8 Nov 2025 3:27 PM IST
Summary
കുറഞ്ഞ തുകയിൽ 50 ലക്ഷം രൂപ വരെ പരിരക്ഷ ഉറപ്പാക്കാം. സമ്പാദ്യമെന്ന രീതിയിലും ഉപകരിക്കുന്ന ഇൻഷുറൻസ് പദ്ധതി
ആകർഷകമായ ഒട്ടേറെ ഇൻഷുറൻസ് പോളിസികൾ പോസ്റ്റോഫീസിനുണ്ട്. അതിൽ ഒന്നാണ് സുരക്ഷ ഇൻഷുറൻസ് പോളിസി. പോളിസിയിൽ ചേരുന്ന തിയതി മുതൽ, ഇൻഷ്വർ ചെയ്‌തയാൾക്ക് 80 വയസ്സ് തികയുന്നത് വരെ ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇൻഷ്വർ ചെയ്‌തയാൾ മരിച്ചാൽ നിയമപരമായ അവകാശികൾക്ക് സം അഷ്വേർഡ് തുക ലഭിക്കും. 50 ലക്ഷം രൂപ വരെ ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണിത്. 19 വയസ് മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് പോളിസിയിൽ അംഗമാകാം.
കുറഞ്ഞ സം അഷ്വേർഡ് തുക 20,000 രൂപയും പരമാവധി തുക 50 ലക്ഷം രൂപയുമാണ്. 4 വർഷത്തിനുശേഷം പോളിസിയിൽ നിന്ന് ലോൺ എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പോളിസി ആരംഭിച്ച് 3 വർഷത്തിനുശേഷം പോളിസി സറണ്ടർ ചെയ്യാം. 5 വർഷത്തിന് മുമ്പ് സറണ്ടർ ചെയ്താൽ ബോണസിന് അർഹതയില്ല. ഇൻഷ്വർ ചെയ്തയാളുടെ 59 വയസ്സ് വരെ എൻഡോവ്‌മെന്റ് അഷ്വറൻസ് പോളിസിയായി പരിവർത്തനം ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
പ്രീമിയം അടയ്ക്കുന്ന പ്രായം 55,58 അല്ലെങ്കിൽ 60 വയസ്സ് ആയി തിരഞ്ഞെടുക്കാം. പോളിസി സറണ്ടർ ചെയ്താൽ കുറഞ്ഞ സം അഷ്വേർഡ് തുകയ്ക്ക് ആനുപാതികമായി ബോണസും നൽകുന്ന പദ്ധതിയാണിത്. 1000 രൂപ സം അഷ്വേർഡ് തുകക്ക് 76 രൂപ വീതം ഉറപ്പായ ബോണസ് ലഭിക്കും. ബോണസ് ആനുകൂല്യങ്ങളും ഉള്ളതിനാൽ ദീർഘകാല സമ്പാദ്യം എന്ന രീതിയിലും ഉപകരിക്കുന്ന പദ്ധതിയാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
