image

28 Feb 2023 11:00 AM IST

NRI

ഇന്ത്യയിലേക്ക് ഒമാനി പൗരന്‍മാരുടെ ഒഴുക്ക്; ലക്ഷ്യം വിനോദ സഞ്ചാരവും ചികിത്സയും

Gulf Bureau

oman tourist india
X

Summary

  • കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 56,565 ഒമാനി സ്വദേശികള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.


കോവിഡിന് ശേഷം ഇന്ത്യയിലേക്ക് വിമാനം കയറുന്ന ഒമാനി പൗരന്‍മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 56,565 ഒമാനി സ്വദേശികള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.

കൊവിഡാനന്തരം ലോകത്താകമാനമെന്ന പോലെ ഇന്ത്യയിലേയും വിനോദ സഞ്ചാര മേഖല കൂടുതല്‍ ഉണര്‍വ് കൈവരിച്ചതാണ് ഇന്ത്യയിലേക്കുള്ള ഒമാനി യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതര സംസ്ഥാനങ്ങളിലേക്കും ചികിത്സയ്ക്കായി നിരവധി ഒമാനികളും മറ്റു രാജ്യങ്ങളിലെ വിദേശികളും എത്തുന്നതും കോവിഡിന് ശേഷം വര്‍ധിച്ചിട്ടുണ്ട്.

ഒമാന്‍ അവതരിപ്പിച്ച പുതിയ ഇ വിസ സംവിധാനം ഇന്ത്യയിലേക്ക് കൂടുതല്‍ ഒമാന്‍ പൗരന്‍മാരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് ഒമാന്‍, ഇന്ത്യ ബിസിനസ് ഫോറത്തിന്റെ ഭാഗമായി സംസാരിക്കവെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 56,565 ഒമാനികള്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അമിത് നാരംഗ് അറിയിച്ചു.

ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇ വിസ വെറും 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകുന്നതാണ് പ്രധാന സവിശേഷത. 16 ഒമാനി റിയാലാണ് ഇതിനായി ആകെ ചെലവ് കണക്കാക്കിയിട്ടുള്ളത്. ഒമാന്‍ നടപ്പിലാക്കുന്ന 2040 വിഷന്റെ ഭാഗമായി ഇന്ത്യയും ഒമാനും തമ്മില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

നിര്‍മാണം, ലോജിസ്റ്റിക്സ്, പുനരുപയോഗ ഊര്‍ജം, മെറ്റല്‍, ഖനനം, എയ്റോ സ്പേസ്, പ്രതിരോധം, കടല്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സഹകരണം വ്യാപിപ്പിക്കാനും തീരുമാനിച്ചതായി അമിത് നാരംഗ് അറിയിച്ചു.

ഇന്ത്യയിലെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിനായും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം തന്നെയാണ് ചികിത്സാ മേഖലയും വികസിക്കുന്നത്.