27 May 2026 4:28 PM IST
Summary
20 വർഷത്തിനു ശേഷം കൂടുതൽ പണം തരുന്നത് ഏതാണ് ? പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടോ? മ്യൂച്വൽ ഫണ്ടോ?
സമ്പാദ്യ ശീലമുള്ള ഏതൊരാളും ചോദിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട്. സുരക്ഷിതമായ സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കണോ, അതോ ഉയർന്ന ലാഭം നൽകുന്ന മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കണോ? പ്രതിമാസം 3,000 രൂപ വീതം 20 വർഷത്തേക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലും (PPF) മ്യൂച്വൽ ഫണ്ട് എസ്‌ഐപിയിലും (SIP) നിക്ഷേപിച്ചാൽ ലഭിക്കുന്ന ലാഭത്തിന്റെ കണക്കുകൾ താരതമ്യം ചെയ്ത് നോക്കാം.
പിപിഎഫ് നിക്ഷേപം വളരുന്നത് ഇങ്ങനെ
കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ലഘുസമ്പാദ്യ പദ്ധതികളിലൊന്നാണ് പിപി.എഫ്. നിലവിൽ ഇതിന് 7.1 ശതമാനം വാർഷിക പലിശ നിരക്കാണ് ലഭിക്കുന്നത്. പി.പി.എഫിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ നികുതി ഇളവുകളാണ്. ഇതിൽ നിക്ഷേപിക്കുന്ന തുകയ്ക്കും, ലഭിക്കുന്ന പലിശയ്ക്കും, കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുകയ്ക്കും പൂർണ്ണമായും നികുതി ഇളവുണ്ട് .
പിപിഎഫിൽ നടത്തുന്ന പ്രതിമാസ നിക്ഷേപം 3,000 രൂപയാണെന്നിരിക്കട്ടെ. വർഷത്തിൽ 36,000 രൂപയായിരിക്കും നിങ്ങൾ അടക്കേണ്ടി വരിക. 20 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 7,20,000 രൂപയാണ്. ലഭിക്കുന്ന പലിശ മാത്രം: 8,77,989 രൂപയും. 20 വർഷത്തിനു ശേഷമുള്ള ആകെ സമ്പാദ്യം 15,97,989 രൂപയായി ഉയരും.
മ്യൂച്വൽ ഫണ്ട് എസ്‌ഐപിയിൽ ഇതേ തുക നിക്ഷേപിച്ചാലോ?
മറുഭാഗത്ത്, മ്യൂച്വൽ ഫണ്ട് എസ്‌ഐപികൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണെങ്കിലും ദീർഘകാലയളവിൽ ഉയർന്ന ലാഭം നൽകാൻ കെൽപുള്ളവയാണ്. ദീർഘകാല ഇക്വിറ്റി ഫണ്ടുകളിൽ നിന്നും ശരാശരി 12% വാർഷിക ലാഭം പ്രതീക്ഷിക്കാം.
പ്രതിമാസ നിക്ഷേപം 3,000 രൂപ.
ആകെ നിക്ഷേപിക്കുന്ന തുക 20 വർഷം കൊണ്ട് 7,20,000 രൂപയിലെത്തും.
ലഭിക്കുന്ന ഏകദേശ ലാഭം 20,39,572 രൂപയും. 20 വർഷത്തിനു ശേഷമുള്ള ആകെ സമ്പാദ്യം. 27,59,572 രൂപയായിരിക്കും. ഒരു മികച്ച മ്യൂച്വൽ ഫണ്ട് സ്കീം വഴി 15 ശതമാനം ലാഭമാണ് ലഭിക്കുന്നതെങ്കിൽ, ഈ 3,000 രൂപയുടെ നിക്ഷേപം 20 വർഷം കൊണ്ട് ഏകദേശം 39,81,220 ലക്ഷം രൂപയായി വളരാൻ സാധ്യതയുണ്ട്.
റിസ്ക് എടുക്കാനുള്ള ശേഷി പ്രധാനം
കണക്കുകൾ പരിശോധിക്കുമ്പോൾ മ്യൂച്വൽ ഫണ്ട് എസ്‌ഐപികൾ പിപിഎഫിനേക്കാൾ ഇരട്ടിയിലധികം ലാഭം നൽകുന്നതായി കാണാം. എന്നാൽ നിക്ഷേപം തിരഞ്ഞെടുക്കേണ്ടത് റിസ്ക് എടുക്കാനുള്ള ശേഷി അനുസരിച്ചായിരിക്കണം.സുരക്ഷിതത്വമാണ് പ്രധാനമെങ്കിൽ പിപിഎഫ് തെരഞ്ഞെടുക്കാം. നികുതി പൂർണ്ണമായും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരും പിപിഎഫ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉയർന്ന ലാഭമാണ് വേണ്ടതെങ്കിൽ എസ്ഐപികൾ തിരഞ്ഞെടുക്കാം.
20 വർഷമെന്ന ദീർഘകാലയളവിലേക്ക് വിപണിയിലെ താൽക്കാലിക മാറ്റങ്ങളെ അവഗണിച്ച് പണം ഇരട്ടിയാക്കാൻ താല്പര്യമുള്ളവർക്ക് മ്യൂച്വൽ ഫണ്ട് എസ്ഐപി ആണ് ഏറ്റവും അനുയോജ്യം.സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് മാത്രം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. നിക്ഷേപം തുടങ്ങുന്നതിന് മുൻപ് ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടാം.
പഠിക്കാം & സമ്പാദിക്കാം
Home
