image

10 Oct 2025 2:08 PM IST

Financial planning

മാസാവസാനം പോക്കറ്റ് കാലിയാണോ? ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി

MyFin Desk

മാസാവസാനം പോക്കറ്റ് കാലിയാണോ? ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി
X

Summary

മാസാവസാനം പോക്കറ്റ് കാലിയാകാതിരിക്കണോ?


ശമ്പളം കിട്ടിക്കഴിഞ്ഞാൽ മാസാവസാനം പോക്കറ്റ് കാലിയാകുന്നവരാണ് മിക്കവരും. പലർക്കും സമ്പാദ്യത്തിനായി കാര്യമായ നീക്കിയിരുപ്പൊന്നും ഉണ്ടാകാറുമില്ല. എന്നാൽ ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്ത് അനാവശ്യ ചെവുകൾ ഒഴിവാക്കാൻ ഒരു ബജറ്റ് പ്ലാൻ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

വരുമാനം വന്നുകഴിഞ്ഞാൽ പണം എവിടെ പോകുന്നു എന്ന് മനസ്സിലാക്കുന്നതും, ചെലവ് ചുരുക്കാൻ പറ്റുന്നത് എവിടെയൊക്കെയാണെന്ന് കണ്ടെത്തുന്നതിനുമൊക്കെ ഇത് സഹായകരമാണ്. അനാവശ്യ ചെലവുകളേക്കാൾ അത്യാവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകാം.

ഒരു ബജറ്റ് ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആദ്യം ചെയ്യേണ്ടത് വരുമാനം ട്രാക്ക് ചെയ്യുക എന്നതാണ്. വരുമാനം എത്രയാണെന്നും അത് ഏതെല്ലാം സോഴ്സുകളിൽ നിന്നാണെന്നും കൃത്യമായി ധാരണ വേണം. അടുത്തതായി ചെയ്യേണ്ടത് ചെലവുകൾ ട്രാക്ക് ചെയ്യുകയാണ്.

ഒരു മാസം വരുന്ന ചെലവുകൾ എത്രയാണെന്ന് എഴുതിവയ്ക്കണം. ബുക്കോ എക്സ്പൻസ് ട്രാക്കിങ് ആപ്പുകളോ ഒക്കെ ഇതിനായി ഉപയോഗിക്കാനാകും.എങ്ങനെയെല്ലാമാണ് പണം ചോരുന്നത് എന്ന് കണ്ടുപിടിക്കുകയാണ് അടുത്ത പടി.

ഓട്ടോറിക്ഷ കൂലി മുതൽ ചായ കുടിക്കാൻ ചെലവാകുന്ന തുക വരെ എല്ലാം ഇതിൽ ഉൾപ്പെടുത്താം. ഇനി, ഈ ചെലവാക്കുന്നതിൽ നിയന്ത്രിക്കാൻ സാധിക്കുന്ന ചെലവുകൾ ഉണ്ടോ എന്ന് നോക്കണം. ഒരാഴ്ചത്തെ അല്ലെങ്കിൽ ഒരു മാസത്തെ എല്ലാ പണം ഇടപാടുകളും മോണിറ്റർ ചെയ്താൽ പണം എവിടെയാണ് പോകുന്നതെന്നും, അനാവശ്യമായി എത്ര ചെലവാകുന്നുണ്ടെന്നും മനസ്സിലാക്കാൻ സാധിക്കും.

വരുമാനം മൂന്നായി തിരിക്കാം

ആദ്യത്തേത്, അത്യാവശ്യ ചെലവുകൾക്ക് വേണ്ടി മാറ്റിവയ്ക്കുന്ന തുകയാണ്.

പലചരക്ക്, പച്ചക്കറി, കറന്റ് ബിൽ, വാട്ടർ ബിൽ, ലോൺ തിരിച്ചടവുകൾ, ഗതാഗതത്തിനായി ചെലവഴിക്കുന്ന തുക, ഇൻഷുറൻസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്താം.

അത്യാവശ്യമില്ലാത്ത ചെലവുകൾ

സിനിമയ്ക്ക് പോകുന്നത്, യാത്ര പോകുന്നത്,പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത്, ഷോപ്പിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്താം.

കടങ്ങൾ തീർക്കാം, നിക്ഷേപങ്ങൾക്കായി തുക

കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. അതുപോലെ മികച്ച ഭാവിക്കുവേണ്ടി നിക്ഷേപിക്കാനും ചിന്തിക്കേണ്ടതായിട്ടുണ്ട്.പലരും ചിന്തിക്കുന്നത് വയസ്സാംകാലത്ത് നമ്മുടെ കയ്യിൽ ഒരുപാട് കാശുണ്ടായിട്ട് എന്താണ് കാര്യം എന്നാണ്. പക്ഷേ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും കടന്നു പോകേണ്ട ഒരു കാലഘട്ടം തന്നെയാണ് റിട്ടയർമൻ്റ് ജീവിതവും . ആ സമയത്ത് നമ്മുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി മറ്റൊരു വ്യക്തിയെ ആശ്രയിക്കേണ്ട അവസ്ഥ ഒരു നല്ല അനുഭവമായിരിക്കില്ല. അതുകൊണ്ട് തന്നെ ഇതിനായി തുക നീക്കി വയ്ക്കണം.

നിക്ഷേപിക്കുമ്പോൾ, ഒരു സാമ്പത്തിക ലക്ഷ്യം മുന്നിൽ കണ്ട് നിക്ഷേപിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതൊരു വീട് വയ്ക്കുന്നതോ, ഒരു കാർ വാങ്ങുന്നതോ, വിദേശ യാത്രയോ, റിട്ടയർമൻ്റ് ഫണ്ടോ എന്തുമാകട്ടെ, പ്ലാൻ ചെയ്ത് നിക്ഷേപം തുടങ്ങാം.

ഈ റൂൾ മറക്കേണ്ട

പരമ്പരാഗതമായ ബജറ്റിങ് റൂൾ എല്ലാവർക്കും ഗുണകരമാണ്. വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യ കാര്യങ്ങൾക്കായി നീക്കി വയ്ക്കാം. 30 ശതമാനം ആഗ്രഹങ്ങൾക്കും 20 ശതമാനം നിക്ഷേപങ്ങൾക്കും കടം തീർക്കുന്നതിനായുമൊക്കെ മാറ്റിവയ്ക്കാവുന്നതാണ്.