1 April 2026 12:30 PM IST
ഏപ്രിൽ ഒന്ന്; പാൻകാർഡ് എടുക്കുന്നതിലും ശമ്പളഘടനയിലും വരെ മാറ്റം. നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ
Arun K R
Summary
പുതിയ സാമ്പത്തിക വർഷം. പാൻകാർഡ് എടുക്കുന്നതിലും ശമ്പള ഘടനയിലും വരെ മാറ്റങ്ങൾ. നിത്യജീവിതത്തെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ
2026 ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഒരു സാധാരണക്കാരൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ നമുക്ക് ലളിതമായി നോക്കാം.
ഒന്നാമതായി, 65 വർഷം പഴക്കമുള്ള ഇൻകം ടാക്സ് നിയമത്തിന് പകരം പുതിയ 'ഇൻകം ടാക്സ് ആക്ട് 2025' നിലവിൽ വന്നു. ഇനി മുതൽ 'അസസ്‌മെന്റ് ഇയർ', 'പ്രിവിയസ് ഇയർ' എന്നിങ്ങനെയുള്ള കൺഫ്യൂഷൻ വേണ്ട, നിങ്ങൾ വരുമാനം ഉണ്ടാക്കുന്ന വർഷത്തെ ഇനി മുതൽ 'ടാക്സ് ഇയർ' എന്ന് വിളിച്ചാൽ മതി. പുതിയ ടാക്സ് നിയമപ്രകാരം ശമ്പളക്കാർക്ക് 12.75 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി നൽകേണ്ടതില്ല. കൂടാതെ ടാക്സ് റിട്ടേണിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താൻ മാർച്ച് 31 വരെ സമയം ലഭിക്കുന്നത് വലിയ ആശ്വാസമാണ്.
ശ്രദ്ധേയമായ മാറ്റൊരു മാറ്റം ഡിജിറ്റൽ പേയ്‌മെന്റുകളിലാണ്. ഇനി മുതൽ വെറും ഒറ്റിപി മാത്രം ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിയില്ല. യുപിഐ (യുപിഐ) വഴിയോ കാർഡ് വഴിയോ പണമയക്കുമ്പോൾ ഫിംഗർ പ്രിന്റ്, ഫേസ് ഐഡി അല്ലെങ്കിൽ ഏതെങ്കിലും സെക്യൂരിറ്റി ടോക്കൺ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളുള്ള സുരക്ഷാ പരിശോധന ആർബിഐ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് തട്ടിപ്പുകൾ കുറയ്ക്കാൻ സഹായിക്കും. ഇനി ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ച കാരണം പണം നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ബാങ്കിനായിരിക്കും, ഉപഭോക്താവിന് നഷ്ടപരിഹാരത്തിനും അർഹതയുണ്ടാകും.
പാൻകാർഡിന് ആധാർ മാത്രം പോര
മൂന്നാമതായി പാൻ കാർഡ് എടുക്കുന്ന രീതിയിലാണ് മാറ്റം. ഇനി ആധാർ കാർഡ് മാത്രം കാണിച്ച് പാൻ കാർഡ് എടുക്കാൻ കഴിയില്ല. ജനന സർട്ടിഫിക്കറ്റോ, വോട്ടർ ഐഡിയോ പോലെ മറ്റ് രേഖകൾ കൂടി നിർബന്ധമാണ്. പാൻ കാർഡിലെ പേരും ആധാറിലെ പേരും അക്ഷരത്തെറ്റില്ലാതെ കൃത്യമായി ഒരേപോലെ ആയിരിക്കണം.
പിഎഫ് വിഹിതം ഉയരും
അവസാനമായി ചില നിത്യജീവിത ചിലവുകളെക്കുറിച്ചാണ്. എടിഎം വഴി യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ അഞ്ച് തവണ കഴിഞ്ഞാൽ ഓരോ തവണയും 23 രൂപ വരെ ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. അതുപോലെ ഓഹരി വിപണിയിൽ ട്രേഡിംഗ് നടത്തുന്നവർക്ക് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിച്ചതിനാൽ ചിലവ് കൂടും.
അതുപോലെ ശമ്പളഘടനയിലും ഒരു പ്രധാന മാറ്റമുണ്ട്. പുതിയ ലേബർ കോഡ് അനുസരിച്ച് അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ആയിരിക്കണം. ഇത് പിഎഫ് വിഹിതം കൂട്ടുമെങ്കിലും കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവ് വരാം.
പഠിക്കാം & സമ്പാദിക്കാം
Home
