണ് എമര്‍ജന്‍സി ഫണ്ടുള്ളത്
  • പുരുഷന്മാരെക്കാളും സ്ത്രീകളാണ് സാമ്പത്തിക ഞെരുക്കം ഏറെ പ്രകടിപ്പിച്ചത്


പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, സേവിംഗ്‌സിലെ അപര്യാപ്തത... ഇതെല്ലാം കാരണം അമേരിക്കക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലാവുന്നത് കൂടിവരികയാണെന്ന് സിഎന്‍ബിസി യുവര്‍ മണി ഫിനാന്‍ഷ്യല്‍ കോണ്‍ഫിഡന്‍സ് സര്‍വേ. തങ്ങളുടെ പേഴ്‌സണല്‍ ഫിനാന്‍സിന്റെ കാര്യത്തില്‍ വലിയ ഞെരുക്കത്തിലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 70% പേരും സമ്മതിക്കുന്നു. കോവിഡ് 19 തുടങ്ങിയ ശേഷം തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായെന്ന് 52% പേരും വ്യക്തമാക്കുന്നു.

പലര്‍ക്കും തങ്ങളുടെ ധനം എങ്ങനെ വിനിയോഗം ചെയ്യണമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. സേവിംഗ്‌സിനായി തുക നീക്കിയിരുപ്പില്ലാത്തതും റിട്ടയര്‍മെന്റ് ഫണ്ടിലേക്കായി വഴി തുറക്കാത്തതുമാണ് പലരെയും ആശങ്കയിലാക്കുന്നത്.

പ്രതിസന്ധിയുടെ ഘടകങ്ങള്‍

തങ്ങളുടെ പ്രതിസന്ധിക്ക് പ്രധാന കാരണം പണപ്പെരുപ്പം തന്നെയാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 60% പേരും ഊന്നിപ്പറയുന്നത്. 43 ശതമാനം പേരും സാമ്പത്തിക അസ്ഥിരതയെ കുറ്റപ്പെടുത്തുന്നു. പലിശ നിരക്ക് കൂടിയത് 36 ശതമാനം പേര്‍ പ്രശ്‌നമായി കാണുന്നു. സേവിംഗ്‌സ് ഇല്ലായ്മയാണ് 35 ശതമാനം പേരും ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്‌നം.

ഈയിടെയുണ്ടായ സിലിക്കണ്‍ വാലി ബാങ്കിന്റെയും സിഗ്നേച്ചര്‍ ബാങ്കിന്റെയും തകര്‍ച്ച വലിയ രീതിയില്‍ സാമ്പത്തിക ആത്മവിശ്വാസത്തെ തകര്‍ത്തുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. അമേരിക്കന്‍ ബാങ്കിംഗ് സംവിധാനത്തില്‍ വളരെ ആത്മവിശ്വാസമുണ്ടെന്ന് അറിയിച്ചത് 13 ശതമാനം പേര്‍ മാത്രമാണ്.

ഒരു ശമ്പളം മുതല്‍ അടുത്ത ശമ്പളം വരെ തട്ടിമുട്ടിയുള്ള ജീവിതം. അതുതന്നെയാണ് ഇപ്പോള്‍ കൂടുതല്‍ അമേരിക്കന്‍ യുവാക്കളുടേതുമെന്നാണ് സര്‍വേ പുറത്തുവിടുന്നത്. 58 ശതമാനം പേരും ഈയൊരു അവസ്ഥയിലാണ്. ഒരു ശമ്പളം അവസാനം വരെ എത്തിക്കാന്‍ പാടുപെടും. അടുത്ത ശമ്പളം വരെ പിടിച്ചുനില്‍ക്കാന്‍ പലരും ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ കടം തങ്ങളുടെ സാമ്പത്തിക ഞെരുക്കം കൂട്ടിയെന്ന് 30 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരെക്കാളും സ്ത്രീകളാണ് സാമ്പത്തിക ഞെരുക്കം ഏറെ പ്രകടിപ്പിച്ചത്. 67 ശതമാനം പുരുഷന്മാര്‍ ഞെരുക്കം പ്രകടിപ്പിച്ചപ്പോള്‍, 72 ശതമാനം സ്ത്രീകളാണ് ഞെരുക്കാവസ്ഥയിലാണെന്ന് വ്യക്തമാക്കിയത്.