23 March 2026 4:25 PM IST
Summary
ഒരു ലിറ്റർ കഴുതപ്പാലിന് 5000 രൂപ മുതൽ 7000 രൂപ വരെ.50 ലക്ഷം രൂപ വരെ ധനസഹായം. കഴുത വളർത്തലിനായി ഒരു കേന്ദ്ര സർക്കാർ പദ്ധതി
വിഡ്ഢിത്തത്തിന്റെയോ അല്ലെങ്കിൽ കഠിനമായ അധ്വാനഭാരത്തിന്റെയോ പര്യായമായിട്ടാണ് നാം പലപ്പോഴും കഴുതകളെ കാണാറുള്ളത്. എന്നാൽ ആധുനിക ബിസിനസ് ലോകത്ത് കഴുതകൾ വെറുമൊരു മൃഗമല്ല, മറിച്ച് കോടികൾ വരുമാനം നേടിത്തരുന്ന ഒരു വൻകിട സംരംഭത്തിന്റെ അടിത്തറയാണ്. ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കഴുതകളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് പരിഹരിക്കുന്നതിനായി കഴുത വളർത്തലിന് കേന്ദ്ര സർക്കാർ ഇപ്പോൾ വൻതോതിലുള്ള സബ്സിഡി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്. നാഷണൽ ലൈവ്സ്റ്റോക്ക് മിഷന്റെ ഭാഗമായി കഴുത വളർത്തൽ തുടങ്ങുന്നവർക്ക് 50 ലക്ഷം രൂപ വരെ ധനസഹായം നൽകാനുള്ള തീരുമാനം കാർഷിക മേഖലയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
50 ലക്ഷം രൂപ വരെ ലോൺ
ഇന്ത്യയിലെ കഴുതകളുടെ അവസ്ഥ പരിശോധിച്ചാൽ 2012-ൽ 3.2 ലക്ഷം ഉണ്ടായിരുന്നിടത്ത് നിന്ന് 2019 ആയപ്പോഴേക്കും വെറും 1.23 ലക്ഷമായി ചുരുങ്ങി. അതായത് 7 വർഷത്തിനുള്ളിൽ 60 ശതമാനത്തോളം കുറവ്. യന്ത്രവൽക്കരണം വന്നതോടെ കഴുതകളുടെ ഉപയോഗം കുറഞ്ഞുവെന്ന തെറ്റായ ചിന്താഗതിയാണ് ഈ മൃഗങ്ങൾ വംശനാശത്തിന്റെ വക്കിലെത്താൻ കാരണം. ഇത് തിരിച്ചറിഞ്ഞ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്, കഴുത വളർത്തലിനെ ഒരു ലാഭകരമായ ബിസിനസ് ആക്കി മാറ്റാൻ സഹായം നൽകുകയാണ്. പദ്ധതി ചെലവിന്റെ 50 ശതമാനം വരെ, അതായത് പരമാവധി 50 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി അനുവദിക്കുന്നത്. വ്യക്തികൾക്കും സ്വയംസഹായ ഗ്രൂപ്പുകൾക്കും കർഷക കൂട്ടായ്മകൾക്കും ഒരുപോലെ ഈ പദ്ധതി പ്രയോജനപ്പെടുത്താം.
എന്തുകൊണ്ടാണ് കഴുത വളർത്തൽ ഇത്ര ലാഭകരമാകുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള പ്രധാന ഉത്തരം കഴുതപ്പാലാണ്. വിപണിയിൽ ഒരു ലിറ്റർ കഴുതപ്പാലിന് 5000 മുതൽ 7000 രൂപ വരെയാണ് ഇന്ന് വില. പശുവിൻ പാലിനേക്കാൾ പോഷകഗുണമുള്ള ഈ പാൽ ഔഷധ നിർമ്മാണത്തിനും സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്ന വിറ്റാമിനുകൾ അടങ്ങിയതിനാൽ പ്രമുഖ കോസ്മെറ്റിക് കമ്പനികൾ കഴുതപ്പാലിനായി വലിയ തുക ചെലവഴിക്കുന്നു.
വരുമാനം നൽകും ഇജിയാവോ
ഇന്ത്യക്ക് പുറമെ ചൈനയിലും അയൽരാജ്യമായ പാകിസ്ഥാനിലും കഴുത വളർത്തലിന് വലിയ പ്രസക്തിയുണ്ട്. ചൈനയിലെ പരമ്പരാഗത മരുന്നായ 'ഇജിയാവോ' നിർമ്മിക്കാൻ കഴുതകളുടെ തോൽ വലിയ തോതിൽ ആവശ്യമാണ്. കഴുതപ്പാലിൽ നിന്ന് നിർമ്മിക്കുന്ന പനീർ, സോപ്പ്, ലോഷൻ തുടങ്ങിയ മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ ഡിമാൻഡുണ്ട്. ഒരു കഴുത ഒരു ദിവസം നൽകുന്ന പാലിന്റെ അളവ് വളരെ കുറവായതിനാലാണ് ഈ ഉൽപന്നങ്ങൾക്ക് വിപണിയിൽ ഇത്രയേറെ വില ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഈ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ഇന്ത്യയിലെ കർഷകർക്ക് വലിയ തോതിൽ വിദേശ നാണ്യം നേടിയെടുക്കാൻ സാധിക്കും.
ഒരു ബ്രീഡിംഗ് ഫാം ആരംഭിക്കാൻ കുറഞ്ഞത് 50 പെൺ കഴുതകളും 5 ആൺ കഴുതകളും വേണമെന്നാണ് സർക്കാരിന്റെ നിബന്ധന. പശു കിസാൻ ക്രെഡിറ്റ് കാർഡ് വഴി മറ്റ് വായ്പകളും ഇതിനോടൊപ്പം ലഭ്യമാണ്. സംരംഭകർക്ക് 'nlm.udyamimitra.in' എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുകയും ബാങ്കുകളുടെ അംഗീകാരം ലഭിക്കുകയും ചെയ്താൽ സബ്സിഡി തുക രണ്ട് ഘട്ടങ്ങളിലായി ലഭിക്കും. തദ്ദേശീയമായ കഴുത ഇനങ്ങളെ സംരക്ഷിക്കുക എന്ന വലിയ ദൗത്യം കൂടി ഈ പദ്ധതിക്ക് പിന്നിലുണ്ട്.
കൃത്യമായ ആസൂത്രണവും വിപണന തന്ത്രങ്ങളും ഉണ്ടെങ്കിൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പോലും ഹൈടെക്ക് കഴുത ഫാമുകൾ വിജയിപ്പിക്കാ്ം. വംശനാശഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ ലക്ഷക്കണക്കിന് രൂപ വരുമാനം നേടാൻ സാധിക്കുന്ന ഇത്തരം സംരംഭങ്ങൾ നമ്മുടെ കാർഷിക ഭൂപടത്തെയും മാറ്റിമറിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
