16 May 2026 2:32 PM IST
ലൈഫ് സയൻസസ് മേഖലയിലെ സംരംഭമാണോ? അതോ മികച്ച ആശയമുണ്ടോ? സ്റ്റാർട്ടപ് മിഷൻ്റെ കൈത്താങ്ങ്
MyFin Desk
Summary
മികച്ച ആശയങ്ങളെ വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ അപേക്ഷകൾ ജൂൺ 10 വരെ നൽകാം
കൊച്ചി: കേരളത്തിലെ ഡീപ്പ്-ടെക്, ലൈഫ് സയൻസസ് മേഖലകൾക്ക് കൂടുതൽ കരുത്തുപകരുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും (ഐഎവി) സംയുക്തമായി ചേർന്ന് ഈ രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നു.
ദേശീയ തലത്തിൽ 'വൈറോളജി ഇന്നൊവേഷൻ കോഹോർട്ട്' എന്ന പേരിലാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. വൈറോളജി, പുതിയ അണുബാധകൾ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്നീ മേഖലകളിൽ നൂതന പരിഹാരങ്ങൾ കണ്ടെത്തുന്ന സ്റ്റാർട്ടപ്പുകളെയും ഗവേഷകരെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. ആറുമാസമാണ് കാലാവധി.
പദ്ധതിയുടെ ഭാഗമാകുന്നവർക്ക് മെന്റര്‍ഷിപ്പ്, ഉൽപ്പന്ന വികസനത്തിനുള്ള പിന്തുണ, പ്രത്യേക ഇൻകുബേഷൻ സൗകര്യങ്ങൾ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനുള്ള സഹായം എന്നിവ ലഭ്യമാക്കും. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്താം. കൃത്യമായ വ്യവസ്ഥകളോടെയാകും ഇത്.
മികച്ച ആശയങ്ങളെ വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ പദ്ധതിയിലൂടെ സാധിക്കും. രോഗനിർണയം, ചികിത്സാരീതികൾ, വാക്സിൻ ആന്‍ഡ് ഇമ്മ്യൂണോളജി പ്ലാറ്റ്‌ഫോമുകൾ, ജീനോമിക്സ് ആന്‍ഡ് ബയോഇൻഫോർമാറ്റിക്സ്, വൈറൽ സാങ്കേതികവിദ്യകൾ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിന് എതിരെയുള്ള ഫേജ് അധിഷ്ഠിത പരിഹാരങ്ങൾ എന്നിവയിലാണ് പ്രോഗ്രാം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നൂതന ആശയങ്ങളുള്ളവർക്കും സ്റ്റാർട്ടപ്പുകൾക്കും ജൂൺ 10 വരെ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി https://virology.startupmission.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്കായി rink@startupmission.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
പഠിക്കാം & സമ്പാദിക്കാം
Home
