15 Feb 2023 12:00 PM IST
Summary
- മൂന്നാമതുള്ള കുവൈത്തിന് തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ 22.2 ശതമാനം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്
പ്രവാസ ലോകത്തെ നിറസാനിധ്യമാണ് ഇന്ത്യക്കാര്‍. പ്രത്യേകിച്ച് മലയാളിളാണ് ജിസിസി രാജ്യങ്ങളിലുള്ള ഇന്ത്യക്കാരിലേറെയും. എല്ലാ തൊഴില്‍ മേഖലയിലും മലയാളികളുടേയും ഇന്ത്യക്കാരുടേയും സാന്നിധ്യം ചില്ലറയല്ല.
കുവൈത്ത് തൊഴില്‍ വിപണിയിലേയും സ്ഥിതി മറിച്ചല്ല. കുവൈത്തിലെ പകുതിയിലേറെ തൊഴിലാളികളും ഇന്ത്യയില്‍നിന്നും ഈജിപ്തില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കുവൈത്തി പൗരന്മാര്‍ക്ക് വെറും മുന്നാം സ്ഥാനം മാത്രമാണ് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ കണക്കുകളില്‍ ലഭിച്ചിട്ടുള്ളത്.
കുവൈത്തില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലായി ആകെ 19,70,719 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍തന്നെ 24.1 ശതമാനം തൊഴിലാളികളും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം 23.6 ശതമാനവുമായി ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
മൂന്നാമതുള്ള കുവൈത്തിന് തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ 22.2 ശതമാനം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യക്കാരായ 4,76,335 തൊഴിലാളികളാണ് നിലവില്‍ കുവൈത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ കുടുംബത്തോടൊപ്പം താമസിക്കാനും ഗാര്‍ഹിക ജോലിക്കായും എത്തിയവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.
ആകെ 120 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ താമസിക്കുന്നുണ്ടെങ്കിലും വിദേശികളിലെ 90 ശതമാനവും ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, സിറിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനിടെയാണ് കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
