12 Jun 2026 12:35 PM IST
RBI FCNR Deposit Interest : വിദേശ കറൻസികളിൽ നിക്ഷേപിക്കാം, രൂപയുടെ മൂല്യം ഇടിവ് ബാധിക്കില്ല, ഈ പ്രവാസി നിക്ഷേപം ലോട്ടറി
Rinku Francis
Summary
ആർബിഐ ഇടപെടൽ പ്രവാസികൾക്ക് നൽകുന്നത് ഏറ്റവും ഉയർന്ന നേട്ടം. എഫ്സിഎൻആർ അക്കൗണ്ട് പലിശ കുത്തനെ ഉയർത്തി ബാങ്കുകൾ
വിദേശ കറൻസികളിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ പ്രവാസികളെ സഹായിക്കുന്ന എഫ്സിഎൻആർ ഡിപ്പോസിറ്റ് കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ് ആർബിഐ.രൂപയുടെ മൂല്യത്തകർച്ച ബാധിക്കാതെ തന്നെ വിദേശ കറൻസികളിൽ നിക്ഷേപിച്ച് നിക്ഷേപകർക്ക് രാജ്യത്ത് നിന്ന് ഇപ്പോൾ കൂടുതൽ നേട്ടമുണ്ടാക്കാം.
താരതമ്യേന ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ഫ്സിഎൻആർ ഡിപ്പോസിറ്റുകൾക്ക് വിവിധ ബാങ്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യെസ് ബാങ്ക് 7 .1 ശതമാനം പലിശ നിരക്ക് ഉയർത്തിയപ്പോൾ, സിഎസ്ബി , ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും നിരക്ക് ഉയർത്തി. 7 .5 ശതമാനം വരെയാണ് കുത്തനെ നിരക്ക് ഉയർന്നത്. നേരത്തെ 4 ശതമാനം വരെ മാത്രമായിരുന്നു പലിശ.
നിരക്ക് കുത്തനെ ഉയർന്നത് എന്തുകൊണ്ട്?
വിദേശ കറൻസി നിക്ഷേപം കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് ആർബിഐ എഫ്സിഎൻആർ ഡിപ്പോസിറ്റുകൾക്ക് കൂടുതൽ ഇൻസെൻ്റീവ് പ്രഖ്യാപിച്ചതാണ് പലിശ നിരക്ക് കുത്തനെ ഉയരാൻ കാരണം. 2026 സെപ്റ്റംബർ 30 വരെ മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള പുതിയ എഫ്സിഎൻആർ നിക്ഷേപങ്ങൾ സമാഹരിക്കുന്ന ബാങ്കുകളുടെ മുഴുവൻ ഹെഡ്ജിംഗ് ചെലവും വഹിക്കുമെന്നാണ് ആർബിഐ അടുത്തിടെ പ്രഖ്യാപിച്ചത്.
നിലവിലെ ഹെഡ്ജിംഗ് ചെലവ് മൂന്നു ശതമാനം ആണ്. ഈ ചെലവ് ആർബിഐ ഏറ്റെടുക്കുന്നതോടെ, ബാങ്കുകൾക്ക് 150-200 ബേസിസ് പോയിന്റുകളുടെ അധിക നേട്ടം നിക്ഷേപകർക്ക് കൈമാറാനാകും. മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെയാണ് നിക്ഷേപങ്ങളുടെ കാലാവധി. നിലവിൽ 3 -4 ശതമാനം പലിശ ലഭിച്ചിരുന്ന നിക്ഷേപങ്ങൾക്ക് 7 ശതമാനവും അതിലധികവുമായി പലിശ ഉയരാൻ ഇതാണ് കാരണം.
അക്കൗണ്ടിൻ്റെ നേട്ടങ്ങൾ എന്തൊക്കെ?
- രൂപയുടെ മൂല്യം ഇടിവ് നിക്ഷേപങ്ങളെ ബാധിക്കില്ല
- പലിശ വരുമാനത്തിന് നികുതി നൽകേണ്ടതില്ല
- 3 -5 വർഷം വരെ മാത്രമാണ് നിക്ഷേപ കാലാവധി
- മുതലും പലിശയും നിബന്ധകളില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് മാറ്റാം.
- നിക്ഷേപകർക്ക് ഏത് കറൻസികളിലും നിക്ഷേപിക്കാം
- ആർബിഐ സ്വാപ് ഡോളറിൽ മാത്രം
മുതലും പലിശയും വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് നിയന്ത്രണങ്ങൾ ഇല്ലാത്തത് പ്രവാസികൾക്ക് ആശ്വാസമാണ്. ബാങ്കിംഗ് മേഖലയിൽ പുതിയ ഡോളർ നിക്ഷേപം ഉൾപ്പെടെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. രാജ്യത്ത് നിക്ഷേപം നടത്താനും നികുതി ഇളവ് നേടാനും ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ അവസരം ഇപ്പോൾ പ്രയോജനപ്പെടുത്താം.
പഠിക്കാം & സമ്പാദിക്കാം
Home
