image

27 Feb 2023 11:30 AM IST

NRI

ദുബായ് നഗരത്തില്‍ കൂടുതല്‍ റോഡ് പദ്ധതികള്‍; ഈ വര്‍ഷം നാല് പുതിയ റോഡുകള്‍ കൂടി

Gulf Bureau

ദുബായ് നഗരത്തില്‍ കൂടുതല്‍ റോഡ് പദ്ധതികള്‍; ഈ വര്‍ഷം നാല് പുതിയ റോഡുകള്‍ കൂടി
X

Summary

  • ദുബായ് നഗരത്തില്‍ കൂടുതല്‍ റോഡ് പദ്ധതികള്‍; ഈ വര്‍ഷം നാല് പുതിയ റോഡുകള്‍ കൂടി


അതിവേഗം വികസിക്കുന്ന ദുബായ് നഗരത്തില്‍ വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ നഗരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്കായി പുതിയ റോഡ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

ഈ വര്‍ഷം തന്നെ നാല് സുപ്രധാന റോഡ് പദ്ധതികളാണ് ദുബായിയില്‍ ഒരുങ്ങുന്നത്. നഗരത്തിന്റെ ഗതാഗത ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനായി ദുബായ് റോഡ് ഗതഗാത അതോറിറ്റിയാണ് പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുക.

അമിത തിരക്കുള്ള സമയങ്ങളിലും മറ്റും ട്രാഫിക് കുരുക്കുകളില്‍ പെടുന്നത് ഒഴിവാക്കാനും ഗതാഗതം എളുപ്പമാക്കാനും പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അടുത്തിടെയാണ് റാസല്‍ഖോര്‍, നാദ് അല്‍ ഹമര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം റോഡ് ഗതഗാത അതോറിറ്റി (ആര്‍ടിഎ) തുറന്നത്. ശൈഖ് റാശിദ് ബിന്‍ സഈദ് ഇടനാഴി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതു നിര്‍മിച്ചത്.

പുതിയ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ റാസല്‍ ഖോര്‍ റോഡില്‍ മണിക്കൂറില്‍ 10,000 വാഹനങ്ങള്‍ക്ക് ഒരേ സമയം ഓടാന്‍ സാധിക്കും. ഈ റൂട്ടിലെ യാത്രാസമയം 20 മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റായി കുറയുകയും ചെയ്യും. ഇതുകൂടാതെ മറ്റു നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

അമിത തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ശൈഖ് സായിദ് റോഡ് മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ നീളുന്ന ഹെസ്സ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.

മര്‍ഗം, ലഹ്ബാബ്, അല്‍ ലിസൈലി, ഹത്ത എന്നീ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കായുള്ള റോഡ് ശൃംഖലയുടെ നിര്‍മാണവും ഇവയോടൊപ്പം പുരോഗമിക്കുന്നുണ്ട്. ഈ പദ്ധതി 2023 അവസാനത്തോടെയാണ് പൂര്‍ത്തിയാവുക.

ലഹ്ബാബ് പദ്ധതിയില്‍ നാലു കിലോമീറ്റര്‍ നീളമുള്ള റോഡാണ് നിര്‍മ്മിക്കാനിരിക്കുന്നത്. അല്‍ ലിസൈലിയിലെ ഇന്റേണല്‍ റോഡ് ഏഴ് കിലോമീറ്റര്‍ നീളത്തിലാണ് ഒരുങ്ങുക. ഇത് 3000 താമസക്കാര്‍ക്ക് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ഹത്തയില്‍ പുതുതായി രണ്ടു കിലോമീറ്റര്‍ റോഡും പദ്ധതിയിലുണ്ട്.

ആയിരക്കണക്കിന് താമസക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍, സ്‌കൈഡൈവ് ദുബായ്ക്ക് സമീപമുള്ള ദുബായ്-അല്‍ഐന്‍ റോഡ് മേഖലയില്‍ എട്ട് കിലോമീറ്റര്‍ നീളത്തിലുള്ള റോഡിന്റെ നിര്‍മ്മാണമാണ് മര്‍ഗമില്‍ പ്രഖ്യാപിച്ച പദ്ധതി.