image

24 Jan 2023 10:00 AM GMT

NRI

സംശയം തോന്നുന്ന പണമിടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശം

Gulf Bureau

kuwait central bank fake transactions
X

Summary

  • സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.


അനധികൃത പണമിടപാടുകള്‍ക്കെതിരെ കുവൈത്തില്‍ നടപടികള്‍ ശക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ നിയമവിരുദ്ധ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെയാണ് ശക്തമായ നടപടികളെടുക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ പണമിടപാടുകളില്‍ സൂക്ഷമത പുലര്‍ത്തണം. സംശയാസ്പദമായ പണമിടപാടുകളുടെ വിവരങ്ങള്‍ സുരക്ഷാ അധികാരികളുമായോ കേന്ദ്ര ബാങ്കുമായോ പങ്ക് വെയ്ക്കണമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് എന്നിവക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അടുത്ത പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എക്‌സ്‌ചേഞ്ച് കമ്പനികള്‍ ഇത്തരത്തില്‍ സംശയാസ്പദമായ വിവരങ്ങള്‍ കേന്ദ്രബാങ്കിന് കൈമാറണം.

റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളുമായി രാജ്യത്തിനകത്ത്നിന്ന് ഇടപാടുകള്‍ നടത്തിയവരുടെ വിവരങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിങ്ങനെ സംശയകരമായ ഇടപാടുകള്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ സംശയിക്കാവുന്ന പണമിടപാട് കേസുകളുടെ എണ്ണം എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

ഉപഭോക്താക്കളുടെ വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനെ വിവരം അറിയിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിക്കുന്നുണ്ട്.

ഉപഭോക്താക്കളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലും കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ പേരിലും പണം അയക്കുന്നതിനെതിരെയും മുന്‍പുതന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത വ്യക്തിയില്‍ വന്നുചേരും. അതിന്റെ ഉത്തരവാദിത്തവും അവര്‍ തന്നെ ഏറ്റെടുക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.