image

25 Jan 2023 9:30 AM GMT

NRI

ദ ലൈന്‍- മണലില്‍ ഒരു കണ്ണാടി വര; നിയോം നഗരം വികസിക്കുകയാണ്

Gulf Bureau

the city of neom is expanding faster than thought
X

Summary

  • വിഷന്‍ 2030ന് കീഴില്‍ സൗദി മാറുകയാണ്


സൗദി അറേബ്യയുടെ മരുഭൂകാട്ടിലൂടെ ചെങ്കടല്‍ തീരം വരെ, 500 ബില്യണ്‍ ഡോളര്‍ മുതല്‍ ുടക്കില്‍ നിര്‍മിക്കുന്ന അത്ഭുത പദ്ധതിയായ നിയോം മെഗാ പ്രോജക്ടിലെ പ്രധാന സംരംഭം 'ദ ലൈന്‍' നഗര നിര്‍മ്മാണം അതിവേഗം വികസിക്കുന്നതായി സൂചന. ഏറ്റവും അവസാനമായി പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളാണ് സൗദിയുടെ സ്വപ്ന പദ്ധതിയുടെ വികസന വഴികള്‍ കാണിക്കുന്ന വിദൂര കാഴ്ചകള്‍ സമ്മാനിക്കുന്നത്.

200 മീറ്റര്‍ വീതിയില്‍, 500 മീറ്റര്‍ ഉയരത്തില്‍ 170 കിലോമീറ്റര്‍ നീളത്തിലാണ് ഇരു പാര്‍ശ്വങ്ങളും കണ്ണാടി മതിലിനാല്‍ അതിര് തീര്‍ക്കുന്ന ദ ലൈന്‍ നഗരം ഒരുങ്ങുന്നത്. സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായി ചെങ്കടല്‍ തീരത്തേക്കാണ് റോഡുകളും ഇന്നത്തെ രീതിയിലുള്ള വാഹനങ്ങളുമില്ലാത്ത ആധുനിക നഗരം നീണ്ടുകിടക്കുന്നത്.

മെഗാ പദ്ധതിയുടെ എഞ്ചിനീയറിംഗിനും തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കുമെല്ലാമായി ഓഫീസുകളും ക്യാമ്പ്‌സൈറ്റും സജ്ജീകരിക്കുന്നതുള്‍പ്പെടെയുള്ള, ആകാശ കാഴ്ചകള്‍ ദി ലൈനിലെ നിര്‍മാണ പുരോഗതികള്‍ കാണിക്കുന്നുണ്ട്.

രണ്ട് ഡസനിലധികം ബുള്‍ഡോസറുകളും മറ്റു നിര്‍മ്മാണ വാഹനങ്ങളും മരുഭൂമിക്ക് കുറുകെ ഒരു നീണ്ട ലൈന്‍ ഡ്രെഡ്ജ് ചെയ്യുന്നതും ഫൂട്ടേജുകളില്‍ വ്യക്തമാണ്. ഭീമാകാരമായ ഒരു നഗരം തന്നെയാണ് മണല്‍ക്കാട്ടില്‍ വികസിക്കുന്നത്.

പൂര്‍ണമായും പ്രകൃതി സൗഹൃദാന്തരീക്ഷം ഉറപ്പു നല്‍കി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ഒരുങ്ങുന്ന അത്യാധുനിക താമസസൗകര്യങ്ങള്‍ ഉള്‍കൊള്ളുന്ന നഗരത്തില്‍, ഒമ്പത് ദശലക്ഷം ആളുകള്‍ക്കാണ് താമസ സൗകര്യം ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ഗ്രീന്‍ സ്‌പെയ്‌സുകള്‍ എന്നിങ്ങനെയുള്ള എല്ലാ ദൈനംദിന അവശ്യ സേവനങ്ങളിലേക്കും കേവലം അഞ്ച് മിനിറ്റിനുള്ളില്‍ നടന്നെത്താമെന്നതാണ് പെട്രോളിയം വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത നഗരത്തിന്റെ മറ്റൊരു സവിശേഷത.

അതിവിശാലമായ നിയോം പദ്ധതിക്ക് കീഴിലാണ് ദ ലൈന്‍ നഗരം പിറവിയെടുക്കുന്നത്. അതിനാല്‍ തന്നെ നഗര നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന ലൈനിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗൈല്‍സ് പെന്‍ഡില്‍ടണിന്റെ വാക്കുകള്‍ ശരിവക്കുന്ന തരത്തിലാണ് പുതിയ ചിത്രങ്ങള്‍ പുറതത്തുവരുന്നത്.

ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളും മികച്ച ഉദ്യോഗസ്ഥരുമാണ് നഗരത്തിന്റെ ഓരോ നിര്‍മ്മാണ ഘട്ടത്തിലും താമസ കേന്ദ്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്.

എഞ്ചിനീയര്‍മാരുമായും കരാറുകാരുമായും കൃത്യമായി ആശയവിനിമയം നടത്തിയും ചര്‍ച്ച ചെയ്തും എല്ലാ ദിവസവും നിയോം നഗര നിര്‍മ്മാണ മേഖല സന്ദര്‍ശിച്ചുമാണ് അധികാരികള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

2022 ന്റെ ആദ്യ പാദത്തിലാണ് ദ ലൈനിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അതിനൂതന ഗതാഗത-അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി Aecom, Bechtel തുടങ്ങിയ പ്രഗല്‍ഭരായ അമേരിക്കന്‍ നിര്‍മ്മാണ കമ്പനികളുമായാണ് നിയോം അധികാരികള്‍ കരാറുകള്‍ ഒപ്പുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയതും അതി സങ്കീര്‍ണ്ണവുമായ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഇതിനെ എല്ലാവരും കണക്കാക്കുന്നത്.

നിയോമിന് കീഴില്‍ തന്നെ പിറവിയെടുക്കുന്ന സിന്‍ഡല ദ്വീപ്, ട്രോജെന, ഓക്‌സാഗന്‍ തുടങ്ങിയ പ്രോജക്റ്റുകളും അതിവേഗ വികസന വഴിയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷന്‍ 2030ന് കീഴില്‍ സൗദി മാറുകയാണ്. ഇനി എണ്ണപ്പണം മാത്രമല്ല, വിനോദ കേന്ദ്രങ്ങളിലൂടെ കുന്നുകൂടുന്ന സമ്പത്തും സൗദി സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറും.