4 Jun 2026 3:51 PM IST
റിട്ടയർമെന്റ് പ്ലാനിംഗ് വെറുമൊരു സമ്പാദ്യമല്ല! പുതിയ കാലത്ത് ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ
Arun K R
Summary
റിട്ടയർമെന്റ് പ്ലാനിംഗ്, ഏറെ ശ്രദ്ധ വേണം. ഏറ്റവുമധികം ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ
പണ്ട് കാലത്ത് റിട്ടയർമെന്റ് പ്ലാനിംഗ് എന്നാൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ കൈയ്യിൽ കുറച്ച് പണം കരുതുക എന്നത് മാത്രമായിരുന്നു. എന്നാൽ ഇന്നത്തെ മാറിവരുന്ന ജീവിതസാഹചര്യങ്ങളിൽ പഴയ രീതിയിലുള്ള ആസൂത്രണം കൊണ്ട് മാത്രം റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ കഴിയില്ല. മികച്ചൊരു റിട്ടയർമെന്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട മൂന്ന് നിർണായക ഘടകങ്ങൾ എന്തൊക്കെയാണ്? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇതാണ്.
1. പണപ്പെരുപ്പം കാണാതിരിക്കരുത്
നിക്ഷേപങ്ങളെ നിശബ്ദമായി നശിപ്പിക്കുന്ന ഒന്നാണ് പണപ്പെരുപ്പം. ഇന്ന് ഒരു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യമായിരിക്കില്ല 20 വർഷത്തിന് ശേഷം ഉണ്ടാകുക. പ്രത്യേകിച്ച് പ്രായമാകുമ്പോൾ ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ സാധാരണ പണപ്പെരുപ്പത്തേക്കാൾ ഇരട്ടി വേഗതയിലാണ് വർദ്ധിക്കുന്നത്.പണപ്പെരുപ്പത്തെ മറികടക്കാൻ കഴിയാത്ത നിക്ഷേപങ്ങളിൽ (ഉദാഹരണത്തിന് വെറും ബാങ്ക് എഫ്ഡികൾ മാത്രം) പണം സൂക്ഷിച്ചാൽ ഭാവിയിൽ ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടും.
റിട്ടയർമെന്റ് ഫണ്ടിന്റെ ഒരു ഭാഗം ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തെ മറികടക്കുന്ന ലാഭം നൽകുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുക.
2 . സ്ഥിരവരുമാനം ഉറപ്പാക്കാം
ജോലിയിലായിരിക്കുമ്പോൾ മാസാമാസം ശമ്പളം ലഭിക്കുന്നത് പോലെ, വിരമിച്ച ശേഷവും കൃത്യമായ ഒരു വരുമാനം ഉറപ്പാക്കേണ്ടതുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള ആ കാലഘട്ടത്തിൽ വരുമാനത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് മാനസികമായ ബുദ്ധിമുട്ടുകൾക്കും കാരണമാകും.
വിരമിക്കുമ്പോൾ ലഭിക്കുന്ന വലിയ തുക ഒറ്റയടിക്ക് ചെലവാക്കാതെ, അതിൽ നിന്നും ആന്യുയിറ്റി (Annuity) പ്ലാനുകൾ, സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) എന്നിവ വഴി മാസാമാസം കൃത്യമായ തുക അക്കൗണ്ടിൽ എത്തുന്ന രീതിയിൽ പുനർനിക്ഷേപം നടത്തുക.
3. സമ്പാദ്യം നേരത്തെ തുടങ്ങണം
ആരോഗ്യരംഗത്തെ പുരോഗതിയും മികച്ച ജീവിതശൈലിയും കാരണം മനുഷ്യന്റെ ശരാശരി ആയുസ്സ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതായത്, 60-ാം വയസ്സിൽ വിരമിക്കുന്ന ഒരാൾ 85-ഓ 90-ഓ വയസ്സുവരെ ജീവിച്ചിരിക്കാൻ സാധ്യതയുണ്ട്. സമ്പാദ്യം 65-70 വയസ്സുവരെയുള്ള ചെലവുകൾക്ക് മാത്രമുള്ളതാണെങ്കിൽ, അതിനുശേഷമുള്ള ജീവിതം പ്രതിസന്ധിയിലാകും.വിരമിച്ചതിനു ശേഷമുള്ള 25-30 വർഷത്തെ ജീവിതച്ചെലവുകൾ മുന്നിൽ കണ്ടുകൊണ്ട് വേണം റിട്ടയർമെന്റ് ഫണ്ട് കെട്ടിപ്പടുക്കാൻ.
യുവതലമുറ പലപ്പോഴും റിട്ടയർമെന്റ് പ്ലാനിംഗ് 40-കളിലോ 50-കളിലോ ചെയ്യാൻ മാറ്റിവെക്കുന്നവരാണ്. എന്നാൽ ദീർഘായുസ്സും പണപ്പെരുപ്പവും നമ്മുടെ സമ്പാദ്യത്തെ ബാധിക്കാതിരിക്കണമെങ്കിൽ 20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ തന്നെ നിക്ഷേപം ആരംഭിക്കണം. 'കോമ്പൗണ്ടിംഗിന്റെ' സഹായത്തോടെ ചെറിയ തുക കൊണ്ട് വലിയൊരു ഫണ്ട് നിർമ്മിക്കാൻ നേരത്തെയുള്ള തുടക്കം സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
