image

18 April 2026 4:28 PM IST

Financial planning

ഇപിഎഫ്, പിപിഎഫ്, എൻപിഎസ്: ഭാവി സുരക്ഷിതമാക്കാൻ ഏതാണ് മികച്ചത്?

Amritha Elizabath Abraham

ഇപിഎഫ്, പിപിഎഫ്, എൻപിഎസ്: ഭാവി സുരക്ഷിതമാക്കാൻ ഏതാണ് മികച്ചത്?
X

Summary

ഇപിഎഫോ? പിപിഎഫോ എൻപിഎസോ? ഏതാണ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മാർഗം?


ഇന്നത്തെ ജീവിത ശൈലിയും വർദ്ധിച്ചു വരുന്ന ആവശ്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ ജോലി ചെയ്യുമ്പോൾ കിട്ടുന്ന ശമ്പളം മാത്രം പോര, പ്രായമായ ശേഷവും കയ്യിൽ തരക്കേടില്ലാതെ പണം ഉണ്ടാകണം എന്നത് വളരെ പ്രധാന ആവശ്യമാണ് . ഇപിഎഫ് , പിപിഎഫ്, എൻപിഎസ് പോലുള്ള പദ്ധതികൾ ഇതിന് സഹായിക്കുന്നവയാണ്. പക്ഷേ ഇവയിൽ ഏതാണ് നല്ലത് എന്നത് പലർക്കും ആശയകുഴപ്പമുണ്ടാക്കുന്ന കാര്യമാണ്.

ഇപിഎഫ് എന്നത് ജോലി ചെയ്യുന്നവർക്ക് സർക്കാർ നൽകുന്ന റിട്ടയർമൻ്റ് സേവിങ്സ് സ്കീമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ജീവനക്കാരൻ അടയ്ക്കുന്നു. തൊഴിലുടമയും 12 ശതമാനം തന്നെ ഇടുന്നു. ഇതിൽ ഒരു ഭാഗം ഇപിഎഫ് എന്ന പെൻഷൻ പദ്ധതിയിലേക്കും പോകുന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണം, തൊഴിലുടമ കൂടി ഈ സമ്പാദ്യ പദ്ധതിയിലേക്ക് പണം അടക്കുന്നു എന്നതാണ്. ഒരർഥത്തിൽ നമ്മുടെ നിക്ഷേപത്തിന് ബോണസ് ലഭിക്കുന്നത് പോലെ.

ഇപിഎഫ് നിക്ഷേപത്തിന് സർക്കാർ നിശ്ചയിക്കുന്ന പലിശ കിട്ടും, നിലവിൽ 8.25 ശതമാനം പലിശയാണ് ലഭിക്കുക. കൂടാതെ നികുതി ഇളവും ലഭിക്കും. അതിനാൽ നിക്ഷേപ സ്ഥിരതയും സുരക്ഷയും ആഗ്രഹിക്കുന്നവർക്ക് ഇപിഎഫ് നല്ല ഓപ്ഷനാണ്.ആദായ നികുതി നിയമം 80 സി പ്രകാരം ഇതിൽ ടാക്സ് ആനുകൂല്യവും ഉണ്ട്. യുഎഎൻ നമ്പർ ഒരിക്കൽ ലഭിച്ചാൽ ജോലി മാറിയാലും ഇതേ അക്കൗണ്ട് തന്നെ ഉപയോഗിക്കാം.

ഇപിഎഫ് അക്കൗണ്ട് ജോലി ചെയ്യുന്നവർക്കാണ് തുറക്കാനാകുക എങ്കിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ട്, അഥവാ പിപിഎഫ്, ഏതൊരു ഇന്ത്യൻ പൗരനും തുടങ്ങാം . ജോലി ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നം അല്ല. പ്രതിവർഷം കുറഞ്ഞത് 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു ബാങ്ക് ശാഖയിലോ പോസ്റ്റ് ഓഫീസിലോ പോയി തുടങ്ങാം. 15 വർഷം കഴിഞ്ഞാണ് കാലാവധി പൂർത്തിയാവുക. ആവശ്യമെങ്കിൽ കാലാവധി കഴിഞ്ഞാലും അഞ്ചു വർഷം വീതം ഈ അക്കൗണ്ട് എത്ര തവണ വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാൻ സാധിക്കും. നിലവിൽ 7.1 ശതമാനം പലിശ ലഭിക്കുന്നു. നികുതി ആനുകൂല്യങ്ങൾ ലഭ്യമാണ് എന്ന് മാത്രമല്ല പിപിഎഫ് അക്കൗണ്ടിലെ പണം ജപ്തി ചെയ്യാൻ സാധിക്കില്ല എന്ന മെച്ചവുമുണ്ട്. പിപിഎഫ് അക്കൗണ്ടിലും ലോൺ ഓപ്ഷൻ ലഭ്യമാണ്. അക്കൗണ്ടിലെ നിക്ഷേപത്തിന്മേൽ 3-ാം വർഷം മുതൽ ലോൺ ലഭിക്കും.

റിട്ടയർമൻ്റിനായി എൻപിഎസ്

എൻപിഎസ് കുറച്ച് വ്യത്യസ്തമാണ്. മാർക്കറ്റുമായി ബന്ധമുള്ള റിട്ടയർമൻ്റ് പദ്ധതി ആയതിനാൽ ലാഭം കൂടുകയോ കുറയുകയോ ചെയ്യാം. പക്ഷേ ദീർഘകാലത്തിൽ മികച്ച വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ഇതിൽ നിക്ഷേപിക്കുന്ന പണം ഓഹരി, ബോണ്ട്, സർക്കാർ സെക്യൂരിറ്റി തുടങ്ങിയ മാർഗങ്ങളിൽ നിക്ഷേപിക്കപ്പെടും. 60 വയസ്സ് കഴിഞ്ഞേ പണം പൂർണ്ണമായി തുക ലഭ്യമാകൂ. 80C-ന്റെ 1.5 ലക്ഷം പരിധിക്ക് പുറമേ, 80 സിസിഡി(1B) വഴി 50,000 രൂപ കൂടി ടാക്സ് ഇളവ് ലഭിക്കുന്നു. 60 വയസ്സ് ആകുമ്പോൾ 60 ശതമാനം ഒറ്റത്തവണ വാങ്ങാം, ബാക്കി 40 ശതമാനം കൊണ്ട് പ്രതിമാസ പെൻഷൻ ക്രമീകരിക്കണം. ഇ-എൻപിഎസ് വഴി ഓൺലൈനിൽ തന്നെ തുടങ്ങാം. കുട്ടികളുടെ പേരിൽ ഇപ്പോൾ മാതാപിതാക്കൾക്കും എൻപിഎസ് വാത്സല്യ പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം.

സുരക്ഷയാണ് പ്രധാനമെങ്കിൽ ഇപിഎഫ് , പിപിഎഫ് പോലുള്ള പദ്ധതികൾ തിരഞ്ഞെടുക്കാം. കുറച്ച് റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ എൻപിഎസ് വഴി ദീർഘകാലത്തിൽ കൂടുതൽ ലാഭം നേടാൻ കഴിയും.