4 March 2026 3:30 PM IST
Summary
എസ്ഐപി തുടങ്ങാൻ ഏറ്റവും നല്ല സമയം ഏതാണ്? 2000 രൂപ കൊണ്ടും നിക്ഷേപം നടത്താവുന്ന എസ്ഐപി ഫണ്ടുകൾ ഏതൊക്കെ?
ഇന്ത്യയിലെ എസ്ഐപി നിക്ഷേപകരുടെ എണ്ണം മുൻവർഷങ്ങളേക്കാൾ ഉയരുകയാണ്. വിപണിയിലെ താൽക്കാലികമായ തിരിച്ചടികൾ കാര്യമാക്കിയില്ലെങ്കിൽ എസ്ഐപികളിലൂടെ മികച്ച സമ്പാദ്യം സ്വരുക്കൂട്ടാനാകും. ഭാവിയിലെ പല ആവശ്യങ്ങൾക്കും ഈ എസ്ഐപി തുക ഉപയോഗിക്കാം. പല മ്യൂച്വൽ ഫണ്ട് നിക്ഷേപകരും ദീർഘകാല ലക്ഷ്യങ്ങൾക്കായാണ് എസ്ഐപി ആരംഭിക്കുന്നത്. റിസ്ക് പ്രൊഫൈൽ, നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവയൊക്കെ അടിസ്ഥാനമാക്കി മികച്ച ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.
എസ്ഐപി ആരംഭിക്കാൻ അല്ലെങ്കിൽ പ്രതിമാസ തുക അക്കൌണ്ടിൽ നിന്ന് നൽകാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് തുടക്കക്കാരായ നിക്ഷേപകർ ആലോചിക്കാറുണ്ട്. ഇങ്ങനെ കൃത്യമായ ഒരു സമയം ഒന്നും ഇല്ല. ശമ്പള വരുമാനക്കാർ ആണെങ്കിൽ അക്കൌണ്ടിൽ സ്ഥിരമായി ശമ്പളം എത്തുന്ന തിയതി ഓട്ടോ ഡെബിറ്റിനായി തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ഓരോ മാസവും സ്ഥിരമായി ഏതു തിയതിയാണോ നിക്ഷേപത്തിന് അനുയോജ്യം ആ തിയതി തെരഞ്ഞെടുക്കാം. കൃത്യമായി നിശ്ചിത തുക വീതം നിക്ഷേപത്തിനായി മാറ്റി വയ്ക്കണം എന്നു മാത്രം. 500 രൂപ കൊണ്ടും അതിൽ കുറഞ്ഞ തുക കൊണ്ടുമൊക്കെ നിക്ഷേപം നടത്താനാകും.
എത്ര രൂപയിൽ തുടങ്ങണം?
2000 രൂപ വീതമുള്ള നിക്ഷേപത്തിന് പോലും ദീർഘകാലത്തിൽ മികച്ച നേട്ടം നൽകാനാകും. എസ്ഐപി നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ചിട്ടയായ ആസൂത്രണത്തിലൂടെ നിക്ഷേപം നടത്താൻ ആകുന്ന വിവിധ ഫണ്ടുകളുണ്ട് . തുക രണ്ടേ അതിലധികമോ ഫണ്ടുകളിലായി വിഭജിക്കുകയും ചെയ്യാം. ഫണ്ട് അനുസരിച്ച് തുക വിഭജിക്കാം. ഓഹരി കേന്ദ്രീകൃത ഫണ്ടിലാണ് ഒരു നിക്ഷേപം എങ്കിൽ മറ്റൊന്ന് ഹൈബ്രിഡ് ഫണ്ടുകളിലേക്കോ, മൾട്ടി അസറ്റ് ഫണ്ടുകളിലേക്കോ മാറ്റാം. അതല്ല മികച്ച ഒരു ഗോൾഡ് ഫണ്ടിൽ ആണ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയും ചെയ്യാം. സ്വർണ വില ഉയരുന്നതിന് അനുസരിച്ച് നേട്ടം ലഭിക്കുന്ന ഈ ഫണ്ടുകൾക്ക് വില ഇടിയുമ്പോൾ മൂല്യം കുറയും എന്നത് ഓർക്കണമെന്ന് മാത്രം. ഫണ്ട് ഏതായാലും തുടർച്ചയായ മൂന്നു വർഷങ്ങളിൽ എങ്കിലും നിക്ഷേപം നടത്താൻ ശ്രദ്ധിക്കാം. ചില ഫണ്ടുകൾ
കാനറ റൊബേക്ക ലാർജ് കാപ് ഫണ്ട്
15 വർഷം കൊണ്ട് ദീർഘകാല നിക്ഷേകരുടെ സമ്പാദ്യം ഏതാണ്ട് ആറു മടങ്ങ് ഉയർത്തിയ ഒരു ഫണ്ടാണ് കാനറ റൊബേക്ക ലാർജ് കാപ് ഫണ്ട്. ദീർഘകാലത്തേക്ക് പരിഗണിക്കാവുന്ന ഈ ഫണ്ടിന് കീഴിൽ ബ്ലൂചിപ്പ് കമ്പനി ഓഹരികളിലാണ് കൂടുതൽ നിക്ഷേപം. കുറഞ്ഞ സമയപരിധിക്കുള്ളിലും മാർക്കറ്റ് ട്രെൻഡുകളേക്കാൾ ഉയർന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ 16.10 ശതമാനവും അഞ്ചു വർഷം കൊണ്ട് 18.64 ശതമാനവും റിട്ടേൺ ഈ ഫണ്ടുകൾ നൽകിയിട്ടുണ്ട്. വളരെ ഉയർന്ന നഷ്ട സാധ്യതയുള്ള ഫണ്ടാണിത്.
ഐസിഐസിഐ പ്രുഡൻഷ്യൻ ഫ്ലെക്സി കാപ് ഫണ്ട്
ഐസിഐസിഐ പ്രുഡൻഷ്യൽ ഫ്ലെക്സിക്യാപ്പ് ഫണ്ട്, ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഡൈനാമിക് ഇക്വിറ്റി സ്കീമാണ്. 2021 ജൂലൈയിൽ ആരംഭിച്ച ഈ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 19,681.19 കോടി രൂപയാണ്. ഉയർന്ന റിസ്കുള്ള ഫണ്ട് താരതമ്യേന 20 ശതമാനം വരെ മെച്ചപ്പെട്ട റിട്ടേണും ചുരുങ്ങിയ കാലം കൊണ്ട് നൽകിയിട്ടുണ്ട്. ഒരു വർഷത്തിന് മുമ്പ് നിക്ഷേപം പിൻവലിച്ചാൽ റിട്ടേണിന് 20 ശതമാനം നികുതി നൽകേണ്ടി വരും.ഒരു വർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഇതിൽ വ്യത്യാസമുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം രൂപക്ക് മുകളിലുള്ള റിട്ടേണുകൾക്ക് 12.5 ശതമാനം നികുതി നൽകേണ്ടി വരും.
എസ്ബിഐ ഗോൾഡ് ഫണ്ട്
ഇക്വിറ്റി ഫണ്ടുകൾക്ക് പകരം ഗോൾഡ് ഫണ്ടുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്ബിഐ ഗോൾഡ് ഫണ്ടും അനുയോജ്യമാണ്. സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയിട്ടുള്ള ഗോൾഡ് ഫണ്ടുകളിൽ ഒന്നാണ് എസ്ബിഐ ഗോൾഡ് ഫണ്ട്.
2026 മാർച്ച് വരെ ഒരു വർഷം ഏകദേശം 70 ശതമാനത്തിലധികം റിട്ടേൺ നൽകിയിട്ടുണ്ട്. ഈ കാലയളവിൽ സ്വർണ വില കുതിച്ചുയർന്നതാണ് റിട്ടേൺ ഉയരാൻ കാരണം.10,700 കോടി രൂപയിലധികമാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 15 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ 1% എക്സിറ്റ് ലോഡ് ബാധകമാകും. പ്രധാനമായും എസ്‌ബിഐ ഗോൾഡ് ഇടിഎഫിലാണ് നിക്ഷേപം.
(Disclaimer :മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്കും വിധേയമാണ്. കൃത്യമായ വിശകലനത്തിനും റിസ്ക് കപ്പാസിറ്റിക്കും അനുസരിച്ച് സ്വന്തം റിസ്കിൽ വേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ.)
പഠിക്കാം & സമ്പാദിക്കാം
Home
