image

17 Oct 2025 12:54 PM IST

Financial planning

പിഎഫ് വിഹിതം നൽകുന്നുണ്ടോ? പണം പിൻവലിക്കുന്നതിലെ പ്രധാന മാറ്റങ്ങൾ എന്താണ്?

Rinku Francis

പിഎഫ് വിഹിതം നൽകുന്നുണ്ടോ? പണം പിൻവലിക്കുന്നതിലെ  പ്രധാന മാറ്റങ്ങൾ എന്താണ്?
X

Summary

ഇപിഎഫ്ഒ പണം പിൻവലിക്കുന്നതിൽ ഇനി ഒട്ടേറെ മാറ്റങ്ങൾ


പിഫ് വിഹിതം നൽകുന്നവരെയൊക്കെ ഇപിഎഫ്ഒ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.പണം പിൻവലിക്കുന്നതിലും, പെൻഷൻ നിക്ഷേപം പിൻവലിക്കുന്നതിലുമൊക്കെ ചില പ്രധാന മാറ്റങ്ങളുണ്ട്. പൊടുന്നനെ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. എന്നാൽ ഇപിഎഫ് അം​ഗങ്ങളുടെ ദീർഘകാല സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് സ‍ർക്കാ‍ർ പറയുന്നത്.

മാറ്റങ്ങൾ എന്തൊക്കെ?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് , എംപ്ലോയീസ് പെൻഷൻ സ്കീം എന്നിവയിൽ നിന്നുള്ള ഭാഗിക പിൻവലിക്കലുകൾ നിയന്ത്രിക്കുന്ന നിയമങ്ങളാണ് ഇപിഎഫ്ഒ പരിഷ്കരിച്ചിരിക്കുന്നത്. പണം പിൻവലിക്കാൻ കൂടുതൽ എളുപ്പമാണ്. എന്നാൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. ജോലിയിൽ തുടരുന്നവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പല ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ ആകുന്നതിൽ നിയന്ത്രണങ്ങൾ വരുത്തി. എന്നാൽ ഇപിഎഫ് അംഗങ്ങൾക്ക് ഇപ്പോൾ തൊഴിലുടമയുടെയും ജീവനക്കാരുടെയും സംഭാവനകൾ ചേർന്ന 75 ശതമാനം തുക ഒരുമിച്ച് പിൻവലിക്കാൻ ആകുമെന്നത് നേട്ടമാണ്.

നേരത്തെ, ജീവനക്കാരുടെ വിഹിതം മാത്രമേ ഭാഗികമായി പിൻവലിക്കാൻ കഴിയുമായിരുന്നുള്ളൂ. നേരത്തെ ജോലി വിട്ട് രണ്ട് മാസങ്ങൾക്ക് ശേഷം ഇപിഎഫ്, ഇപിഎസ് നിക്ഷേപം പൂർണമായി പിൻവലിക്കാമായിരുന്നെങ്കിൽ ഇനി ഇപിഎഫ് പൂർണമായി പിൻപലിക്കാൻ ഒരുവർഷവും ഇപിഎസ് നിക്ഷേപം പിൻവലിക്കാൻ മൂന്നു വ‍ർഷവും കഴിയണം.

പണം പിൻവലിക്കുന്നതിലെ നിയന്ത്രണങ്ങളും പെൻഷൻ ഫണ്ട് പിൻവലിക്കുന്നതിന് ഏ‍ർപ്പെടുത്തിയിരിക്കുന്ന 36 മാസത്തെ ലോക്ക്-ഇൻ പീരീഡും ചൂണ്ടിക്കാട്ടി ശമ്പള വരുമാനത്തിന്റെ പരസ്യമായ മോഷണമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.

പ്രധാന മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ

ഇപിഎഫ് അം​ഗങ്ങൾക്ക് തൊഴിലില്ലാത്ത സമയത്ത് എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാം. 75 ശതമാനം നിക്ഷേപം ജോലി നഷ്ടപ്പെട്ട ഉടൻ തന്നെ പിൻവലിക്കാൻ കഴിയും. പക്ഷേ ഫൈനൽ സെറ്റിൽമെൻ്റിന് ഒരു വർഷം വേണ്ടി വരും. 25 ശതമാനം തുക അക്കൌണ്ടിൽ നിലനിർത്തണം. തൊഴിൽ നഷ്ടപ്പെട്ട് മൂന്ന് വർഷത്തിന് ശേഷം മാത്രമേ ഇപിഎസ് (പെൻഷൻ) നിക്ഷേപം പിൻവലിക്കാൻ കഴിയൂ. അതേസമയം ജോലിയിൽ തുടരുമ്പോൾ നേരത്തെ 13 കാറ്റഗറികളിലായി ഉപോധികളോടെ അംഗങ്ങൾക്ക് പണം പിൻവലിക്കാൻ ആകുമായിരുന്നെങ്കിൽ ഇനി പണം പിൻവലിക്കാൻ ആകുന്നത് ഭവന നിർമാണം ഉൾപ്പെടെയുള്ള മൂന്ന് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ്.

നേരത്തെ അഞ്ചു മുതൽ ഏഴു വർഷം വരെയുള്ള സേവന കാലാവധി ഭാഗികമായി പണം പിൻവലിക്കുന്നതിന് ആവശ്യമായിരുന്നെങ്കിൽ ഇത് ഇപ്പോൾ 12 മാസമായി ചുരുക്കിയിട്ടുണ്ട്.മുമ്പ് രണ്ട് മൂന്ന് തവണയാണ് ഭാഗികമായി നിക്ഷേപം പിൻവലക്കൽ അനുവദിച്ചിരുന്നതെങ്കിൽ ഇപ്പോൾ പഠനം, ഉൾപ്പെടെയുള്ള ചില ആവശ്യങ്ങൾക്കായി കൂടുതൽ തവണ പണം പിൻവലിക്കാനാകും. അതുപോലെ ഇപിഎസ് പിൻവലിച്ചിട്ടില്ലെങ്കിൽ അം​ഗങ്ങളുടെ മരണശേഷം മൂന്ന് വർഷം വരെ കുടുംബത്തിന് തുടർ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. .