image

13 Dec 2022 10:00 AM GMT

NRI

ലക്ഷ്യമിട്ടത് 12 ലക്ഷം പേരെ, ഇതുവരെയെത്തിയത് 8 ലക്ഷം; ലോകകപ്പിലെ ഖത്തറിന്റന്റെ നേട്ടമിങ്ങനെ

MyFin Bureau

quatar world cup aiming
X

Summary

  • ലോകകപ്പ് തുടങ്ങിയതിന് ശേഷം ഇതുവരെ ഖത്തറിലെത്തിയ സന്ദര്‍ശകരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്
  • രണ്ടു സെമി ഫൈനലുകളും ഒരു ഫൈനലും ശേഷിക്കെയാണ് ഇത്രയുമാളുകള്‍ ഖത്തറിലെത്തിയിരിക്കുന്നത്.


22,000 കോടി ഡോളര്‍ മുടക്കി ഫിഫ ലോകകപ്പിനായി ഖത്തര്‍ ഒരുങ്ങിയപ്പോള്‍ ഒരു ചോദ്യമുണ്ട്, ഖത്തറിന്റെ നേട്ടമെന്ത്?. അത്രയും മുടക്കണമെങ്കില്‍ അതിനു പിന്നില്‍ എന്തെങ്കിലും ഖത്തര്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടാകുമെന്നാണ് ധനകാര്യ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ഖത്തറിന്റെ ലക്ഷ്യം സാധൂകരിക്കുന്നതാണ്.

ലോകകപ്പിനോടനുബന്ധിച്ച് 12 ലക്ഷം ആളുകള്‍ ഖത്തറിലെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലുമധികം പേരാണ് ലോകകപ്പ് അവസാനത്തോടടുക്കുമ്പോഴേക്ക് ഈ കൊച്ചു അറബ് രാജ്യം സന്ദര്‍ശിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ പറയുന്നത്.

ലോകകപ്പ് തുടങ്ങിയതിന് ശേഷം ഇതുവരെ ഖത്തറിലെത്തിയ സന്ദര്‍ശകരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്. അതിനിടയിലെ അവധി ദിനങ്ങളും കൂടി കണക്കിലെടുത്താല്‍ സന്ദര്‍ശകരുടെയും വിനോദസഞ്ചാരികളുടേയും എണ്ണം പ്രതീക്ഷിച്ചതിലും അധികമാകാനാണ് സാധ്യത.

ഖത്തര്‍ അധികാരികള്‍ ഉദ്ദേശിച്ചതിലും, ആഗ്രഹിച്ചതിലും മികച്ച രീതിയിലാണ് ടൂര്‍ണമെന്റ് മുന്നോട്ടു പോകുന്നതെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എല്ലാവരില്‍ നിന്നും മികച്ച അഭിപ്രായം ലഭിച്ചതും അഭിമാനകരമാണെന്നാണ് ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍ പറയുന്നത്.

വരും ദിവസങ്ങളില്‍ സന്ദര്‍ശകര്‍ പത്തുലക്ഷം കടക്കും. കാണികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഖത്തര്‍ ഒരുക്കിയ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും വലിയ മതിപ്പാണ് എല്ലാവരിലുമുണ്ടാക്കിയിരിക്കുന്നത്. ഇത്രയും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും യാത്രാ സൗകര്യങ്ങളോടെയും മറ്റൊരു ലോകകപ്പും അനുഭവിച്ചിട്ടില്ലെന്നാണ് മുന്‍ ലോകകപ്പുകളിലും കാഴ്ചക്കാരായവര്‍ ഖത്തറിലെത്തിയപ്പോള്‍ പറയുന്നത്.

ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ എണ്ണത്തിലും റെക്കോഡിടാനും ഖത്തര്‍ ലോകകപ്പിന് സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടെലിവിഷന്‍ കവറേജ് ഗണ്യമായി ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു.

ഖത്തറിന്റെ മാര്‍ക്കറ്റിംഗ്

ഖത്തറിനെ ലോകവിപണിക്കു മുന്നില്‍ മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു വമ്പന്‍ ഒരുക്കത്തിനു പിന്നിലെ പ്രധാന ലക്ഷ്യം. സ്വന്തം സംസ്‌കാരം വിളിച്ചോതുന്നതും സമ്പന്നമായ വികസന പദ്ധതികളെ ചൂണ്ടിക്കാട്ടുന്നതും ടൂറിസം സാധ്യതകള്‍ വെളിപ്പെടുത്തുന്നതുമായ പരിപാടികള്‍ അനുബന്ധമായി സംഘടിപ്പിച്ചു. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സൗജന്യ ടൂര്‍ പോലും സംഘടിപ്പിച്ചിരുന്നു. മരുഭൂിയിലെ ടെന്റ് ടൂറിസം അടക്കം വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കാനും ഖത്തര്‍ പ്രത്യേകം ശ്രദ്ധിച്ചു.

അപ്രതീക്ഷിതമായി ഉദ്ഘാടന മത്സരത്തിനെത്തിയവര്‍ക്കെല്ലാം സമ്മാനക്കിറ്റ് നല്‍കിയതും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒപ്പം, അംഗവൈകല്യമുള്ളവരെയും പിന്നോക്കക്കാരെയും ചേര്‍ത്തുപിടിക്കുന്നുവെന്ന സന്ദേശം നല്‍കാനും ഖത്തറിന് സാധിച്ചു. ഇതിലൂടെയെല്ലാം ഖത്തര്‍ എന്ന വലിയ ഉത്പന്നത്തെ മാര്‍ക്കറ്റ് ചെയ്യുക കൂടിയായിരുന്നു സംഘാടകര്‍.

വികസനത്തിന്റെ സുസ്ഥിര മാതൃക

ടൂര്‍ണമെന്റിന് ശേഷം പ്രേതാലയങ്ങളാവുന്ന സ്റ്റേഡിയങ്ങളുടെ കഥയല്ല ഖത്തറിനുള്ളത്. സുസ്ഥിര വികസന പദ്ധതികളാണ് ഖത്തര്‍ അതിലും കാഴ്ചവെച്ചത്. മത്സരത്തിനു ശേഷം വളരെ എളുപ്പത്തില്‍ പൊളിച്ചുമാറ്റി പുനരുപയോഗിക്കാവുന്ന 974 എന്ന സ്റ്റേഡിയം ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. 974 കണ്ടെയ്നറുകള്‍ കൊണ്ടാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്.

എങ്കിലുമുണ്ട് ചോദ്യങ്ങള്‍

സ്റ്റേഡിയങ്ങള്‍, മെട്രോ, വമ്പന്‍ ഹോട്ടല്‍ സമുച്ചയങ്ങള്‍, വിമാനത്താവളം... ഇങ്ങനെ ലോകകപ്പ് അതിഥികളെ മാത്രം മുന്നില്‍ കണ്ടുള്ള നിര്‍മാണങ്ങളുടെ ഭാവി എന്താണെന്ന് കണ്ടറിയണം. കളി കഴിയുന്നതോടെ ഇതൊക്കെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. സ്റ്റേഡിയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകാനും വമ്പന്‍ പണച്ചെലവുണ്ട്. ലോകകപ്പ് കഴിഞ്ഞാലും ഖത്തറിലേക്ക് ആളുകളെത്തുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.