image

27 Dec 2025 4:32 PM IST

Financial planning

Year Ender 2025 : ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെ?

MyFin Desk

Year Ender 2025 : ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
X

Summary

2025 ലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായിരുന്നു ജിഎസ്ടിയിലെ മാറ്റങ്ങൾ. പ്രധാന മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ


പോയ വർഷം രാജ്യം കണ്ട നികുതി പരിഷ്കരണം ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്കരണം കൂടെയാണ്. എന്താണ് ടാക്സ് സ്ലാബിൽ വന്ന പ്രധാന മാറ്റം? പ്രധാന ടാക്സ് സ്ലാബുകൾ രണ്ടായി കുറച്ചു. നേരത്തെ ഉണ്ടായിരുന്ന നാലു സ്ലാബുകൾ അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടു പ്രധാന സ്ലാബുകളിലേക്കാണ് ചുരുക്കിയത്. നേരത്തെ 5 ശതമാനം, 12, ശതമാനം, 18, ശതമാനം, 28 ശതമാനം എന്നിങ്ങനെയായിരുന്നു നികുതി നിരക്കുകൾ.

അഞ്ചു ശതമാനം നികുതി സ്ലാബിൽ എന്തൊക്കെ?

ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പല വസ്തുകളും, പാക്കേജുചെയ്ത ഭക്ഷണവും, കാർഷിക ഉൽപ്പന്നങ്ങളുമൊക്കെ ഇപ്പോൾ അഞ്ചു ശതമാനം സ്ലാബിലാണ്. സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ്, വെണ്ണ, നെയ്യ്, നാപ്കീൻ, കാർഷിക യന്ത്രങ്ങൾ, തെർമോമീറ്ററുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ തുടങ്ങിയവയൊക്കെ ഇപ്പോൾ അഞ്ചു ശതമാനം സ്ലാബിലാണ്. 7,500 രൂപ വരെ വാടകയുള്ള ഹോട്ടൽ താമസത്തിനും അഞ്ചുശതമാനമാണ് നികുതി.

18 ശതമാനം സ്ലാബ്

മിക്ക ഉപഭോക്തൃ ഉൽപ്പന്നങ്ങളും വാഹനങ്ങളുമൊക്കെ ഇപ്പോൾ 18 ശതമാനം സ്ലാബിലാണ്. എയർ കണ്ടീഷണറുകൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾ, സിമന്റ് എന്നിവയെല്ലാം ഉയർന്ന സ്ലാബിൽ നിന്ന് 18 ശതമാനം നികുതി സ്ലാബിലേക്ക് മാറി. നേരത്തെ 28 ശതമാനം സ്ലാബിൽ വന്നിരുന്ന മിക്ക ഉൽപ്പന്നങ്ങളും ഇപ്പോൾ ഈ സ്ലാബിലാണ്.

ചില ഉൽപ്പന്നങ്ങൾക്ക് നികുതി ഇല്ല

ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, 33 ജീവൻ രക്ഷാ മരുന്നുകൾ, പെൻസിലുകൾ, നോട്ട്ബുക്കുകൾ പോലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ, ചില പ്രീ പാക്കേജ്ഡ് ഭക്ഷ്യ വസ്തുക്കൾ എന്നിവയ്ക്ക് ഇനി നികുതി ഇല്ല എന്നതാണ് ജിഎസ്ടിയിൽ കൊണ്ടുവന്ന മറ്റൊരു ശ്രദ്ധേയ മാറ്റം.

ആഡംബര വസ്തുക്കൾക്കായി 40 ശതമാനം സ്ലാബ്

ആഡംബര ഉൽപ്പന്നങ്ങൾക്കും വാഹനങ്ങൾക്കുമൊക്കെയായി പുതിയ നികുതി സ്ലാബ് രൂപീകരിച്ചു എന്നത് ശ്രദ്ധേയമാണ്.പാൻ മസാല, കാസിനോകൾ, ഓൺലൈൻ ഗെയിമിംഗ് എന്നിവയ്ക്കും ഇപ്പോൾ 40 ശതമാനമാണ് നികുതി. ആഡംബര കാറുകൾ, നൌകകൾ, സ്വകാര്യ വിമാനങ്ങൾ എന്നിവയൊക്കെ ഇപ്പോൾ 40 ശതമാനം സ്ലാബിലാണ്.