image

7 Jun 2023 7:13 AM GMT

Loans

50 ലക്ഷത്തിന്റെ ഭവന വായ്പ തിരിച്ചടവില്‍ 35 ലക്ഷം ലാഭിക്കാം; ഇതാ ഒരുവഴി

MyFin Desk

35 lakhs can be saved on a home loan repayment of 50 lakhs
X

Summary

  • വലിയ ഡൗണ്‍ പേയ്‌മെന്റ് അടയ്ക്കുന്നതിലൂടെ വായ്പയുടെ പ്രിന്‍സിപ്പല്‍ തുക കുറയ്ക്കാന്‍ കഴിയും
  • 50 ലക്ഷം രൂപയുടെ വായ്പയില്‍ 61,85,574 രൂപ പലിശയായി അടയ്ക്കണം
  • ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് നല്‍കുന്നൊരാള്‍ക്ക് കുറഞ്ഞ പലിശ നിരക്കിന് ആവശ്യപ്പെടാം


സ്വന്തമായൊരു വീട് പലര്‍ക്കും ജീവിതത്തില്‍ പ്രധാന ലക്ഷ്യമാണ്. ഇതിന് പ്രതീക്ഷ നല്‍കുന്നൊരു വഴിയാണ് ഭവന വായ്പകള്‍. കുതിച്ചുയരുന്ന റിയല്‍ എസ്‌റ്റേറ്റ് വിലകള്‍, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ ഭവന വായ്പയെ അമിത ഭാരമുള്ളതാക്കി മാറ്റുന്നു.

ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്നതാകും ഭവന വായ്പയുടെ ബാധ്യത. ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ്, ലോണ്‍ കാലാവധിയിലെ മാറ്റം, റീഫിനാന്‍സിങ്, മുന്‍കൂര്‍ അടയ്ക്കല്‍ തുടങ്ങിയ ലളിതമായ വഴികളിലൂടെ വായ്പ ബാധ്യത കുറയ്ക്കാന്‍ സാധിക്കും. ഒരാള്‍ക്ക് ഭവന വായ്പയുടെ ബാധ്യത എങ്ങനെയെല്ലാം കുറയ്ക്കാന്‍ സാധിക്കുമെന്ന് നോക്കാം.

ഉയര്‍ന്ന ഡൗണ്‍പേയ്‌മെന്റ്

വായ്പയിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ് അടയ്ക്കാനുള്ള വഴി തിരയുമെങ്കിലും ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് വായ്പാ ഭാരം ഗണ്യമായി കുറയ്ക്കുമെന്നതാണ് വാസ്തവം. വലിയ ഡൗണ്‍ പേയ്‌മെന്റ് അടയ്ക്കുന്നതിലൂടെ വായ്പയുടെ പ്രിന്‍സിപ്പല്‍ തുക കുറയ്ക്കാന്‍ കഴിയും, ഇത് പ്രതിമാസ ഇഎംഐയെയും ലോണില്‍ അടയ്‌ക്കേണ്ട പലിശയും കുറയ്ക്കും. കൂടാതെ, ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് നല്‍കുന്നൊരാള്‍ക്ക് ബാങ്കുമായി കുറഞ്ഞ പലിശ നിരക്കിന് ആവശ്യപ്പെടാം.

വായ്പ റീഫിനാന്‍സ് ചെയ്യുക

ഭവന വായ്പ നല്‍കുന്ന വിവിധ ബാങ്കുകളുടെ പലിശ നിരക്ക് പരിശോധിച്ച് നിലവില്‍ അടച്ചു കൊണ്ടിരിക്കുന്ന വായ്പ കുറഞ്ഞ പലിശ നിരക്കുകളുള്ള ബാങ്കിലേക്ക് വായ്പ മാറ്റം. ഇതാണ് വായ്പ റീഫിനാന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. 0.50 ശതമാനം മുതല്‍ 1 ശതമാനം വരെ പലിശ നിരക്കില്‍ വ്യത്യാസം ലഭിക്കുമ്പോള്‍ റീഫിനാന്‍സിംഗ് ലാഭകരമാണ്. മികച്ച നിബന്ധനകളും വ്യവസ്ഥകളും നല്‍കുന്നൊരു ബാങ്കിനെ റീഫിനാന്‍സിംഗിന് തിരഞ്ഞെടുക്കണം. ഇത് ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കും. റീഫിനാന്‍സിംഗിലൂടെ കടം വാങ്ങുന്നയാള്‍ക്ക് വായ്പ കാലയളവില്‍ അടയ്‌ക്കേണ്ട പലിശയും ഇഎംഐയും കുറയ്ക്കാന്‍ സാധിക്കും.

വായ്പ പ്രീപെയ്‌മെന്റ്

വായ്പയുടെ പ്രധാന തുകയ്ക്ക് മുന്‍കൂട്ടി അടയ്ക്കുകയോ (പ്രീ പെയ്‌മെന്റ്) അധിക പേയ്‌മെന്റുകള്‍ നടത്തുകയോ ചെയ്യുന്നത് വായ്പയില്‍ അടയ്‌ക്കേണ്ട പലിശ കുറയ്ക്കാനും ലോണ്‍ കാലാവധി കുറയ്ക്കാനും സഹായിക്കും. ഉദാഹരണമായി 9.50 ശതമാനം പലിശയില്‍ 50 ലക്ഷം രൂപ20 വര്‍ഷത്തേക്ക് വായ്പ എടുത്താല്‍ ഇഎംഐ 46,607 രൂപ വരെയാണ്.

പ്രീപെയ്‌മെന്റ് നടത്താതെ വായ്പ മുന്നോട്ട് കൊണ്ടു പോയാല്‍ 50 ലക്ഷം രൂപയുടെ വായ്പയില്‍ 61,85,574 രൂപ പലിശയായി അടയ്ക്കണം. വായ്പ പൂര്‍ത്തിയാകുമ്പോള്‍ 1,11,85,574 രൂപ മൊത്തം അടയ്‌ക്കേണ്ടി വരും. അതേസമയം ഇഎംഐയുടെ 5 ശതമാനം അല്ലെങ്കില്‍ 2.5 ലക്ഷം രൂപ അധികമായി അടച്ചാല്‍ 23,05,090 രൂപ പ്രീ പെയ്‌മെന്റായി അടയ്ക്കും. ഇതോടെ പ്രിന്‍സിപ്പല്‍ തുകയായി 26,94,910 രൂപയാണ് പിന്നീട് അടയ്‌ക്കേണ്ടത്. പലിശയായി 24,31,811 രൂപ അടയ്ക്കണം. വായ്പ കാലാവധി 9 വര്‍ഷവും 2 മാസവുമായി ചുരുങ്ങുന്നതോടെ ആകെ അടവ് 74,31,811 രൂപയാകും. ഇവിടെ 37,53,763 രൂപ ലാഭിക്കാനാകും.

ഒരു ഇഎംഐ അധികം അടച്ചാല്‍

മുകളില്‍ നല്‍കിയ അതേ ഉദാഹരണത്തില്‍, പ്രതിവര്‍ഷം 46,607 രൂപയുടെ ഒരു അധിക ഇഎംഐ അടച്ചാല്‍ പ്രീ പെയ്‌മെന്റായി വരുന്നത് 7,45,712 രൂപയാണ്. പ്രിന്‍സിപ്പല്‍ തുകയായി 42,54,288 രൂപയും പലിശയായി 47,48,481 രൂപയും അടയ്ക്കണം. വായ്പ കാലാവധി 16 വര്‍ഷവും 2 മാസവുമായി കുറയുന്നതോടെ 97,48,481 രൂപയാണ് അടയ്‌ക്കേണ്ടത്. ഇതോടെ വായ്പയില്‍ 14,37,093 രൂപ ലാഭിക്കാം.