image

10 Oct 2022 1:52 AM GMT

Banking

നിങ്ങള്‍ നല്‍കിയ ചെക്ക് മടങ്ങിയോ? വായ്പ മുടങ്ങിയേക്കാം

MyFin Desk

നിങ്ങള്‍ നല്‍കിയ ചെക്ക് മടങ്ങിയോ? വായ്പ മുടങ്ങിയേക്കാം
X

Summary

നിങ്ങള്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയിട്ടുണ്ടോ? എങ്കില്‍ വൈകാതെ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും. വര്‍ധിച്ച് വരുന്ന ചെക്ക് തട്ടിപ്പ് കേസുകള്‍ കുറയ്ക്കുന്നതുമായ ബന്ധപ്പെട്ട്, ധനമന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നാണ് ക്രെഡിറ്റ് സ്‌കോറുമായി ഇതിനെ ബന്ധിപ്പിക്കുക എന്നത്. കൂടാതെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് നല്‍കിയ ആളുടെ മറ്റൊരക്കൗണ്ടില്‍ നിന്ന് പണം എടുക്കുക, കുറ്റക്കാര്‍ക്ക് മറ്റ് അക്കൗണ്ട് തുടങ്ങാനുള്ള അനുമതി നിഷേധിക്കുക എന്നിങ്ങനെ ഒട്ടനവധി നിര്‍ദേശങ്ങളാണ് ചെക്ക് തട്ടിപ്പ് […]


നിങ്ങള്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയിട്ടുണ്ടോ? എങ്കില്‍ വൈകാതെ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും. വര്‍ധിച്ച് വരുന്ന ചെക്ക് തട്ടിപ്പ് കേസുകള്‍ കുറയ്ക്കുന്നതുമായ ബന്ധപ്പെട്ട്, ധനമന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നാണ് ക്രെഡിറ്റ് സ്‌കോറുമായി ഇതിനെ ബന്ധിപ്പിക്കുക എന്നത്. കൂടാതെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് നല്‍കിയ ആളുടെ മറ്റൊരക്കൗണ്ടില്‍ നിന്ന് പണം എടുക്കുക, കുറ്റക്കാര്‍ക്ക് മറ്റ് അക്കൗണ്ട് തുടങ്ങാനുള്ള അനുമതി നിഷേധിക്കുക എന്നിങ്ങനെ ഒട്ടനവധി നിര്‍ദേശങ്ങളാണ് ചെക്ക് തട്ടിപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ ഉയരുന്നത്.

ചെക്ക് മടക്കം, തവണ അടവ് മുടക്കം തന്നെ

ചെക്ക് ബൗണ്‍സ് ആകുന്നത് ഡിഫോള്‍ട്ട് കേസായി തന്നെ പരിഗണിക്കണമെന്നാണ് പ്രധാന നിര്‍ദേശം. അതായത് വായ്പയുടെ തിരിച്ചടവില്‍ മുടക്കം വരുത്തുന്ന അതേ നിലയിലാവും ചെക്ക് മടങ്ങിയ കേസുകളും പരിഗണിക്കപ്പെടുക. ഫലത്തില്‍ നിങ്ങള്‍ നല്‍കിയ ചെക്ക് മടങ്ങിയാല്‍ അത് ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുകയും വായ്പ ലഭിക്കുന്നതിന് പ്രായോഗിക തടസമുണ്ടാകുകയും ചെയ്യും.

ചെക്ക് നല്‍കുന്ന ആളുടെ അക്കൗണ്ടില്‍ പണമില്ലാത്തതിനാലാണ് ഇത് മടങ്ങുന്നത്. അത്തരം കേസുകളില്‍ അതേ ആളുടെ വേറെ അക്കൗണ്ടുകളില്‍ നിന്ന് പണം വസൂലാക്കുക എന്ന നിര്‍ദേശവും പരിഗണിക്കുന്നുണ്ട്. ബാങ്കുകള്‍ക്കിടയില്‍ ഡാറ്റ് അന്യോന്യം ബന്ധിപ്പിക്കപ്പെട്ടാല്‍ മാത്രമെ മുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാകൂ.

35 ലക്ഷം ചെക്കുകള്‍

രാജ്യത്തെ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന 2.31 കോടി ക്രിമിനല്‍ കേസുകളില്‍ 35 ലക്ഷവും ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ഡിസംബര്‍ 2019 വരെയുള്ള കണക്കുകളാണ് ഇത്. ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിന് സമഗ്രമായ ഒരു സംവിധാനം ആലോചിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.