6 Feb 2026 1:12 PM IST
Summary
ഇടിഞ്ഞ് ഗോൾഡ് , സിൽവർ ഇടിഎഫ് ഫണ്ടുകൾ. ഇപ്പോൾ നിക്ഷേപിക്കണോ?
സ്വർണം, വെള്ളി വില കുത്തനെ ഇടിഞ്ഞതോടെ ഗോൾഡ്, സിൽവർ ഇടിഎഫുകളിലും ഇടിവ്. കഴിഞ്ഞ ദിവസങ്ങളിൽ വിലയേറിയ ലോഹങ്ങളുടെ വിലയിൽ ഉണ്ടായ ഇടിവ് ഇടിഎഫുകളിലും പ്രതിഫലിച്ചു. ജനുവരി അവസാനത്തോടെ റെക്കോഡ് ഉയരത്തിൽ എത്തിയിരുന്ന മിക്ക ഫണ്ടുകളും ഇപ്പോൾ ഇടിഞ്ഞിട്ടുണ്ട്. സിൽവർ ഇടിഎഫുകളിൽ പലതും ഏകദേശം എട്ടു ശതമാനവും ഗോൾഡ് ഇടിഎഫുകൾ മൂന്നു ശതമാനവുമാണ് ഇടിഞ്ഞത്.
വെള്ളിയാഴ്ചത്തെ ആദ്യ വ്യാപാര സെഷനുകളിൽ എംസിഎക്സിൽ മാർച്ചിൽ കാലാവധി അവസാനിക്കുന്ന സിൽവർ ഫ്യൂച്ചറുകൾ ഏകദേശം 6 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 2.29 ലക്ഷം രൂപയായി. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 4.2 ലക്ഷം രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില ഉയർന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ സിൽവർ ഫ്യൂച്ചറുകൾ ഇപ്പോൾ 45 ശതമാനം ഇടിഞ്ഞിട്ടുണ്ട്. സ്വർണ്ണ ഫ്യൂച്ചറുകളിലും കുത്തനെ ഇടിവുണ്ട്.
ഇടിഞ്ഞ പ്രധാന ഇടിഎഫുകൾ ഏതാക്കെ?
എഡൽവീസ് സിൽവർ ഇടിഎഫ് എട്ടു ശതമാനത്തിലധികം ഇടിഞ്ഞ് 232.66 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആദിത്യ ബിർള സൺ ലൈഫ് സിൽവർ ഇടിഎഫ് ഏകദേശം എട്ടു ശതമാനം ഇടിഞ്ഞു, എസ്‌ബിഐ സിൽവർ ഇടിഎഫ്, എച്ച്ഡിഎഫ്‌സി സിൽവർ ഇടിഎഫ്, സെറോദ സിൽവർ ഇടിഎഫ്, യുടിഐ സിൽവർ ഇടിഎഫ്, ടാറ്റ സിൽവർ ഇടിഎഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ സിൽവർ ഇടിഎഫ്, നിപ്പോൺ ഇന്ത്യ സിൽവർ ഇടിഎഫ് എന്നിവ ഏകദേശം ഏഴു ശതമാനം വീതം ഇടിഞ്ഞു.
ഗോൾഡ് ഇടിഎഫുകളിൽ, മോത്തിലാൽ ഒസ്വാൾ ഗോൾഡ് ഇടിഎഫ് ഏകദേശം 3 ശതമാനം ഇടിഞ്ഞു, ഐസിഐസിഐ പ്രുഡൻഷ്യൽ ഗോൾഡ് ഇടിഎഫ്, ഡിഎസ്പി ഗോൾഡ് ഇടിഎഫ്, യുടിഐ എംഎഫ് ഗോൾഡ് ഇടിഎഫ് എന്നിവയും മറ്റുള്ളവയും ഏകദേശം 2 ശതമാനം ഇടിഞ്ഞു. അതേസമയം ആഗോള അനിശ്ചിതാവസ്ഥകളുടെ സമയത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ വിലയേറിയ ലോഹങ്ങളെ ആശ്രയിക്കുന്നത് വീണ്ടും ഇവയുടെ ഡിമാൻഡ് ഉയർത്തും. ദീർഘകാല നേട്ടം ലക്ഷ്യമിട്ട് മികച്ച ഫണ്ടുകളിലുള്ള നിക്ഷേപം നേട്ടമാകുമെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.
സ്വർണം, വെള്ളി വില എന്തുകൊണ്ടാണ് ഇടിയുന്നത്?
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത ഫെഡറൽ റിസർവ് ചെയർമാനായി കെവിൻ വാർഷിനെ നിർദേശിച്ചത് ഓഹരി വിപണികൾക്ക് അനുകൂലമായി. നയങ്ങളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ യുഎസ് ഡോളർ കരുത്താർജിക്കാൻ കാരണമായിട്ടുണ്ട്. വിലയേറിയ ലോഹങ്ങളുടെ കുതിപ്പിന് ഇത് തിരിച്ചടിയാകുകയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
