image

25 Jan 2023 6:30 AM GMT

NRI

തൊഴില്‍കരാറുകളില്‍ മാറ്റങ്ങളുമായി യുഎഇ; നിശ്ചിതകാല കരാറുകളാക്കി മാറ്റാന്‍ ഒരാഴ്ച കൂടി സമയം

Gulf Bureau

uae employment contract new
X

Summary

  • ഈ വര്‍ഷമാദ്യം നിലവില്‍ വന്ന രാജ്യത്തെ പുതിയ തൊഴില്‍ നിയമപ്രകാരം അനിശ്ചിതകാല തൊഴില്‍ കരാറുകള്‍ നിര്‍ത്തലാക്കിയിരുന്നു


തൊഴില്‍മേഖലയില്‍ സമൂലമാറ്റത്തിനൊരുങ്ങുന്ന യുഎഇയില്‍ തൊഴില്‍കരാറുകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നു. യുഎഇയിലെ എല്ലാ തരത്തിലുമുള്ള തൊഴില്‍കരാറുകളും ഫെബ്രുവരി ഒന്നിന് മുമ്പ് നിശ്ചിതകാല തൊഴില്‍കരാറുകളാക്കി മാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം.

ഈ വര്‍ഷമാദ്യം നിലവില്‍ വന്ന രാജ്യത്തെ പുതിയ തൊഴില്‍ നിയമപ്രകാരം അനിശ്ചിതകാല തൊഴില്‍ കരാറുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.

എന്നാല്‍, നിശ്ചിത സമയം എന്നതിനപ്പുറം എത്ര കാലത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാന്‍ തെഴിലാളിക്കും തൊഴിലുടമയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. യുഎഇയില്‍ നേരത്തേ ലിമിറ്റഡ് കോണ്‍ട്രാക്ട്, അണ്‍ലിമിറ്റ്ഡ് കോണ്‍ട്രാക്ട് എന്നിങ്ങനെ രണ്ടുതരത്തിലാണ് രാജ്യത്തെ തൊഴില്‍ കരാറുകളുണ്ടായിരുന്നത്. പക്ഷെ പുതിയ തൊഴില്‍ നിയമം അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ടുകള്‍ നിര്‍ത്തലാക്കുകയാണ് ചെയ്തിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ എല്ലാതരം തൊഴില്‍ കരാറുകളും നിശ്ചിതകാല കോണ്‍ട്രാക്ടാക്കി മാറ്റാന്‍ അനുവദിച്ച സമയം ഈ വരുന്ന ഫെബ്രവരി ഒന്നോടെയാണ് അവസാനിക്കുക. നിലവില്‍ രാജ്യത്ത് അനിശ്ചിതകാല കരാറുകളിന്‍മേല്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സ്ഥാപന ഉടമകള്‍ നിര്‍ണയിക്കപ്പെട്ട സമയത്തിനകം കരാറുകളുടെ സ്വഭാവം നിശ്ചിതകാലത്തേക്കാക്കി മാറ്റണം.

പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് തൊഴില്‍ മന്ത്രാലയവും ഫ്രീസോണ്‍ അതോറിറ്റികളും കമ്പനികള്‍ക്കെല്ലാം നോട്ടീസ് അയച്ചിട്ടുമുണ്ട്. പുതിയ നിയമപ്രകാരം ലിമിറ്റഡ് കോണ്‍ട്രാക്ടിനും പരമാവധി മൂന്ന് വര്‍ഷം വരെ സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

തൊഴിലുടമകളും തൊഴിലാളികളും തമ്മില്‍ കൂടിയാലോചിച്ച് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ധാരണപ്രകാരം എത്രവര്‍ഷത്തേക്ക് വേണമെങ്കിലും തൊഴില്‍ കരാറുണ്ടാക്കാനാണ് പുതിയമാറ്റത്തില്‍ അനുവാദമുള്ളത്. എങ്കിലും എത്രകാലത്തേക്കാണ് കരാര്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് കരാറില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്നതാണ് നിബന്ധന.