7 May 2026 2:58 PM IST
Summary
ഹോംലോൺ എടുത്ത് മെട്രോ നഗരത്തിൽ ഒരു കോടി രൂപയുടെ വീട് വാങ്ങിയ ഒരാൾ. വാടക വീട്ടിൽ താമസിച്ച് ഇഎംഐ തുക ലാഭിച്ച് നിക്ഷേപം നടത്തിയ മറ്റൊരാൾ. 20 വർഷത്തിന് ശേഷം ഇരുവരുടെയും നിക്ഷേപത്തിൻ്റെ മൂല്യം എത്ര?
സ്വന്തമായി ഒരു വീട് വാങ്ങുന്നതാണോ ലോൺ എടുത്ത് വീട് വയ്ക്കുന്നതാണോ ലാഭം? ഫിനാൻഷ്യൽ പ്ലാനിങിന് പ്രാധാന്യം നൽകുന്നവരൊക്കെ സ്വയം ചോദിക്കാറുള്ള ഒരു ചോദ്യമാണിത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ വീട് എന്നത് മിക്കവരുടെ വൈകാരികമായ ഒരു തീരുമാനമാണ്. ഇതിനായി സാധാരണക്കാരും ഇടത്തരക്കാരും ആശ്രയിക്കുന്നത് ഹോം ലോണുകളെയും. എന്നാൽ ലോൺ തിരിച്ചടവായി മുതലും പലിശയും ചേർത്ത് നല്ലൊരു തുക ദീർഘകാലത്തിൽ തിരിച്ചടക്കുമ്പോൾ മിക്കവർക്കും നഷ്ടപ്പെടുന്നത് സമ്പാദ്യത്തിൻ്റെ വലിയൊരു ഭാഗം കൂടെയാണ്.
ഏതാണ്ട് ഒരേ മൂല്യമുള്ള വീടിനായി 15 വർഷം വാടക ഇനത്തിൽ ചെലവാകുന്ന തുകയും വീടിൻ്റെ ഇഎംഐ ആയി അടക്കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ട് താനും. പലിശ ഇനത്തിൽ പാഴാകുന്ന തുക നിക്ഷേപിക്കാൻ തീരുമാനിച്ചാൽ തന്നെ രണ്ട് പതിറ്റാണ്ടുകൊണ്ട് വലിയൊരു സമ്പത്ത് സൃഷ്ടിക്കാനാകും. സ്വത്തിൻ്റെ മൂല്യത്തേക്കാൾ വലിയ തുക ദീർഘകാല നിക്ഷേപത്തിലൂടെ നേടാനുമാകും.
മെട്രോ നഗരങ്ങളിലെ പ്രോപ്പർട്ടി വില കുത്തനെ ഉയർന്നിരിക്കുന്നത് പോലെ തന്നെ, ഭവന വായ്പ പലിശ നിരക്കുകളും കൂടുതലാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വാടക തുക കുറവാണ്. ഹോം ലോണിനായി ചെലവഴിക്കുന്ന തുക ഇതേകാലയളവിൽ ഓഹരികളിലാണ് ചെലവഴിക്കുന്നതെങ്കിൽ വലിയ സമ്പാദ്യം സ്വരുക്കൂട്ടാനാകും.
ഒരു ദേശീയ മാധ്യമത്തിൻ്റെ താരതമ്യം ശ്രദ്ധിക്കുക
ഡൽഹി പോലുള്ള ഒരു മെട്രോ നഗരത്തിൽ ഒരു കോടി രൂപ വിലയുള്ള ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നു എന്ന് കരുതുക. ഇന്ന് പല നഗരപ്രദേശങ്ങളിലും ഒരു മിഡ്-റേഞ്ച് അപ്പാർട്ട്മെന്റിന് ഈ തുക ചെലവാകുന്നതിനാൽ അമ്പരക്കേണ്ടതില്ല. ഈ വീട് വാങ്ങാനായി 20 ശതമാനം തുക ഡൗൺ പെയ്‌മെന്റായി നൽകണം. കൂടാതെ, രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയുമൊക്കെയായി അധിക നിരക്കുകൾ നൽകണം. 6 ശതമാനം അധിക നിരക്ക് കണക്കാക്കുമ്പോൾ ഏകദേശം 6 ലക്ഷം രൂപ കൂടി അധികം നൽകേണ്ടി വരും. ഏകദേശം 26 ലക്ഷം രൂപയാണ് ഒരുമിച്ച് തന്നെ നൽകേണ്ടി വരിക.
ബാക്കി 80 ലക്ഷം രൂപ ഹോംലോണിലൂടെ കണ്ടെത്താം. 20 വർഷത്തേക്ക് എട്ടു ശതമാനം പലിശ നിരക്കിൽ ഇഎംഐയായി പണം അടക്കണമെങ്കിൽ തന്നെ 66000 രൂപയിലധികം പ്രതിമാസം നൽകേണ്ടി വരും. ലോൺ കാലാവധി കഴിയുമ്പോൾ മുതലും പലിശയും എല്ലാം കൂടി തിരിച്ചടക്കേണ്ടി വരുന്നത് 1 .60 കോടി രൂപയിലേറെ.
ഹോംലോൺ എടുക്കാതെ വാടകക്ക് താമസിക്കാൻ തീരുമാനിക്കുന്ന ഒരാൾ കയ്യിൽ വരുന്ന അധിക തുക എസ്ഐപി ആയി നിക്ഷേപിക്കാൻ ഒരുങ്ങുന്നു എന്ന് കരുതുക. 20 വർഷത്തേക്ക് 40000 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കിൽ കയ്യിൽ വരുന്ന സമ്പാദ്യം നാലുകോടി രൂപയും.
പഠിക്കാം & സമ്പാദിക്കാം
Home
