image

18 Feb 2026 4:03 PM IST

Financial planning

70 വയസിന് മുകളിലുള്ളവ‍ർക്ക് സൗജന്യ ഇൻഷുറൻസ്; കേരളത്തിൽ ഏതൊക്കെ ആശുപത്രികളിൽ ?

Rinku Francis

70 വയസിന് മുകളിലുള്ളവ‍ർക്ക് സൗജന്യ ഇൻഷുറൻസ്; കേരളത്തിൽ ഏതൊക്കെ ആശുപത്രികളിൽ ?
X

Summary

രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരൻമാ‍ർക്കും വരുമാന പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാണ്. കേരളത്തിൽ ഏതൊക്കെ ആശുപത്രികളിൽ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കും? എങ്ങനെ ഇത് പ്രയോജനപ്പെടുത്താം


പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത്- ജൻ ആരോ​ഗ്യ പദ്ധതി (പിഎം ജെഎവൈ) പ്രകാരം രാജ്യത്ത് എഴുപത് വയസിന് മുകളിലുള്ള എല്ലാ പൗരൻമാ‍ർക്കും തിരഞ്ഞെടുത്ത ആശുപത്രികളിൽ സൗജന്യ ഇൻഷുറൻസ് ലഭ്യമാണ്. സ‍ർക്കാ‍ർ ആശുപത്രികൾക്ക് പുറമെ എംപാനൽ ചെയ്തിരിക്കുന്ന സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്. അഞ്ചു ലക്ഷം രൂപ വരെയാണ് ചികിത്സാ പരിധി.

വരുമാന പരിധി ബാധകമാകില്ല. വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നവരുടെ നാട്ടിലുള്ള മാതാപിതാക്കൾക്കും ഇൻഷുറൻസ് ലഭ്യമാകും. സിജിഎച്ച്എസ് , ഇസിഎച്ച്എസ് പോലുള്ള ഇൻഷുറൻസുകളിൽ അംഗമായവർക്ക് പോലും ആവശ്യമെങ്കിൽ ഈ ഇൻഷുറൻസിലേക്ക് മാറാനാകും. 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ച പദ്ധതി പൊതുജനാരോ​ഗ്യരം​ഗത്തെ ഏറ്റവും വലിയ സ‍ർക്കാർ പദ്ധതികളിൽ ഒന്നുകൂടെയാണ്.

ഇൻഷുറൻസ് പരിധിയിൽ വരുന്നത് എന്തൊക്കെ?

* ശസ്ത്രക്രിയാ ചെലവുകൾ, ചികിത്സ, കൺസൾട്ടേഷൻ എന്നിവയുൾപ്പെടെയുള്ള ചെലവുകൾ ഇൻഷുറൻസിൽ ഉൾപ്പെടും.

*ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചെലവുകളും ഇൻഷുറൻസിൽ ഉൾപ്പെടും.

*ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മൂന്ന് ദിവസം മുമ്പും 15 ദിവസത്തിനു ശേഷവുമുള്ള ചെലവുകളാണ് ഈ ഇൻഷുറൻസിൽ ഉൾപ്പെടുക.

*എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ചികിത്സക്ക് മുൻകൂർ പണം നൽകേണ്ടതില്ല. ആയുഷ്മാൻ കാർഡ് കാണിച്ചാൽ മതിയാകും.

എങ്ങനെ ആയുഷ്മാൻ കാർഡ് ലഭിക്കും?

പദ്ധതിക്ക് കീഴിൽ എൻറോൾ ചെയ്യുന്നതിനായി pmjay.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആയുഷ്മാൻ ഭാരത് ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.

മൊബൈൽ നമ്പർ നൽകാം. ഒടിപി നൽകി ലോഗിൻ ചെയ്യാം. പദ്ധതിയിൽ അം​ഗമാകാൻ ആകുമോ എന്ന് പരിശോധിക്കുക.

എൻറോൾ ചെയ്തിട്ടില്ലെങ്കിൽ, പുതിയ എൻറോൾമെന്റിനായി ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി പോലുള്ള തിരിച്ചറിയൽ രേഖകൾ നൽകാം. ഒരു ഫോട്ടോയും അപ്‍ലോഡ് ചെയ്യേണ്ടതായി വരും. ഓൺലൈനായി തന്നെ കാ‍ർഡ് ഡൗൺലോഡ് ചെയ്യാനാകും. ഈ ഡിജിറ്റൽ കാ‍ർഡ് ആശുപത്രികളിൽ ഉപയോ​ഗിക്കാം.

ഏതൊക്കെ ആശുപത്രികളിൽ ചികിത്സ ലഭിക്കും?

സർക്കാർ ആശുപത്രികൾ കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്. ചികിത്സ തേടുന്നതിന് മുമ്പ് എംപാനൽഡ് ആശുപത്രികളുടെ ലിസ്റ്റ് പരിശോധിച്ച് മികച്ച ആശുപത്രികൾ തിരഞ്ഞെടുക്കാം.

കേരളത്തിൽ ചികിത്സ എവിടൊക്കെ?

മെട്രോ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമൊക്കെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. പ്രമുഖ കണ്ണാശുപത്രികളിലും ചികിത്സ ലഭ്യമാണ്. https://sha.kerala.gov.in/ , https://sha.kerala.gov.in/?page_id=484&lang=en ഈ പേജുകളിലൂടെ എംപാനൽഡ് ആശുപത്രികളുടെ പട്ടിക കണ്ടെത്താനാകും.