image

20 March 2023 9:00 AM GMT

NRI

റമദാന്‍ വിപണികള്‍ സജീവമാകുന്നു; വില വര്‍ധന തടയാന്‍ നടപടികള്‍ കടുപ്പിച്ച് കുവൈത്ത്

Gulf Bureau

ramadan markets kuwait
X

Summary

  • വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിപണിയില്‍ റമദാന്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധനകളും നടപടികളും ആരംഭിച്ചിട്ടുണ്ട്.


റമദാന്‍ തൊട്ടടുത്തെത്തിയതോടെ കുവൈത്തില്‍ വാണിജ്യ വിപണികളും സജീവമായിരിക്കുകയാണ്. അതേസമയം വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിപണിയില്‍ റമദാന്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധനകളും നടപടികളും ആരംഭിച്ചിട്ടുണ്ട്.

റമദാനില്‍ വിപണികളില്‍ കച്ചവടം ഉയരുന്നത് മുന്‍കൂട്ടി കണ്ടാണ് ആവശ്യ സാധനങ്ങള്‍ക്കടക്കം വില കച്ചവടക്കാര്‍ അനധികൃതമായി വില വര്‍ധിപ്പിക്കുന്നത്. ഇത് തടയാനാണ് കടുത്ത നടപടികള്‍ രാജ്യം കൈകൊള്ളുന്നത്.

കഴിഞ്ഞ ദിവസം ഷുവൈഖ് പ്രദേശത്തെ മാംസ-ഈത്തപ്പഴ വിപണിയിലെ നിരവധി സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം വ്യാപകമായി പരിശോധന നടത്തിയിരുന്നു.

ആവശ്യം വര്‍ധിക്കുന്ന റമദാന്‍ മാസത്തില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈകൊള്ളുമെന്നാണ് പരിശോധനാ സംഘത്തിന്റെ തലവന്‍ ഫൈസല്‍ അല്‍ അന്‍സാരി അറിയിച്ചിരിക്കുന്നത്.

അവശ്യ സാധനങ്ങലെല്ലാം നിലവില്‍ രാജ്യത്തെ വിപണയില്‍ ലഭ്യമാണെന്നും അടുത്ത ദിവസങ്ങളിലും രാജ്യത്തെ വിവിധ വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

റമദാന്‍ മാസത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങളുടേയും അവശ്യ ഭക്ഷ്യ വസ്തുക്കളുടേയും ലഭ്യത ഉറപ്പാക്കുകയായാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

നിലവില്‍ കടകളില്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉത്പന്നങ്ങുടെ മേല്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ അനുവാദമുള്ളു. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കാനാണ് തീരുമാനം.

മാത്രമല്ല ഈ മേഖലയില്‍ നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെയും കച്ചവടക്കാരുടേയും വിലാസമടക്കമുള്ള വിശദവിവരങ്ങള്‍ കുവൈത്ത് വാണിജ്യ പ്രോസിക്യൂഷന് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.