image

20 March 2023 7:00 AM GMT

NRI

കോഴിയ്ക്കും മുട്ടക്കും വില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ; 13% വരെ വര്‍ധന

Gulf Bureau

uae is about to increase the price of chicken and eggs
X

Summary

  • യുഎഇ സാമ്പത്തികകാര്യ മന്ത്രാലയമാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം പരിഗണിച്ച് വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്


നിര്‍മ്മാണ ചെലവുകളും ഫാം നടത്തിപ്പും ചെലവേറിയതോടെ യുഎഇയില്‍ ഇനി മുതല്‍ കോഴി ഉത്പന്നങ്ങള്‍ക്കും മുട്ടക്കും വില വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്.

രാജ്യത്ത് മുട്ട ഉള്‍പ്പടെയുള്ള കോഴി ഉത്പന്നങ്ങള്‍ക്ക് നിലവിലുള്ളതില്‍ നിന്ന് പതിമൂന്ന് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎഇ സാമ്പത്തികകാര്യ മന്ത്രാലയമാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം പരിഗണിച്ച് വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ വില വര്‍ധനവിനുള്ള ഈ അനുമതി തല്‍കാലികമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറുമാസത്തിന് ശേഷം വില വര്‍ധനവും നിര്‍മ്മാണ ചെലവുകളും വീണ്ടും പരിശോധനക്ക് വിധേയമാക്കും.

നിര്‍മ്മാണ ചെലവുകളിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടണം എന്നാവശ്യപ്പെട്ട് കോഴിമുട്ട ഉത്പാദകരായ കമ്പനികള്‍ നല്‍കിയ പ്രത്യേക അപേക്ഷകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതുതായി വിലവര്‍ധന എര്‍പ്പെടുത്തുന്നത്.

രാജ്യത്ത് ഈ മേഖലയിലെ ഉത്പാദന ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് സ്ഥാപന ഉടമകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ഇത്തരം സ്ഥാപനങ്ങള്‍ നിലവില്‍ നഷ്ടത്തിലാണെന്നും ആവശ്യമായ നടപടികള്‍ എടുക്കണമെന്നും മേഖലയിലെ നിരവധി കമ്പനികള്‍ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.

അപേക്ഷകള്‍ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഉചിതമായ നടപടി കൈകൊണ്ടിരിക്കുന്നത്. എന്നാല്‍ ആറു മാസത്തിന് ശേഷം ഉത്പാദന ചെലവ് കുറയുന്ന പക്ഷം ഈ നടപടിയില്‍ മാറ്റം കൊണ്ടുവരും. അപ്പോള്‍ ഉത്പന്നങ്ങളുടെ വിലയില്‍ കുറവ് വരാനും വര്‍ധിക്കാനും സാധ്യതയുണ്ട്.