image

16 Dec 2022 7:53 AM GMT

Fixed Deposit

ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി, 60 ബിപിഎസ് വര്‍ധന

MyFin Desk

Fixed deposit
X



ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 46 ദിവസങ്ങള്‍ക്കു മുകളില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 25 ബേസിസ് പോയിന്റാണ് നിരക്കുയര്‍ത്തിയത്. ഒരു വര്‍ഷമോ അതിനുമുകളിലോ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50 ബേസിസ് പോയിന്റും 15 മാസമോ അതിനു മുകളിലോ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 60 ബേസിസ് പോയിന്റും നിരക്കുയര്‍ത്തി. ചില ദീര്‍ഘ കാല നിക്ഷേപങ്ങള്‍ക്ക് 40 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

ഇതിനു പുറമെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. ഒരു വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 25 ബേസിസ് പോയിന്റ് വര്‍ധന വരുത്തിയിട്ടുണ്ട്. ഇതോടെ 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 4 ശതമാനം പലിശ ലഭിക്കും. 61 ദിവസം മുതല്‍ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 4.25 ശതമാനത്തില്‍ നിന്നും 4.50 ശതമാനമായി. 91 ദിവസം മുതല്‍ 184 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 4.75 ശതമാനം പലിശ ലഭിക്കും.

185 ദിവസം മുതല്‍ 289 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 5.50 ശതമാനം പലിശ ലഭിക്കും. 290 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായി ഉയര്‍ന്നു. കാലാവധിക്കനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.50 ശതമാനം മുതല്‍ 6.25 ശതമാനം വരെ പലിശ ലഭിക്കും.


ഒരു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50 ബേസിസ് പോയിന്റ് ആണ് നിരക്കുയര്‍ത്തിയത്. നിലവില്‍ ഒരു വര്‍ഷമോ 15 മാസമോ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.6 ശതമാനമാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനവും ലഭിക്കും. രണ്ട വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 7 ശതമാനം പലിശ ലഭിക്കും. ഇതിനു മുന്‍പ് 6.50 ശതമാനമായിരുന്നു നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും പലിശ ലഭിക്കും.


15 മാസം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 60 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തിയിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് 6.40 ശതമാനമായിരുന്നു പലിശ നിരക്ക്. ഇനി മുതല്‍ ഇത് 7 ശതമാനമാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും ലഭിക്കും.