image

4 March 2024 11:24 AM GMT

Financial planning

വനിതകളേ സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കൂ

Nominitta Jose

വനിതകളേ സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കൂ
X

Summary

  • നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങള്‍ക്കുണ്ടെന്ന് ഓര്‍ക്കുക
  • സാമ്പത്തിക ആരോഗ്യത്തിന് ആദ്യം വേണ്ടത് സമ്പാദ്യമുണ്ടായിരിക്കുക എന്നതാണ്
  • നിക്ഷേപം സ്ഥിരതയാര്‍ന്നതാണെങ്കില്‍ റിട്ടേണിലും അത് പ്രകടമാകും


വീട്ടമ്മമാര്‍ എന്ന ലേബലില്‍ നിന്നും കരിയര്‍ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കുന്ന സ്ത്രീകള്‍ അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. പുതിയ ഉയരങ്ങള്‍ താണ്ടിയുള്ള യാത്രക്കിടയില്‍ അവര്‍ ബാലന്‍സ് ചെയ്യുന്ന റോളുകളോ മകള്‍, ഭാര്യ, മരുമകള്‍, അമ്മ എന്നിങ്ങനെ മാറിയും മറിഞ്ഞും ഓരോ കാലഘട്ടത്തിലും ഓരോന്നാകും.

വനിതകള്‍ അവരുടെ പ്രൊഫഷണില്‍ മികച്ച പദവികള്‍ നേടിയെടുക്കുന്നത് എത്രയോ വര്‍ഷത്തെ അദ്ധ്വാനം, വെല്ലുവിളികള്‍, പിന്നോട്ട് വലിക്കുന്ന നിരവധി ഘടകങ്ങള്‍ എന്നിവയെയെല്ലാം തരണം ചെയ്താകും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മികച്ച രീതിയില്‍ തുടരുക, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക, ആഗ്രഹിച്ച ജീവിത രീതി പിന്തുടരുക എന്നീ ലക്ഷ്യങ്ങളൊക്കെ ഇതിനു പിന്നിലുണ്ടാകും.

അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിന് കൈ നീട്ടേണ്ടി വന്നാല്‍

പല സ്ത്രീകളും പ്രൊഫഷണല്‍ രംഗത്ത് മിടുക്കരായിരിക്കും. പക്ഷേ, അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പലരും ഭര്‍ത്താവിന്റെ, അച്ഛന്റെ, സഹോദരന്റെയൊക്കെ മുന്നില്‍ കൈ നീട്ടി നില്‍ക്കേണ്ടവരാകാറുണ്ട്. അത് ദിവസവും വേണ്ട വണ്ടിക്കൂലിയ്‌ക്കോ, ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങാനോ, കൂട്ടുകാര്‍ക്കൊപ്പം ഒരു കാപ്പി കുടിക്കാനോ ഒക്കെയാകും.

നിങ്ങള്‍ നിങ്ങളുടെ പ്രൊഫഷനിലും ജീവിതത്തിലെ വിവിധ റോളുകളിലും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങള്‍ക്കുണ്ടെന്ന് ഓര്‍ക്കുക. കുടുംബം നിങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന ഇടമാണ്. പക്ഷേ, നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാനുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണ് അതിനായി കൃത്യമായ ധനകാര്യ ആസൂത്രണം ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്നും ഓര്‍ക്കുക. ആ ഉത്തരവാദിത്തം ധൈര്യത്തോടെ ഏറ്റെടുക്കുക. ധനകാര്യ ആസൂത്രണം കൃത്യമായി നടത്തി സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നീങ്ങാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

സേവിംഗ്‌സ് ആരംഭിക്കാം

'പേയിംഗ് യുവര്‍ സെല്‍ഫ് ' നിങ്ങള്‍ക്കായി സമ്പാദിക്കുക. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നുണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ഭാവിക്കായി അല്‍പ്പം തുക മാറ്റിവെയ്ക്കുക. സാമ്പത്തിക ആരോഗ്യത്തിന് ആദ്യം വേണ്ടത് സമ്പാദ്യമുണ്ടായിരിക്കുക എന്നതാണ്. കാരണം ജീവിതച്ചെലവുകളും പണപ്പെരുപ്പവും ദിനം പ്രതിയെന്നോണം വര്‍ധിക്കുകയാണ്.അതിനെതിരെ പോരാടാന്‍ ചെറിയ സമ്പാദ്യങ്ങളൊന്നും തികയാതെ വരും. വെറുതെ മാറ്റിവെച്ചിട്ട് കാര്യമില്ല. കൃത്യമായി നിങ്ങള്‍ക്കായി പണിയെടുക്കുന്ന നിക്ഷേപ ഓപ്ഷനുകളില്‍ വേണം നിക്ഷേപിക്കാന്‍ എങ്കിലെ സമ്പാദ്യം വളരൂ.

വിവേകത്തോടെയും സ്ഥിരതയോടെയും നിക്ഷേപിക്കാം

നിക്ഷേപം സ്ഥിരതയാര്‍ന്നതാണെങ്കില്‍ റിട്ടേണിലും അത് പ്രകടമാകും എന്നോര്‍ക്കുക. ഓരോ മാസവും ഇത്ര തുക നിക്ഷേപിക്കും എന്നു തീരുമാനമെടുത്താല്‍ അത് തുടരുക. നിക്ഷേപ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൂട്ടുകാരൊക്കെ ഇതാണ് ചെയ്യുന്നത് അതുകൊണ്ട് ഞാനും ഇത് തെരഞ്ഞെടുത്തു എന്നല്ല പറയേണ്ടത്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്, എത്ര വര്‍ഷം കൊണ്ടാണ് ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കേണ്ടത്, ഇതിനായി എത്ര തുക വേണം എന്നതൊക്കെ ആദ്യമേ തീരുമാനിക്കുക. അതിനൊപ്പം നിക്ഷേപിക്കാന്‍ കയ്യില്‍ എത്ര രൂപയുണ്ടെന്ന് നിശ്ചയിക്കുക. ഇതിനെല്ലാം ശേഷം ഇതിനായി ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷന്‍ കണ്ടെത്തുക. അത് എഫ്ഡി, ആര്‍ഡി, മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണം, ഇടിഎഫ് എന്നിങ്ങനെ എന്തുമാകാം. ആരെയും അനുകരിക്കലല്ല സമ്പത്ത് സൃഷ്ടിക്കാനുള്ള വഴി. സ്വയം ഒരു മാതൃക നിര്‍മ്മിക്കുകയാണ് വേണ്ടത്.

ഒരു ഇന്‍ഷുറന്‍സ് കവറേജ് നിര്‍ബന്ധമാണ്

നിക്ഷേപം, സമ്പാദ്യം എന്നിവയ്‌ക്കൊപ്പം നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോഴും അത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ലൈഫ് ഇന്‍ഷുറന്‍സും ഹെല്‍ത്ത് ഇന്‍ഷുറന്‍സും ആവശ്യമാണ്. കാരണം അത് മനസമാധാനത്തിനും സാമ്പത്തിക പ്രതിസന്ധിഘട്ടങ്ങളില്‍ പിന്തുണ നല്‍കുന്നതിനും ഉപകരിക്കും. അത് നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് നിങ്ങളുടെ അഭാവത്തിലും നല്‍കുന്ന സാമ്പത്തിക സുരക്ഷ വലുതാണ്. മാത്രമല്ല ചികിത്സ ചെലവിലും അനുദിനമാണ് വര്‍ധനയുണ്ടാകുന്നത്.

അടിയന്തര ഫണ്ട് സ്വരൂപിക്കുക

ജീവിതം എപ്പോഴും ശാന്തമായി മാത്രമല്ല മുന്നോട്ട് പോവുക എന്നോര്‍ക്കുക. ജോലി നഷ്ടപ്പെടുക, കുടുംബത്തിലെ ആരുടെയെങ്കിലും മരണം, ഗുരുതര രോഗങ്ങള്‍ എന്നിവയൊക്കെ ജീവിതത്തിന്റെ താളം തെറ്റിക്കും എന്നോര്‍ക്കുക. അത്തരം സാഹചര്യങ്ങളില്‍ മാനസിക ബുദ്ധിമുട്ടിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടു കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയിലേക്കായിരിക്കും ജീവിതത്തെ എത്തിക്കുക. അതുകൊണ്ട് ഇത്തരം ഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാനായി ഒരു അടിയന്തര നിധി സ്വരൂപിക്കണം. അത് ജോലിയുള്ള കാലത്ത് കുറച്ച് കുറച്ച് മാറ്റിവെച്ച് സൃഷ്ടിക്കാം. മറ്റ് സമ്പാദ്യ, നിക്ഷേപങ്ങളോടൊപ്പം ഇത് പരിഗണിക്കരുത്. ഒരു വര്‍ഷം മുതലുള്ള കാലയളവിലേക്കായി ഇത് സ്വരൂപിക്കാം. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വേണം. അതില്‍ നിങ്ങളുടെ അക്കാലയളവിലെ ഇഎംഎ, ദൈനംദിന ചെലവുകള്‍ എന്നിങ്ങനെ എല്ലാം ഉള്‍പ്പെടുത്തി വേണം ഫണ്ട് സ്വരൂപിക്കാന്‍. വേഗത്തില്‍ പണമാക്കി മാറ്റാനുള്ള സൗകര്യമുള്ള നിക്ഷേപ ഓപഷന്‍ ഇതിനായി തെരഞ്ഞെടുക്കാം.

നികുതിയാസൂത്രണം

കൃത്യമായ നികുതിയാസൂത്രണം ആരോഗ്യമുള്ള ധനകാര്യ ആസൂത്രണത്തിന്റെ ലക്ഷണമാണെന്ന് ഓര്‍ക്കുക. അതിനാല്‍, നിക്ഷേപം, ഇന്‍ഷുറന്‍സ് എന്നിവ തെരഞ്ഞെടുക്കുന്നതിനൊപ്പം നികുതിയാസൂത്രണവും ചെയ്യുക. നികുതിയിളവുകള്‍ക്കും നിങ്ങളുടെ സമ്പാദ്യത്തില്‍ സ്ഥാനമുണ്ട്. അതിനായി ഒരു നികുതി വിദഗ്ധനെ സമീപിക്കുകയും ചെയ്യാം.