image

8 Dec 2022 7:25 AM GMT

Visa and Emigration

യുകെ വിസ വാഗ്ദാനവുമായി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍, ജാഗ്രത വേണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

MyFin Desk

uk visa frauds tweet uk high commissioner
X

Summary

ഓണ്‍ലൈന്‍ ഇടപാടിലൂടെ വിശ്വാസം നേടിയെടുത്ത് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.


വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനം, ജോലി എന്നിവയ്ക്കായി കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ത്യയിലുള്‍പ്പടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിസ തട്ടിപ്പിന്റെ ചതിക്കുഴികളില്‍ വീഴരുതെന്ന് ഓര്‍മ്മിപ്പിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ്. അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചും ഓണ്‍ലൈന്‍ വഴി വിസ വാഗ്ദാനം ചെയ്യുന്നുവെന്ന് എല്ലിസ് ട്വീറ്റ് വഴി ഓര്‍മ്മിപ്പിച്ചു. യുകെയിലേക്ക് വളരെ വേഗം കുടിയേറാമെന്നും വിസ ലഭിക്കാന്‍ എളുപ്പമാണെന്നും ആദ്യം പറഞ്ഞ് വിശ്വസിപ്പിക്കും.

ശേഷം ജോലി നല്‍കാം എന്ന കാര്യങ്ങള്‍ വരെ വ്യാജ രേഖകള്‍ കാട്ടി വിശ്വസിപ്പിക്കും. ഇത്തരം തട്ടിപ്പുകള്‍ പതിവായി കഴിഞ്ഞുവെന്നും എല്ലിസ് ട്വിറ്റീലൂടെ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്‍പ്പടെ ഒട്ടേറെ പേരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സ്‌കാമേഴ്‌സുമായി (ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍) ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പങ്കുവെക്കരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിഗത അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്ന് ഹൈക്കമ്മീഷനില്‍ നിന്നും ആവശ്യപ്പെടാറില്ലെന്ന് എല്ലിസ് നേരത്തെ തന്നെ ട്വീറ്റ് വഴി വ്യക്തമാക്കിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ യുകെ, കാനഡ, യുഎസ് മുതലായ രാജ്യങ്ങളിലേക്ക് ഒട്ടേറെ വിദ്യാര്‍ത്ഥികളും പ്രഫഷണലുകളും കുടിയേറുകയാണ്. ഇവരില്‍ നല്ലൊരു ഭാഗം ആളുകള്‍ക്കും വിസ ആവശ്യങ്ങള്‍ക്കുള്‍പ്പടെ വായ്പയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. വിദേശത്ത് പഠനത്തിനുള്ള അവസരവും തൊഴില്‍ വാഗ്ദാനവും നല്‍കി പണം തട്ടുന്ന ഏജന്‍സികള്‍ വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇവയില്‍ നല്ലൊരു വിഭാഗവും 'ഓണ്‍ലൈന്‍' സേവനമാണ് വാഗ്ദാനം ചെയ്യുന്നത്.