image

7 March 2024 12:50 PM GMT

Personal Finance

വനിതാ ദിനം: സ്വപ്നങ്ങൾ നേടാൻ സാമ്പത്തികവും ശാരീരികവുമായ ആരോഗ്യം

Nominitta Jose

Financial and physical health to achieve dreams
X

Summary

  • സാമ്പത്തികമായുണ്ടാകുന്ന പ്രതിസന്ധികള്‍, ജോലി, കുടുംബം എന്നിവയിലെ സമ്മര്‍ദ്ദം ഇതൊക്കെ മാനസികാരോഗ്യത്തെ തകരാറിലാക്കും
  • ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം എന്നിവ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നോര്‍ക്കുക
  • സാമ്പത്തിക വിദ്യാഭ്യാസം ഉണ്ടാക്കാനായുള്ള ശ്രമങ്ങളൊന്നും വെറുതെയല്ലെന്നോര്‍ക്കുക


വനിത ദിനങ്ങള്‍ സ്ത്രീകളുടെ കഴിവുകള്‍, അവരുടെ നേട്ടങ്ങള്‍, അവര്‍ കയ്യടക്കി മുന്നേറുന്ന ദൂരങ്ങള്‍ എന്നിവയൊക്കെ കാണാനും അംഗീകരിക്കാനുമൊക്കെയുള്ള സമയമാണ്. അവര്‍ എങ്ങനെ ഇവിടെ വരെ എത്തി. അതിനുവേണ്ടി അവര്‍ എന്തൊക്കെ ചെയ്തു, എന്തൊക്കെ വേണ്ടെന്നു വെച്ചൂ എന്നതൊക്കെയും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, സാമ്പത്തികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നു കൂടി സ്ത്രീകള്‍ അറിഞ്ഞിരിക്കണം. കാരണം, സാമ്പത്തികമായും ശാരീരികമായും മികച്ച അവസ്ഥയിലാണെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് അവരാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്ന സ്വപ്‌നങ്ങള്‍ നേടിയെടുക്കാനും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കൂ.

സാമ്പത്തിക സാക്ഷരത

സാമ്പത്തിക ആരോഗ്യത്തിന്റെ നട്ടെല്ല് സാമ്പത്തിക സാക്ഷരതയാണ്. സ്ത്രീകളെ അവരുടെ സാമ്പത്തിക തീരുമാനങ്ങളില്‍ ശക്തരാക്കുന്നതിന് സാമ്പത്തികമായി സാക്ഷരരായിരിക്കുന്നത് സഹായിക്കും. സാമ്പത്തികമായി സുരക്ഷിതമല്ലാത്ത അവസ്ഥയിലാണെങ്കിലും എങ്ങനെ ഇതിനെ മറികടക്കണം എന്നതിനുള്ള ഉത്തരം സ്വയം കണ്ടെത്താന്‍ ഇത് സഹായിക്കും. സാമ്പത്തിക വിദ്യാഭ്യാസം ഉണ്ടാക്കാനായുള്ള ശ്രമങ്ങളൊന്നും വെറുതെയല്ലെന്നോര്‍ക്കുക. കാരണം നിങ്ങള്‍ സ്വപ്‌നം കണ്ട നാളേയ്ക്കുള്ള ആദ്യ പടിയാണിത്.

പ്ലാനിംഗിലൂടെ സ്ഥിരത നേടാം

സാമ്പത്തികമായി ശാക്തീകരണം നേടുക എന്നത് കേവലം പണം സമ്പാദിക്കുന്നത് മാത്രമല്ല. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കാര്യക്ഷമമായി വിനിയോഗിക്കുന്നതും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതുമാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് പണം കൈകാര്യം ചെയ്യാനറിയില്ല എന്നാണ് പറയാറ്. എന്നാല്‍, സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ സ്വയം ചെയ്തല്ലേ ഇത് പഠിക്കുക. അതിന് സ്ത്രീകള്‍ക്ക് അവസരം നല്‍കണം, അതിനായി അവര്‍ തയ്യാറാകണം. അതിനൊപ്പം പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ പഠിക്കുകയും ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങിയ നിക്ഷേപ ഓപ്ഷനുകള്‍ കണ്ടെത്തുകയും അതില്‍ നിക്ഷേപിക്കുകയും വേണം.

നേരത്തെ തുടങ്ങാം

എത്ര നേരത്തെ സാമ്പത്തിക സാക്ഷരത നേടി സമ്പാദിക്കാന്‍ തുടങ്ങുന്നോ അത്രയും നേരത്തെ റിട്ടയര്‍ ചെയ്ത് വിശ്രമ ജീവിതം നയിക്കാം. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പണത്തെ കൈകാര്യം ചെയ്താല്‍ അത് വരുമാനം നിലയ്ക്കുന്ന സമയത്ത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നോര്‍ക്കുക. അതുകൊണ്ട് സാമ്പത്തിക ആരോഗ്യം, ശാരീരിക ആരോഗ്യം എന്നിവയ്ക്കായി നേരത്തെ നിക്ഷേപിച്ച് തുടങ്ങാം. ഈ വനിതാ ദിനത്തില്‍ അതിനു തുടക്കമിടാം.

സമ്പത്തിനും ശരീരത്തിനും ആരോഗ്യം വേണം

സ്വന്തം ആരോഗ്യത്തെക്കുറിച്ച് സ്വയം ബോധ്യമുള്ളവരായിരിക്കണം. അതിനൊപ്പം ഇടയ്ക്കിടയ്ക്ക് ആരോഗ്യ പരിശോധനകള്‍ നടത്തുകയും വേണം. കാരണം അത് നിങ്ങള്‍ക്കായുള്ള നിങ്ങളുടെ നിക്ഷേപമാണെന്ന് ഓര്‍ക്കുക. ജീവിത ശൈലി രോഗങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി നേരത്തെ ചികിത്സിച്ചാല്‍ അത് ചികിത്സ ചെലവുകള്‍ കുറയ്ക്കാനും നേരത്തെ ചികിത്സിച്ച് അസുഖം ഭേദമാക്കാനും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണ ശീലവും മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. പലപ്പോഴും സ്ത്രീകള്‍ കുടുംബം, ജോലി എന്നീ ചുമതലകള്‍ക്കിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയോ, ആരോഗ്യ പരിശോധനകള്‍ നടത്തുകയോ ചെയ്യാറില്ല. ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് സ്വയം നയിക്കുന്നതിനു തുല്യമാണ്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം എന്നിവ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നോര്‍ക്കുക.

മാനസികാരോഗ്യം

മാനസികാരോഗ്യം ഒരു പരിധിവരെ സാമ്പത്തിക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. സാമ്പത്തികമായുണ്ടാകുന്ന പ്രതിസന്ധികള്‍, ജോലി, കുടുംബം എന്നിവയിലെ സമ്മര്‍ദ്ദം ഇതൊക്കെ മാനസികാരോഗ്യത്തെ തകരാറിലാക്കും. മാനസികാരോഗ്യം മോശമാണെങ്കില്‍ അത് ശരിയായ തീരുമാനമെടുക്കല്‍, പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മറികടക്കല്‍ എന്നിവയ്ക്ക് അത് തടസമാകും.