image

30 Nov 2022 1:21 PM GMT

Banking

യുഎഇയുടെ പുതിയ ഫാമിലി ബിസിനസ് നിയമം ജനുവരിയോടെ

Agencies

uae family business
X

Summary

  • ഫാമിലി ബിസിനസുകളുടെ സംഭാവന വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം
  • രാജ്യത്തെ 90 ശതമാനം സ്വകാര്യ കമ്പനികളും കുടുംബ ബിസിനസ് സംരംഭങ്ങള്‍
  • കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും പുതിയ നിയമം ബാധകം


അതിവേഗം വികസിക്കുന്ന യു.എ.ഇയുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഫാമിലി ബിസിനസുകളുടെ സംഭാവന വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഫാമിലി ബിസിനസ് നിയമം ജനുവരിയോടെ നടപ്പില്‍ വരുമെന്ന് അധികൃതര്‍. ഫാമിലി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക വഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഫാമിലി ബിസിനസ് നിയമം നടപ്പിലാക്കാനിരിക്കുന്നത്.

വ്യത്യസ്ത എമിറേറ്റുകളിലേക്ക് ഫാമിലി ബിസിനസ് സംരംഭങ്ങളെ ആകര്‍ഷിക്കുകയാണ് ഇതിനുള്ള പ്രധാന പോംവഴി. അതിനാവശ്യമായ രീതിയില്‍ തന്നെയാണ് പുതിയ ഫാമിലി ബിസിനസ് നിയമം ആവിഷ്‌കരിച്ചിട്ടുള്ളതെന്നാണ് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കുന്നത്.

രാജ്യത്തെ 90 ശതമാനം സ്വകാര്യ കമ്പനികളും കുടുംബ ബിസിനസ് സംരംഭങ്ങളായതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ ഈ നിയമത്തിന്റെ സ്വാധീനം വളരെ വലുതായിരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ് വ്യക്തമാക്കി.

അബൂദബിയില്‍ നടന്ന പുതിയ ഫാമിലി ബിസിനസ് നിയമത്തെക്കുറിച്ചുള്ള മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് യു.എ.ഇയിലേത്. അതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള ഫാമിലി ബിസിനസുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും രാജ്യത്ത് തങ്ങളുടെ കമ്പനികള്‍ സ്ഥാപിച്ച് വിജയകരമായി മുന്നോട്ടുപോവാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നും അല്‍ സാലിഹ് കൂട്ടിച്ചേര്‍ത്തു.

പ്രോപ്പര്‍ട്ടി, റീട്ടെയില്‍, വ്യാപാരം, ടൂറിസം, വ്യവസായം, സാങ്കേതികവിദ്യ, ഷിപ്പിങ്, ലോജിസ്റ്റിക്സ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെല്ലാം ഫാമിലി ബിസിനസ്സ് സംരംഭങ്ങള്‍ മുഖ്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുഫാമിലി ബിസിനസുകളുടെ സംഭാവന വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം

2032 ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 320 ബില്യണ്‍ ഡോളറായി കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളുടെ സംഭാവന വര്‍ധിപ്പിക്കാനാണ് പദ്ധതി.

150 ബില്യണ്‍ ദിര്‍ഹം (40.84 ബില്യണ്‍ ഡോളര്‍) വിപണി മൂല്യവും 18 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക വരുമാനവുമുള്ള 200 ഫാമിലി ബിസിനസ് പ്രോജക്ടുകളെ 2030 ഓടെ വലിയ കമ്പനികളാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്ത് നിലവിലുള്ള എല്ലാ കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും കുടുംബ ബിസിനസിലെ ഭൂരിഭാഗം ഷെയറുകളുടെ ഉടമകള്‍ക്കും പുതിയ നിയമം ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, വാര്‍ഷിക ലാഭത്തിന്റെ വിതരണം, ബിസിനസ്സിലെ പങ്കാളികളുടെ എണ്ണം എന്നിവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. ബിസിനസ്സ് പങ്കാളിയുടെ മരണം, മരിച്ചയാളുടെ ഓഹരി കൈമാറ്റം, അംഗത്തിന്റെ പാപ്പരത്വം എന്നിങ്ങനെ ഫാമിലി ബിസിനസ്സ് സമഗ്രമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കൂട്ടം സംവിധാനങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍കൊള്ളുന്നത്.