12 Jan 2026 12:21 PM IST
Gold Price Forecast : സ്വർണ വില പറക്കുന്നു; നേട്ടത്തിനായി സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കണം?
Rinku Francis
Summary
സ്വർണ വില ഇങ്ങനെ കുതിക്കുമ്പോൾ പോർട്ട്ഫോളിയോയിൽ എത്ര തുക സ്വർണത്തിനായി നീക്കി വയ്ക്കണം. പരമാവധി നേട്ടത്തിനായി നിക്ഷേപിക്കേണ്ടത് എങ്ങനെയൊക്കെ?
സ്വർണ വില ഇങ്ങനെ കുതിച്ചുകൊണ്ടിരിക്കുമ്പോൾ നിക്ഷേപ പോർട്ട്ഫോളിയോയിൽ എത്ര തുക സ്വർണത്തിനായി നീക്കി വയ്ക്കണം? മിക്കവർക്കുമുള്ള ഒരു സംശയമാണിത്. എന്നാൽ ഇപ്പോൾ സ്വർണത്തിൽ നിന്ന് മാത്രമല്ല വെള്ളി ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളിൽ നിന്നും നേട്ടം കൈവരിക്കാനാകുന്ന രീതിയിൽ പോർട്ട്ഫോളിയോ വിപുലീകരിക്കാം എന്ന് അനലിസ്റ്റുകൾ പറയുന്നു. ഗോൾഡ് , സിൽവർ ഫണ്ടുകൾ മാത്രമല്ല മികച്ച ഫ്ലെക്സി കാപ് ഫണ്ടുകളും നിക്ഷേപകർക്ക് നേട്ടം നൽകും. മറ്റ് ലോഹങ്ങളിലും ശ്രദ്ധയോടെ നിക്ഷേപം നടത്താം.
മറ്റ് പല വിലയേറിയ ലോഹങ്ങളുടെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ വിലയിലെ മുന്നേറ്റം ഒന്നുമല്ലെന്നത് ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹനങ്ങൾ മുതൽ സൗരോർജ്ജ ഉപകരണങ്ങൾക്കും ഡാറ്റാ സെന്ററുകൾക്കുള്ള ഹാർഡ്‌വെയറുകൾക്കും തുടങ്ങി എല്ലാത്തിനും വെള്ളി വേണം. അതുകൊണ്ട് തന്നെ വില ഈ വർഷം സ്വർണ്ണത്തേക്കാൾ ഇരട്ടിയിലധികം ഉയർന്നിട്ടുമുണ്ട്. ഡിമാൻഡിനനുസരിച്ച് വിതരണമില്ലാത്തതിനാൽ വില വീണ്ടും കുത്തനെ ഉയരാനുള്ള സാധ്യതകളുണ്ട്. പ്ലാറ്റിനം, പല്ലേഡിയം തുടങ്ങിയ ലോഹങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ്.
സ്വർണ തേരോട്ടം എങ്ങനെ കാണാതിരിക്കും?
മറ്റ് ലോഹങ്ങളുടെയൊക്കെ വില കുതിക്കുന്നുണ്ടെങ്കിലും മിക്കവർക്കും സ്വർണത്തോട് തന്നെയാണ് കൂടുതൽ താൽപ്പര്യം. 2025 ലെ റെക്കോർഡ് റാലിക്ക് ശേഷം പുതുവർഷവും സ്വർണ വിലയിൽ വലിയ മുന്നേറ്റമുണ്ട്. കുടുംബങ്ങളും നിക്ഷേപകരും കേന്ദ്ര ബാങ്കുകളുമൊക്കെ സ്വർണം വാരിക്കൂട്ടുന്നത് തുടരുന്നു.
ഇന്ത്യൻ കുടുംബങ്ങളിൽ മാത്രം മൊത്തം 34,600 ടൺ സ്വർണ്ണം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഇനിയും ഉയരും. വില ഉയർന്നിട്ടും 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏകദേശം 5800 കോടി ഡോളറിന്റെ സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത്. 2024 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വർദ്ധന.
15 ശതമാനം വരെ നീക്കി വയ്ക്കാം
നിലവിലെ ആഗോള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സ്വർണ വില മുന്നേറുമെന്ന് നിരീക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. സമീപഭാവിയിൽ ട്രോയ് ഔൺസിന് 5000 മുതൽ 6000 ഡോളർ വരെ തൊട്ടേക്കാമെന്ന് ബിഎൻപി പാരിബാസ് ചീഫ് സ്ട്രാറ്റജി ഓഫീസർ ഫിലിപ്പ് കയ്സെൽസ് ചൂണ്ടിക്കാട്ടുന്നു. വെള്ളി മൂന്നക്കം തൊടും. പ്ലാറ്റിനത്തിനും വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിക്ഷേപകർ എല്ലാവരും തന്നെ കൂടുതൽ നേട്ടത്തിനായി പോർട്ട്ഫോളിയോയിൽ 5 -15 ശതമാനം സ്വർണത്തിനായി നീക്കി വയ്ക്കണമെന്ന് പറയുന്നത് ലോകത്തിലെ തന്നെ വൻകിട നിക്ഷേപകരിൽ ഒരാളായ റെ ഡാലിയോയാണ്. ബുൾ റൺ ഇല്ലെങ്കിൽ താരതമ്യേന കുറഞ്ഞ നേട്ടം നൽകുന്ന സ്വർണം പക്ഷേ കടപ്പത്രങ്ങൾ ഉൾപ്പെടെ മറ്റ് ആസ്തികൾ ഇടിഞ്ഞു നിൽക്കുമ്പോൾ ആകർഷകമായിരിക്കും. ഇതാണ് പോർട്ട്ഫോളിയോയിൽ സ്വർണവും ഉൾപ്പെടുത്താൻ പറയുന്നതിനുള്ള ഒരു കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
