image

24 Jan 2024 8:05 AM GMT

Financial planning

സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

MyFin Desk

apply for financial assistance schemes of department of social justice
X

Summary

  • മാതൃജ്യോതി, സ്വാശ്രയ, വയോമധുരം, മന്ദഹാസം വ്യക്തിഗത പദ്ധതികളിലേക്ക് അപേക്ഷിക്കാം
  • സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in വഴി അപേക്ഷ നൽകാം
  • കൂടുതൽ വിവരങ്ങൾക്ക് സാമൂഹിക നീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടുക


സാമൂഹ്യനീതി വകുപ്പിന്റെ മാതൃജ്യോതി, സ്വാശ്രയ, വയോമധുരം, മന്ദഹാസം തുടങ്ങിയ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കാം.

മാതൃജ്യോതി പദ്ധതി

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കുട്ടിയ്ക്ക് രണ്ട് വയസ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി. ആശുപത്രിയില്‍നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കാം.

സ്വാശ്രയ പദ്ധതി

ഭര്‍ത്താവ് ഉപേക്ഷിച്ച/മരിച്ച, ഭിന്നശേഷിക്കാരായ മകനെ/ മകളെ ഒറ്റയ്ക്ക് സംരക്ഷിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് അവരുടെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകന്‍/ മകളുടെ സംരക്ഷണം ഉറപ്പാക്കി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്വാശ്രയ പദ്ധതി. താത്പര്യമുള്ളവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിവാഹമോചന /മരണ സര്‍ട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഭിന്നശേഷിയുള്ള കുട്ടിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ നല്‍കി അപേക്ഷിക്കാം.

വയോമധുരം പദ്ധതി

ബി.പി.എല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. പ്രായം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും ഒരു രേഖ, പ്രമേഹ രോഗിയാണെന്ന് ഗവ എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ പഞ്ചായത്ത് /നഗരസഭ/ കോര്‍പ്പറേഷനില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബി.പി.എല്‍ പരിധിയില്‍പ്പെട്ട വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

മന്ദഹാസം പദ്ധതി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് കൃത്രിമദന്തങ്ങളുടെ പൂര്‍ണസെറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്നതാണ് മന്ദഹാസം പദ്ധതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ് പൂര്‍ത്തിയായവര്‍, പല്ലുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരും അതല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവര്‍, ഉപയോഗമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവര്‍, കൃത്രിമ പല്ലുകള്‍ വെക്കുന്നതിന് അനുയോഗ്യമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഡോക്ടര്‍ നല്‍കിയ അനുയോഗിക സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം അപേക്ഷിക്കാം. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ വരുമാനമില്ലാത്ത താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായിരിക്കും.

സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in വഴി അപേക്ഷ നൽകാം . കൂടുതൽ വിവരങ്ങൾക്ക് സാമൂഹിക നീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടുക.