image

16 March 2023 5:30 AM GMT

NRI

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണവുമായി കുവൈത്ത്

Gulf Bureau

kuwait with restrictions on granting driving license to expatriates
X

Summary

  • ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികള്‍ക്കെതിരായ നടപടികളും രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്


വിദേശികള്‍ക്കും പ്രവാസികള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കുവൈത്ത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ഇതിനായി പുതിയ നിയമങ്ങള്‍ തയ്യാറാക്കുന്നതായി പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ ചട്ടങ്ങള്‍ ട്രാഫിക് വിഭാഗം നേരിട്ട് തയ്യാറാക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം പുതിയ നിര്‍ദേശങ്ങള്‍ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും കുവൈത്ത് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥയില്‍ പ്രധാനമായും പറയുന്നത്. ചില പ്രത്യേക തൊഴിലുകള്‍ക്ക് മാത്രമേ രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും പുതിയ ചട്ടത്തിലുള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

കൂടാതെ ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികള്‍ക്കെതിരായ നടപടികളും രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് രണ്ടു വര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ എങ്കിലും ശമ്പളവും, ബിരുദവുമുള്ള പ്രവാസികള്‍ക്കാണ് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അനുമതിയുള്ളത്.

ലൈസന്‍സിന് അപേക്ഷിക്കുന്ന സമയത്ത് ഉണ്ടായിരുന്ന യോഗ്യതകള്‍ പിന്നീട് നഷ്ടപ്പെടുകയാണെങ്കില്‍ അനുവദിച്ച ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടുകയും ചെയ്യും.

ഇത്തരക്കാര്‍ ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ ഇവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതടക്കമുള്ള നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും ഉടന്‍ രാജ്യത്ത് നടപ്പിലാക്കുമെന്നാണ് സൂചന.