image

21 March 2023 7:00 AM GMT

Personal Finance

വിരമിക്കല്‍ കാലത്തേക്ക് സമ്പാദിക്കാന്‍ എന്‍പിഎസോ പിപിഎഫോ; ഏതാണ് മികച്ചത്

MyFin Bureau

nps or ppf to save for retirement-which is better
X

Summary

  • മാസത്തവണകളായി നിക്ഷേപിക്കാം എന്നത് ഇരു പദ്ധതികളുടെയും പ്രത്യേകതയാണ്


വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം കണ്ടെത്താന്‍ സാധിക്കുന്ന മികച്ച രണ്ട് പദ്ധതികളാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീമും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും. രണ്ടും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് എന്നൊരു പ്രത്യേകതയുണ്ട്. മാസത്തവണകളായി നിക്ഷേപിക്കാം എന്നത് ഇരു പദ്ധതികളുടെയും പ്രത്യേകതയാണ്. ആദായവും നിക്ഷേപ കാലയളവും പരിഗണിക്കുമ്പോള്‍ നിരവധി വ്യത്യാസങ്ങള്‍ രണ്ട് പദ്ധതികളിലും തമ്മിലുണ്ട്.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് റിസ്‌ക് ഫ്രീ നിക്ഷേപത്തില്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ്. നിശ്ചിത പലിശ നിരക്ക് പദ്ധതിക്ക് ലഭിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും സാഹചര്യം അവലോകനം ചെയ്ത് പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതാണ് പതിവ്. എന്നാല്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീം മാര്‍ക്കറ്റ് ലിങ്ക്ഡ് നിക്ഷേപമാണ്. ഡെബ്റ്റിലും ഇക്വിറ്റിയിലും അസറ്റ് അലോക്കേഷന്‍ അനുവദിക്കുന്ന സ്‌കീമില്‍ വിപണി സാഹചര്യത്തിന് അനുസരിച്ച് മാത്രമാണ് ആദായം ലഭിക്കുക. നിക്ഷേപകന് സ്വയം അസറ്റ് അലോക്കേഷന്‍ തീരുമാനിക്കാവുന്ന ആക്ടീവ് ചോയിസും ഓട്ടോ ചോയിസും ലഭിക്കും. പരമാവധി 75 ശതമാനമാണ് എന്‍പിഎസിലെ ഇക്വിറ്റി എക്സ്പോഷര്‍.

പ്രായ പരിധിയില്ലാതെ ആര്‍ക്കും നിക്ഷേപിക്കാവുന്നൊരു പദ്ധതിയാണ് പിപിഎഫ്. വിരമിക്കല്‍ കാല സമ്പാദ്യമായും ദീര്‍ഘകാല നിക്ഷേപമായും പിപിഎഫിനെ ഉപയോഗപ്പെടുത്താം. എന്‍പിഎസില്‍ ചേരാനുള്ള പ്രായ പരിധി 1865 വയസാണ്.

കാലാവധി പരിശോധിക്കുമ്പോള്‍ 15 വര്‍ഷ കാലാവധിയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്കുള്ളത്. അഞ്ച് വര്‍ഷ ബ്ലോക്കുകളായി നിക്ഷേപ കാലാവധി ഉയര്‍ത്താം. എന്‍പിഎസില്‍ പെന്‍ഷന്‍ ലഭിക്കാന്‍ കുറഞ്ഞത് 60 വയസ് വരെ നിക്ഷേപിക്കണം. നിക്ഷേപരുടെ താല്‍പര്യം അനുസരിച്ച് 75 വയസ് വരെ നീട്ടാം.

നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍ തന്നെയാണ് പിപിഎഫും എന്‍പിഎസും. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് 2 നിക്ഷേപങ്ങള്‍ക്കും ലഭിക്കും. 1.50 ലക്ഷമാണ് ഇവിടെ ലഭിക്കുന്നത്. എന്‍പിഎസില്‍ ഇതോടൊപ്പം സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം ലഭിക്കുന്ന നികുതി ഇളവ് കൂടി നിക്ഷേപത്തിന് ലഭിക്കും.

കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പിപിഎഫ്. എന്‍പിഎസില്‍ 60ാം വയസില്‍ ഒറ്റത്തവണയായി പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. എന്നാല്‍ പെന്‍ഷന്‍ നികുതി ബാധകമാണ്.

വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.5 ലക്ഷം രൂപ മാത്രമാണ്. വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയെങ്കിലും പിപിഎഫില്‍ നിക്ഷേപിക്കണം. എന്‍പിഎസില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.