image

16 March 2026 4:16 PM IST

Financial planning

ആദായ നികുതി റിട്ടേൺ; ഈ തിയതികളിൽ മാറ്റം; ഇനി പുതുക്കിയ ടിസിഎസ് നിരക്കുകൾ

MyFin Desk

april 1st, remember these changes in income tax
X

Summary

2026 ഏപ്രിൽ ഒന്നു മുതൽ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരുന്നു. ആദായ നികുതി അപ്ഡേറ്റുകളിൽ ചില പ്രധാന മാറ്റങ്ങൾ


പുതിയ സാമ്പത്തിക വർഷം ശ്രദ്ധിക്കേണ്ട പ്രധാന ആദായ നികുതി അപ്ഡേറ്റുകൾ എന്തൊക്കെയാണ്? നികുതിദായകരുടെ ബാധ്യതകൾ കുറയ്ക്കുന്നതിനും റിട്ടേൺ ഫയലിംഗ് എളുപ്പമാക്കുന്നതിനും 2026 ലെ കേന്ദ്ര ബജറ്റിൽ ചില പ്രധാന നിർദേശങ്ങളുണ്ട്.

ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിൽ ടിസിഎസ് നിരക്ക് ഇളവ്, എസ്ടിടി വർദ്ധനവ്, പുതുക്കിയ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി വർധിപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു. ഓഡിറ്റ് ചെയ്യാത്ത നികുതിദായകർക്കായി ഐടിആർ-3, ഐടിആർ-4 എന്നിവ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതികളും സർക്കാർ നീട്ടിയിട്ടുണ്ട്. മാറ്റങ്ങൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. 2026-27 അസസ്മൻ്റ് വർഷത്തിലാണ് ഇത് ബാധകമാവുക.

ഇനി പുതിയ ആദായനികുതി നിയമം-2025

2026 ഏപ്രിൽ ഒന്നു മുതൽ (2026-27 സാമ്പത്തിക വർഷം) എല്ലാ നികുതിദായകർക്കും 2025 മുതലുള്ള പുതിയ ആദായനികുതി നിയമം ബാധകമാകും. നേരത്തെ 1961 മുതലുള്ള ആദായ നികുതി നിയമമായിരുന്നു പിന്തുടർന്നിരുന്നത്. 2026-27 സാമ്പത്തിക വർഷത്തിലെ ആദായനികുതി സ്ലാബുകളിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിലെ സ്ലാബുകൾ തുടരും.

ഐടിആർ ഫയലിംഗ് അവസാന തീയതി നീട്ടി

ഓഡിറ്റ് ചെയ്യാത്ത നികുതിദായകർക്കായി ഐടിആർ-3, ഐടിആർ-4 റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. ഓഗസ്റ്റ് 31 വരെയാണ് സമയ പരിധി നീട്ടിയത്. പുതുക്കിയ സമയപരിധി 2025-26 സാമ്പത്തിക വർഷത്തിലെ റിട്ടേണുകൾക്കും ബാധകമാകും.എന്നാലും ഐടിആർ 1 , ഐടിആർ 2 റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയിൽ മാറ്റമില്ല. ഇത് ജൂലൈ 31 ആയി തുടരും . നികുതി ഓഡിറ്റിനുള്ള അവസാന തീയതിയും ഒക്ടോബർ 31 ആയി തുടരും.

ആദായ നികുതി റിവൈസ്ഡ് റിട്ടേൺ; പുതിയ തിയതി

പുതുക്കിയ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 31 ൽ നിന്ന് മാർച്ച് 31 ആയി നീട്ടി. എങ്കിലും ഡിസംബർ 31 ന് ശേഷം റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കുന്നതിന് അധിക ഫീസ് നൽകേണ്ടി വരും. ലേറ്റ് റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതിയിൽ മാറ്റമില്ല.

ടിസിഎസ് നിയമത്തിൽ മാറ്റം

റീഫണ്ട് കാലതാമസം കുറയ്ക്കുന്നതിനും, നികുതിദായകർക്കിടയിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനുമായാണ് 2026 ലെ ബജറ്റിൽ ടിസിഎസ് നിരക്കുകൾ യുക്തിസഹമാക്കിയിരിക്കുന്നത്.

കൽക്കരി, ലിഗ്നൈറ്റ്, അല്ലെങ്കിൽ ഇരുമ്പ് അയിര് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കുള്ള ടിസിഎസ് നിരക്ക് 1 ശതമാനത്തിൽ നിന്ന് 2 ശതമാനം ആയി ഉയർത്തി. വിദേശ ടൂർ പാക്കേജിനുള്ള ടിസിഎസ് നിരക്കുകൾ 2 ശതമാനം എന്ന ഒറ്റ ഫ്ലാറ്റ് നിരക്കായി കുറഞ്ഞു. ലഹരിപാനീയങ്ങളുടെ ടിസിഎസ് നിരക്കുകൾ 1 ശതമാനത്തിൽ നിന്ന് 2 ശതമാനം ആയി വർദ്ധിപ്പിക്കും.സ്ക്രാപ്പ് വിൽപ്പനയുടെ ടിസിഎസ് നിരക്ക് നിലവിലെ ഒരു ശതമാനത്തിൽ നിന്ന് 2 ശതമാനം ആയി ഉയരും.

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിൽ മാറ്റം

അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇക്വിറ്റി ഷെയറുകൾ, ഫ്യൂച്ചറുകൾ, ഓപ്ഷനുകൾ തുടങ്ങിയ സെക്യൂരിറ്റികളുടെ ഓരോ വാങ്ങലിനും വിൽപ്പനയ്ക്കും സർക്കാർ ചുമത്തുന്ന നേരിട്ടുള്ള നികുതിയാണ് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്.

എസ്ടിടി നിയമത്തിലും മാറ്റമുണ്ട്.ഓഹരികളുടെ ബൈബാക്കിൽ നിന്ന് ലഭിക്കുന്ന തുകയും 2026 ഏപ്രിൽ 1 മുതൽ മൂലധന നേട്ട വിഭാഗത്തിൽ നികുതി വിധേയമാണ്. നേരത്തെ, ഒരു ഓഹരി ബൈബാക്കിൽ നിന്നുള്ള വരുമാനം ഡിമാൻഡഡ് ഡിവിഡന്റുകളായി കണക്കാക്കി ബാധകമായ സ്ലാബ് നിരക്കുകളിലാണ് നികുതി ചുമത്തിയിരുന്നത്. ഈ രീതിയും ഇനി മാറും.