image

14 Nov 2025 12:25 PM IST

Financial planning

പേഴ്സണൽ ലോൺ എടുക്കാൻ ഒരുങ്ങുകയാണോ? പോക്കറ്റ് ചോരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Arun K R

are you planning to take a personal loan, here are some things to keep your pocketbook clear
X

Summary

പേഴ്സണൽ ലോൺ എടുക്കാൻ ഒരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ


ഒരു അപ്രതീക്ഷിത മെഡിക്കൽ ആവശ്യം, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്, അല്ലെങ്കിൽ വീട് പുതുക്കിപ്പണിയൽ, അങ്ങനെ…പല കാരണങ്ങൾക്ക് പേഴ്സണൽ ലോൺ എടുക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ പേഴ്സണൽ ലോണുകളെക്കുറിച്ച് പലപ്പോഴും മിക്കവ‍ർക്കും ശരിയായ അവബോധമില്ല. ചിലർക്കാവട്ടെ ഒട്ടേറെ തെറ്റിധാരണകളും. നമ്മളെ തെറ്റായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിക്കാൻ ഇത് കാരണമാകാം.

പേഴ്സണൽ ലോണുകൾക്ക് സ്വർണ്ണമോ വീടിന്റെ ആധാരമോ പോലുള്ള ഈടൊന്നും നൽകാതെ തന്നെ ലഭ്യമാണ്. വരുമാനവും ക്രെഡിറ്റ് സ്കോറും അടിസ്ഥാനമാക്കി ലഭിക്കുന്ന വായ്പകളായതിനാൽ പണം എന്തിന് ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ ബാങ്കുകൾക്ക് കർശനമായ നിബന്ധനകളില്ല. ഇന്ന് പേഴ്സണൽ ലോൺ എടുക്കുന്നത് മുൻപത്തേക്കാൾ വളരെ എളുപ്പമായി. ഡിജിറ്റൽ ലോണുകളിൽ പലതും മിനിറ്റുകൾക്കിള്ളിൽ തന്നെ അപ്രൂവ് ആകുന്നതാണ് സ്ഥിതി.

മികച്ച ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താക്കൾക്കുള്ള 'പ്രീ-അപ്രൂവ്ഡ്' ലോണുകൾക്ക് കാര്യമായ രേഖകൾ ഒന്നും തന്നെ ആവശ്യമില്ല, അപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. പക്ഷേ പേഴ്സണൽ ലോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധ വേണം. മറ്റ് ലോണുകളെ അപേക്ഷിച്ച് പലിശ നിരക്ക് വളരെ കൂടുതൽ ആയതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

ഏതൊക്കെ സന്ദർഭങ്ങളിൽ ഉപയോഗിക്കണം?

കടങ്ങൾ ഏകീകരിക്കാൻ പേഴ്സണൽ ലോൺ ഉപയോ​ഗിക്കാം. പലയിടത്തായി ഉയർന്ന പലിശയുള്ള ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് കടങ്ങളോ മറ്റ് ലോണുകളോ ഉണ്ടെങ്കിൽ, കുറഞ്ഞ പലിശ നിരക്കിലുള്ള ഒരു പേഴ്സണൽ ലോൺ എടുത്ത് ഈ കടങ്ങളെല്ലാം ഒറ്റയടിക്ക് വീട്ടാം. അല്ലെങ്കിൽ ഒരുപാട് കടങ്ങളിൽ നിന്നും കുറച്ച് കടങ്ങൾ തീ‍ർക്കാൻ ഈ തുക ഉപയോ​ഗിക്കാം . പിന്നീട് പല ലോണുകളുടെ ഇഎംഐ അടക്കുന്നതിനുപകരം ഒരു ലോണിന്റെ ഇഎംഐ അടച്ചാൽ മതി. ഇത് മാസ അടവുകൾ കുറയ്ക്കാനും പലിശയിനത്തിൽ വലിയൊരു തുക ലാഭിക്കാനും സഹായിക്കും.

ഉദാഹരണം: ഒരു വ്യക്തിക്ക് 36 ശതമാനം വാർഷിക പലിശയുള്ള ക്രെഡിറ്റ് കാർഡിൽ 2 ലക്ഷം രൂപ കടമുണ്ടെന്ന് വിചാരിക്കുക. ആ വ്യക്തിക്ക് 15% പലിശയിൽ ഒരു പേഴ്സണൽ ലോൺ ലഭിക്കുകയാണെങ്കിൽ, ആ പണം ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് കടം വീട്ടാം. ഇത് പലിശ അടയ്ക്കുന്നതിൽ വലിയ കുറവുണ്ടാക്കും.

ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ലോൺ കിട്ടില്ലെന്ന ധാരണയും തെറ്റാണ്. സ്കോർ കുറവാണെങ്കിൽ പോലും പല എൻബിഎഫ്സികളും അല്പം കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും ലോൺ നൽകാറുണ്ട്. പക്ഷെ പലിശ നിരക്ക് കൂടുതലായിരിക്കും. ക്രെഡിറ്റ് സ്കോ‍ർ കുറവാണെങ്കിൽ വലിയ തുകയുടെ ലോണിന് അപേക്ഷിക്കുന്നതിന് പകരം നിങ്ങൾക്ക് അത്യാവശ്യമുള്ള ചെറിയ തുകയ്ക്ക് അപേക്ഷിക്കാം. ഇത് ലോൺ അനുവദിക്കാനുള്ള സാധ്യത വർധിപ്പിക്കും.

നല്ല ക്രെഡിറ്റ് സ്കോറും സ്ഥിരവരുമാനവുമുള്ള നിങ്ങളുടെ പങ്കാളിയെയോ മാതാപിതാക്കളെയോ സഹ-അപേക്ഷകനായി ചേർത്താൽ ലോൺ ലഭിക്കാനുള്ള സാധ്യത കൂടുകയാണ് . സ്ഥിരതയുള്ള ജോലിയും നല്ല വരുമാനവും ഉണ്ടെങ്കിൽ, ചില ബാങ്കുകൾ ക്രെഡിറ്റ് സ്കോറിലെ ചെറിയ കുറവുകൾക്ക് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകും. ശമ്പള സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ സമ‍ർപ്പിക്കാം.

മറ്റു ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും പലിശ നിരക്ക് താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കിലെ ലോൺ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദീർഘകാലയളവിൽ വലിയൊരു തുക പലിശ ഇനത്തിൽ നഷ്ടപ്പെടുന്നത് തടയാൻ ഇത് സഹായകരമാകും.