image

15 March 2023 10:15 AM GMT

NRI

മറ്റു ജിസിസി രാജ്യങ്ങളിലെ പ്രവാസി കുടുംബങ്ങള്‍ക്കും ഇനി സൗദി വിസ

Gulf Bureau

gcc members saudi visa
X

Summary

  • ഇതോടെ നാട്ടില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും സൗദിയിലേക്കുള്ള യാത്ര എളുപ്പമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്


ഉംറക്കും ടൂറിസത്തിനുമായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന സൗദി പുതിയ നീക്കവുമായി രംഗത്ത്. ജിസിസി രാജ്യങ്ങളിലെ വിസയുള്ള പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് ഉംറക്കും ടൂറിസത്തിനുമായി വരാമെന്നാണ് പുതിയ അറിയിപ്പ്.

പുതിയ പ്രഖ്യാപനപ്രകാരം ജിസിസിയില്‍ വിസയുള്ളയാള്‍ക്കൊപ്പം നാട്ടിലുള്ള ബന്ധുക്കള്‍ക്കും ഇനി സൗദിയിലേക്ക് ടൂറിസം വിസ അനുവദിക്കും. സൗദി ടൂറിസം മന്ത്രാലയമാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏത് പ്രൊഫഷന്‍ ജോലി ചെയ്യുന്ന പെര്‍മനന്റ് വിസയുള്ള പ്രവാസികള്‍ക്കും സൗദിയിലേക്ക് ടൂറിസം വിസയില്‍ വരാനാകും. കഴിഞ്ഞ ദിവസമാണ് ഈ പ്രഖ്യാപനമുണ്ടായത്. ഇതിന് പിറകെയാണ് പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും വിസ അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ബന്ധുക്കള്‍ സൗദിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് ജിസിസിയില്‍ വിസയുള്ള പ്രവാസി കൂടെയുണ്ടാകല്‍ നിര്‍ബന്ധമാണെന്നത് മാത്രമാണ് ഇതിനുള്ള നിബന്ധന.

കൂടാതെ കുടുംബാംഗങ്ങള്‍ക്ക് വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ജിസിസി താമസ രേഖയോ സ്ഥിരം വിസയോ ഉള്ള പ്രവാസി സ്വന്തം വിസക്ക് സൗദി ടൂറിസം മന്ത്രാലയ വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കിയിരിക്കണമെന്നും നിബന്ധനയുണ്ട്.

അതിനും ശേഷം മാത്രമാണ് ബന്ധുക്കളുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ അപേക്ഷകന്റെ പാസ്പോര്‍ട്ടിന് ആറ് മാസത്തെയും റസിഡന്‍സി ഐഡിക്ക് മൂന്ന് മാസത്തെയും കാലാവധിയില്ലെങ്കില്‍ വിസ ലഭിക്കില്ലെന്നും അറിയിപ്പുണ്ട്. 300 റിയാലാണ് വിസയുടെ ഫീസായി ഈടാക്കുക. ഇതോടൊപ്പം തന്നെ ആരോഗ്യ ഇന്‍ഷുറന്‍സും ഇവര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

30 ദിവസം സൗദിയില്‍ തങ്ങാന്‍ അനുവാദം നല്‍കുന്ന സിങ്കിള്‍ എന്‍ട്രി വിസ, 90 ദിവസം വരെ രാജ്യത്ത് താമസിക്കാവുന്ന ഒരുവര്‍ഷം സാധുതയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിങ്ങിനെ രണ്ട് തരം ടൂറിസ്റ്റ് വിസകളാണ് സൗദി ഇവര്‍ക്ക് അനുവദിക്കുക.

ഇതോടെ നാട്ടില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും സൗദിയിലേക്കുള്ള യാത്ര എളുപ്പമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല നാട്ടില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് വരാനും സാധിക്കും. ഈ സാഹചര്യത്തിലും ജിസിസില്‍ സ്ഥിര വിസയുള്ള ബന്ധു കൂടെയുണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചാല്‍ മതിയാകും.