image

26 March 2024 12:43 PM GMT

Financial planning

ചെലവാക്കുന്നതിന് കണക്കൊന്നുമില്ലേ? ഈ രീതികളൊന്ന് പരീക്ഷിക്കൂ

MyFin Desk

here are some tips to spend wisely
X

Summary

  • ആവശ്യങ്ങളെ മുന്‍ഗണനകളനുസരിച്ച് വേണം പരിഗണിക്കാന്‍ അതിനനുസരിച്ച് വേണം ചെലവഴിക്കാന്‍
  • ചെലവഴിക്കും മുമ്പ് ചിന്തിക്കാം
  • പ്ലാന്‍ ചെയ്ത് പര്‍ച്ചേസ് ചെയ്യാം


ശമ്പളമായോ, വരുമാനമായോ കയ്യില്‍ കാശ് വരുമ്പോള്‍ അതിനെ മികച്ച രീതിയില്‍ ഉപയോഗിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങണം, ദൈനംദിന ചെലവുകള്‍ നടത്തണം, വീട്, കാര്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഹ്രസ്വ-ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ടാവും അതിനായി ഒരു നിശ്ചിത തുക നീക്കിവെയ്ക്കണം, വായ്പാ തിരിച്ചടവുകള്‍ നടത്തണം അങ്ങനെ അങ്ങനെ പോകും കയ്യില്‍ കിട്ടിയ പണത്തിനുള്ള ഉത്തരവാദിത്തം. പക്ഷേ, ചെലവഴിക്കുന്നതില്‍ ഒരു നിയന്ത്രണവും ഇല്ലെങ്കിലോ? അതായത്, ഭക്ഷണം അത്യാവശ്യമാണ് എന്ന് കരുതി എല്ലാ ദിവസവും പുറത്തു നിന്നു ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാല്‍ അത് ചെലവഴിക്കലില്‍ നിയന്ത്രണമില്ലാത്തതിന്റെ തെളിവാണ്. വസ്ത്രവും അത്യാവശ്യമാണ് എന്ന് കരുതി എന്നും വസ്ത്രം വാങ്ങല്‍ പ്രായോഗികമല്ലല്ലോ? ആവശ്യങ്ങളെ മുന്‍ഗണനകളനുസരിച്ച് വേണം പരിഗണിക്കാന്‍ അതിനനുസരിച്ച് വേണം ചെലവഴിക്കാന്‍. ഇല്ലെങ്കില്‍ കയ്യില്‍ വരുന്ന പണം ജീവിക്കാന്‍ തികയാതെ വരും.

അറിഞ്ഞു ചെലവഴിക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

ബജറ്റിനനുസരിച്ച് ചെലവഴിക്കാം

ബജറ്റുണ്ടായിരിക്കുക എന്നതാണ് ചെലവഴിക്കലിനെ വരുതിയിലാക്കാന്‍ ആദ്യം വേണ്ടത്. ബജറ്റുണ്ടെങ്കില്‍ വരുമാനത്തെയും ചെലവഴിക്കലിനെയും കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കും. എവിടെയാണ് അമിത ചെലവഴിക്കല്‍ എന്ന് കണ്ടെത്താനും അത് നിയന്ത്രിക്കാനും സഹായിക്കും.

ബജറ്റില്‍ ദൈനം ദിന ചെലവുകള്‍, അത്യാവശ്യങ്ങള്‍, ആവശ്യങ്ങള്‍, കടം തിരിച്ചടവ്, നിക്ഷേപം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായി തുക നീക്കി വെയ്ക്കാം. ഇതുവരെ ചെയ്യാത്തവര്‍ക്ക് ആദ്യം ബജറ്റിനനുസരിച്ചുള്ള ജീവിതം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ മുന്നോട്ട് പോകുന്തോറും അത് എളുപ്പമാകും.

അനാവശ്യ ചെലവുകള്‍ കട്ട് ചെയ്യാം

ചെലവുകള്‍ എന്തൊക്കെയാണെന്ന് തരംതിരിക്കുമ്പോള്‍ അതില്‍ അനാവശ്യ ചെലവുകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാം. ഉദാഹരണത്തിന് ഒന്നിലധികം ഒടിടി അല്ലെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ സബസ്‌ക്രിപ്ഷന്‍ ഒഴിവാക്കാം. പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാം. കയ്യിലുണ്ടെങ്കിലും മികച്ച ബ്രാന്‍ഡിന്റെ ഉ്തപന്നങ്ങള്‍ വാങ്ങിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കാം.

പ്ലാന്‍ ചെയ്ത് പര്‍ച്ചേസ് ചെയ്യാം

ഷോപ്പിംഗിനു പോകും മുമ്പ് ഒരു ലിസ്റ്റ് തയ്യാറാക്കണം. എങ്കില്‍ കണ്ണില്‍ കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കാം. ഒരാഴ്ച്ചത്തേയ്‌ക്കോ, ഒരു മാസത്തെയ്‌ക്കോ കണക്കാക്കി വാങ്ങിയാല്‍ ദിവസേനയുള്ള ഷോപ്പിംഗും ഒഴിവാക്കാം.

വില താരതമ്യം ചെയ്യാം

എന്തെങ്കിലും വാങ്ങും മുമ്പ് വിവിധ ഷോപ്പുകളിലും ഓണ്‍ലൈനിലും അതിന്റെ വില താരതമ്യം ചെയ്യാം. അതിനൊപ്പം വിവിധ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും താരതമ്യം ചെയ്യണം. എങ്കിലേ നിങ്ങള്‍ക്ക് ആവശ്യമുള്ളത് നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങന്നത് വാങ്ങാന്‍ സാധിക്കൂ.

ലൈഫ് സ്റ്റൈല്‍ ഇന്‍ഫ്‌ളേഷന്‍ ഒഴിവാക്കാം

ശമ്പളമോ, വരുമാനമോ കൂടുന്നതിനനുസരിച്ച് ചെലവഴിക്കല്‍ കൂടുന്നുണ്ടെങ്കില്‍ അത് അത്ര നല്ല പ്രവണതയല്ലെന്ന് ഓര്‍ക്കുക. ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുക.

വലിയ ചെലവഴിക്കലിനു മുമ്പ് ചിന്തിക്കുക

വലിയ തുകകള്‍ ചെലവഴിക്കും മുമ്പ് ഈ ചെലവഴിക്കല്‍ ആവശ്യമാണോ അല്ലയോ എന്ന് ഒന്നിലധികം തവണ ആലോചിക്കുക. ഒറ്റത്തവണ ഉപയോഗത്തിനും മറ്റുമായുള്ള വസ്തുക്കളാണെങ്കില്‍ വാടകയ്ക്ക് കിട്ടുമോ എന്നോ ഉപയോഗിച്ച വസ്തുക്കള്‍ കിട്ടുമോയെന്നോ നോക്കാം. ഇങ്ങനെ ചെലവഴിക്കല്‍ കുറയ്ക്കാം.

ഡിസ്‌കൗണ്ടുകളുണ്ടോയെന്ന് നോക്കാം

മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഓഫര്‍ സെയിലുകള്‍, ഡിസ്‌കൗണ്ട് സെയിലുകള്‍ എന്നിവയുണ്ടാകും. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ഉണ്ടാകും അതുപയോഗിച്ച് വാങ്ങലുകള്‍ നടത്താം.

അടിയന്തര നിധി

ഭാവിയിലുണ്ടായേക്കാവുന്ന ചെലവുകള്‍ക്കായി ഒരു നിധി സ്വരൂപിക്കാം. ആശുപത്രി ചെലവുകള്‍, ശമ്പളമോ, വരുമാനമോ ഇല്ലാത്ത കാലത്തുള്ള ചെലവുകള്‍ എന്നിവയ്ക്കായി ഒരു തുക നീക്കിവെയ്ക്കാം. കാലക്രമേണ അത് ഒരു നിധിയായി മാറുകയും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകാരപ്പെടുകയും ചെയ്യും.